Articles

ചരിത്ര നിഷേധത്തിനു പിന്നില്‍ വര്‍ഗീയത മാത്രം

ചരിത്രത്തിലുടനീളം പഴയ പേരുകള്‍ക്ക് പുതിയ പേരുകള്‍ വന്നിട്ടുണ്ട്. ഞാന്‍ തിരുവനന്തപുരത്തുകാരനാണ്. തിരുവനന്തപുരത്ത് കേശവദാസപുരം എന്നൊരു സ്ഥലമുണ്ട്. അതിന്റെ പഴയ പേര് കട്ടച്ചക്കോണം എന്നാണ്. രാജാവ് കേശവദാസിന്റെ പേരില്‍ അതിനു പുതിയ

ചരിത്ര നിഷേധത്തിനു പിന്നില്‍ വര്‍ഗീയത മാത്രം
X

പ്രഫ. വി കാര്‍ത്തികേയന്‍ നായര്‍

(ചരിത്രകാരന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍)



ചരിത്രത്തിലുടനീളം പഴയ പേരുകള്‍ക്ക് പുതിയ പേരുകള്‍ വന്നിട്ടുണ്ട്. ഞാന്‍ തിരുവനന്തപുരത്തുകാരനാണ്. തിരുവനന്തപുരത്ത് കേശവദാസപുരം എന്നൊരു സ്ഥലമുണ്ട്. അതിന്റെ പഴയ പേര് കട്ടച്ചക്കോണം എന്നാണ്. രാജാവ് കേശവദാസിന്റെ പേരില്‍ അതിനു പുതിയപേര് കൊടുത്തതാണ്. അങ്ങനെയുള്ള പേര് മാറ്റങ്ങള്‍ പണ്ട് ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും പഴയ പല നഗരങ്ങളുടെയും പേര് മാറ്റുന്നത് ചരിത്രത്തിന്റെ വീക്ഷണം വച്ചുകൊണ്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും സദുദ്ദേശ്യംവച്ചുകൊണ്ടോ അല്ല. മാറ്റപ്പെടുന്ന പേരുകളുടെ പലതിന്റെയും മുമ്പിലോ പിന്നിലോ ഒരു ഇസ്‌ലാമിക പരാമര്‍ശമോ അല്ലെങ്കില്‍ ഇസ്‌ലാമികമായ മണമോ ഉണ്ട്. അത്തരം നഗരങ്ങളുടെ പേരാണ് മാറ്റിക്കൊണ്ടിരിക്കുന്നത്. അതു ചരിത്രത്തിന്റെ നിഷേധമാണ്. ഇസ്‌ലാമികമായ പേരോ ഹിന്ദുവിന്റെ പേരോ എന്നില്ല. ഹിന്ദു എന്നൊരു സാധനമില്ല എന്നാണ് ചരിത്ര വിദ്യാര്‍ഥികള്‍ പറയാറ്. ഉണ്ടായിരുന്നത് ബ്രാഹ്‌മണ മതമാണ്.

ഹിന്ദു എന്നുള്ള പദപ്രയോഗത്തിന്റെ മൂലം പാശ്ചാത്യ രാജ്യങ്ങളില്‍നിന്നു പ്രത്യേകിച്ച് തുര്‍ക്കി, പേര്‍ഷ്യന്‍ അധിനിവേശത്തിന്റെ ഫലമായിട്ട് വന്നതാണ്. സ്ഥലനാമങ്ങള്‍ ഉണ്ടാവുക ചിലപ്പോള്‍ രാജാക്കന്മാരുടെ ഓര്‍മയ്ക്കായിരിക്കാം, അല്ലെങ്കില്‍ പ്രധാനപ്പെട്ട സന്ന്യാസിയുടെ പേരിലായിരിക്കാം. ഇന്ത്യയില്‍ തന്നെ എത്രയോ സ്ഥലങ്ങള്‍ പുരാണ ഇതിഹാസങ്ങളുടെ നായകന്മാരുടെ പേരിലുണ്ട്. അതൊക്കെ മാറ്റി പുതിയ പേരാക്കേണ്ട കാര്യമുണ്ടോ? അതേപോലെ തന്നെ ഏഴെട്ടു നൂറ്റാണ്ടു കാലം ഇന്ത്യ ഭരിച്ചിരുന്ന ഒരു പ്രത്യേക മതവിഭാഗം, അതില്‍ ഭരണകര്‍ത്താക്കള്‍ മാത്രമേ മതവിഭാഗക്കാരായിട്ടുള്ളൂ. അന്നും ഇന്നും സാമാന്യ ജനങ്ങള്‍ സാമാന്യ ജനങ്ങള്‍ തന്നെയാണ്. കര്‍ഷകരായിരുന്നാലും കൈവേലക്കാരായിരുന്നാലും. അവരൊക്കെ വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെടുന്നവരാണ്. ഭരണകര്‍ത്താവിന്റെയോ ഭരണം നടത്തുന്ന വംശത്തിന്റെയോ മതം നോക്കിയിട്ടാണ് ഒരു രാജ്യത്തെ പേരിടുന്നതെങ്കില്‍ ഇന്ത്യയില്‍ അങ്ങനെ പേരിടാനേ പറ്റില്ല. കാരണം, ടിപ്പു സുല്‍ത്താന്റെ രാജ്യത്തില്‍ ഭൂരിപക്ഷം ഹിന്ദുക്കളായിരുന്നു. മുഗള സാമ്രാജ്യത്തിലും ഭൂരിപക്ഷം ഹിന്ദുക്കളായിരുന്നു, അമുസ്‌ലിംകളായിരുന്നു. ഹിന്ദു എന്ന് ഇന്നു പറയുന്ന ത്രൈവര്‍ണിക സവര്‍ണ വിഭാഗത്തില്‍പ്പെടുന്നവരുമല്ല. ബ്രാഹ്‌മണ, വൈഷ്ണവ, ശൈവ, ശാക്തേയ വിഭാഗത്തില്‍പ്പെടുന്നവരുമല്ല. കേരളത്തില്‍ ശ്രീനാരായണന്‍ പറഞ്ഞതുപോലെ കാളീ കൂളി ദൈവങ്ങളെന്നു പിന്നീട് അധിക്ഷേപിക്കപ്പെട്ടവരാണ്. ചാത്തനും കാളനും മറുതയുമൊക്കെ കേരളത്തില്‍ ഉള്ളതുപോലെ ഉത്തരേന്ത്യയില്‍ ഒരുപാട് ഒരുപാട് കൊച്ചുകൊച്ചു ദേവന്മാരുണ്ട്. അവരെയൊക്കെ ആരാധിക്കുന്ന ജനവിഭാഗമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. മുഗള സാമ്രാജ്യത്തെയും അതിനു മുമ്പത്തെ തുര്‍ക്കി സാമ്രാജ്യത്തെയും നിലനിര്‍ത്തിയിരുന്ന ഭൂവുടമകള്‍ ആരായിരുന്നു? മുസ്‌ലിംകളായിരുന്നില്ലല്ലോ. രാജീവ് ജാരി, ജോപേദാരി, മഹല്‍വാരി, സമീന്‍ദാരി എന്നൊക്കെ പറയുന്ന ഉടമസ്ഥരില്‍ ആ ഭൂമി കൈകാര്യം ചെയ്തവരില്‍, ഉടമസ്ഥരില്‍ മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല. ഹിന്ദുക്കള്‍ എന്നുവച്ചാല്‍ അമുസ്‌ലിംകളായ ആളുകളുമുണ്ടായിരുന്നു. പക്ഷേ, ഭരണകര്‍ത്താവിന്റെ ജാതിയും മതവും നോക്കിയിട്ടാണ് പേരിട്ടത്. ഈ പേരിടല്‍ കര്‍മം ബ്രിട്ടിഷുകാരുടെ കാലത്ത് തുടങ്ങിയതാണ്. അതിനു മുമ്പ് മുഗള്‍ ഇന്ത്യ എന്നൊരു ഇന്ത്യയില്ല. മുഗള്‍ ഇന്ത്യ എന്ന പേരുവരുന്നത് 1817ല്‍ ജയിംസ് മില്ല് 'ദ ഹിസ്റ്ററി ഓഫ് ബ്രിട്ടിഷ് ഇന്ത്യ' എന്നൊരു പുസ്തകം എഴുതിയപ്പോഴാണ്. ആ പുസ്തകം മൂന്നു ഭാഗമുണ്ട്. ആദ്യഭാഗത്തെ ഹിന്ദു എന്നയാള്‍ വിളിച്ചു. രണ്ടാം ഭാഗത്തെ മുസ്‌ലിമെന്നു വിളിച്ചു. രണ്ടെണ്ണത്തിന്റെയും പേരിട്ടതിന്റെ കാരണമെന്താണ്? അതിന്റെ നിമിത്തം എന്നുപറയുന്നത് മുസ്‌ലിംകള്‍ ഇന്ത്യയിലേക്കു വരുന്നതിനു മുമ്പത്തെ കാലഘട്ടത്തെ ബ്രിട്ടിഷുകാര്‍ ഹിന്ദു എന്നു വിളിച്ചു. മുസ്്‌ലിംകള്‍ വന്നതിനു ശേഷം ആ കാലഘട്ടത്തെ മുസ്‌ലിംകള്‍ എന്നു വിളിച്ചു. ഇതു രണ്ടുമാണ് പേരിടലിന്റെ കാരണമെങ്കില്‍ ബ്രിട്ടിഷുകാര്‍ വന്നപ്പോള്‍ അവരുടെ ഭരണത്തെ പേരിടേണ്ടത് എന്തായിരുന്നു? ക്രൈസ്തവ കാലഘട്ടം എന്നല്ലേ പേരിടേണ്ടത്? അങ്ങനെയല്ല, അവര്‍ പേരിട്ടത്. അവര്‍ ബ്രിട്ടിഷ് എന്നു പേരിട്ടു. അപ്പോള്‍ അവരുടെ ഉദ്ദേശ്യം ദുരുദ്ദേശ്യപരമാണ്, സദുദ്ദേശ്യപരമല്ല. ജനങ്ങളില്‍ പ്രത്യേകിച്ച് ഉപരിവര്‍ഗത്തില്‍പ്പെടുന്നവരില്‍ മതവൈരുധ്യമുണ്ടാക്കി സാമാന്യ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനു വേണ്ടിയാണ് ബ്രിട്ടിഷുകാര്‍ ആ പേരിട്ടത്. അതിപ്പോഴും തുടരുന്നു.

ബ്രിട്ടിഷുകാരുടെ ചരിത്രനിര്‍മിതിയുടെ ശവമാണ് അല്ലെങ്കില്‍ പ്രേതബാധയാണ് ഇന്ന് ഇത്തരം നാമകരണ കര്‍മത്തിലൂടെ ആള്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഭൂരിപക്ഷം ജനങ്ങളും ഇന്ത്യയില്‍ മുസ്‌ലിംകളല്ല. ഹിന്ദുക്കളുമല്ല. ഹിന്ദുവായിരുന്നെങ്കില്‍ അംബേദ്കര്‍ 54ല്‍ മരിക്കുന്നതിനു മുമ്പ് ബുദ്ധമതം സ്വീകരിക്കുമായിരുന്നോ? ഇല്ലല്ലോ. അപ്പോള്‍ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളെ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യാനിയെന്നോ വിളിക്കാന്‍ പറ്റില്ല. ഒന്നിലും പെടാത്ത പാവപ്പെട്ടവരാണ്. ഇന്ത്യയിലെ ജാതി എന്നു പറയുന്നത്, നാലായിരത്തിലധികം ജാതികളാണ്, ഉപജാതികളുമായിട്ട്. എന്നാണ് ഇവര്‍ക്ക് ഹിന്ദു എന്ന പേര് വന്നത്? അത് സെന്‍സസ് തുടങ്ങുമ്പോഴാണ്. 1911ലെ സെന്‍സസ് തൊട്ടാണ് ബ്രിട്ടിഷുകാര്‍ ഈ പദപ്രയോഗം കൊണ്ടുവന്നത്. എല്ലാ ജാതികളെയും ഹിന്ദുവില്‍പ്പെടുത്തി.

കേരളത്തിന്റെ അനുഭവം വച്ചുനോക്കിയാല്‍ ഈഴവര്‍ ഹിന്ദുക്കളായിരുന്നോ? ഹിന്ദുവായിരുന്നെങ്കില്‍ അവര്‍ക്ക് ഹിന്ദുവിന്റെ ക്ഷേത്രത്തില്‍ പ്രവേശനം കിട്ടുമായിരുന്നില്ലേ? കിട്ടാത്തതുകൊണ്ടാണല്ലോ ഗുരു 1888ല്‍ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുന്നത്. അവര്‍ ഹിന്ദുക്കളായിരുന്നെങ്കില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുമായിരുന്നില്ലേ? അതിനെതിരേയല്ലേ കേളപ്പന്‍ അവിടെ നിരാഹാരം ആരംഭിക്കുന്നത്. ഇവരെല്ലാം ഹിന്ദുക്കളായിരുന്നെങ്കില്‍ വൈക്കം ക്ഷേത്രത്തിന്റെ ചുറ്റും നടക്കാനുള്ള അനുവാദം കിട്ടില്ലായിരുന്നോ? അതുകൊണ്ടാണല്ലോ വൈക്കം സത്യഗ്രഹം തുടങ്ങുന്നത്. പിന്നീട് പാലിയം സത്യഗ്രഹം തുടങ്ങുന്നത്. അപ്പോള്‍ ഹിന്ദു എന്ന പരിഗണന അവര്‍ക്ക് ഇല്ലായിരുന്നു. ഇവര്‍ക്കെല്ലാം ഹിന്ദു എന്ന പരിഗണന വന്നത് 1950ല്‍ ഭരണഘടന നിലവില്‍വന്നതിനു ശേഷം ഒരാളിന് ഒരു വോട്ട് എന്ന തത്ത്വം വന്നപ്പോഴാണ്. അപ്പോള്‍ എല്ലാവര്‍ക്കും തുല്യത വന്നു. ദലിതനും ചണ്ഡാലനും ബ്രാഹ്‌മണനും ഒക്കെ ഒറ്റ വോട്ടേ ഉള്ളൂ. തല എണ്ണിവരുമ്പോള്‍ എല്ലാവരുടെയും തല നമുക്കു വേണം, അവിടെ ജാതിയും മതവും നോക്കിയിട്ടില്ല, ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിനാണ് പ്രാധാന്യം. അതുകൊണ്ടു ഭൂരിപക്ഷം ആള്‍ക്കാരെയും ഇന്നലെ വരെ നിഷേധിക്കപ്പെട്ട ഒരു പേര് ഹിന്ദുവെന്നുള്ള പേര് കൊടുത്ത് അവതരിപ്പിക്കുന്നതിനു വേണ്ടിയിട്ടാണ് ഇതെല്ലാം ചെയ്തത്. ഉദ്ദേശ്യം ഭരണം നിലനിര്‍ത്തുക എന്നതുമാത്രമാണ്. രാഷ്ട്രീയമാണ് ഉദ്ദേശ്യം. ഇതു ചരിത്രത്തിന്റെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്‌കാരത്തിന്റെയോ സൂചനയൊന്നുമല്ല. ഇതു ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തു രാഷ്ട്രീയ അധികാരം രുചിക്കുന്നതിനുള്ള ഒരു എളുപ്പവഴി എന്ന നിലയ്ക്കാണ്. സംഗതി വര്‍ഗീയതയാണ്. ജാതി, മതം, സംസ്‌കാരം തുടങ്ങിയവ ഉപയോഗപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയാധികാരം പിടിക്കാന്‍ ശ്രമിക്കുന്നതിനെയാണ് വര്‍ഗീയത, കമ്മ്യൂണലിസം എന്നുപറയുന്നത്. ആ കമ്മ്യൂണലിസത്തിനെതിരേയാണ് ഇന്ത്യയില്‍ ദേശീയത വളര്‍ന്നത്. ആ ദേശീയതയില്‍ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്, എല്ലാ ഭാഷ സംസാരിക്കുന്നവരുമുണ്ട്, എല്ലാ മതവിശ്വാസികളുമുണ്ട്. അപ്പോള്‍ കമ്മ്യൂണലിസത്തിനെതിരേ ദേശീയതയാണ് പരിഹാരമാര്‍ഗം. ഇന്ന് ഇപ്പോള്‍ കാണിക്കുന്നത് ചരിത്രത്തെയും ജാതിയെയും മതത്തെയും ദുര്‍വ്യാഖ്യാനം ചെയ്യുക എന്നതാണ്. ഒരു കാലഘട്ടം ഹിന്ദുവിന്റെതായിരുന്നു, ആ കാലഘട്ടം സുവര്‍ണ യുഗമായിരുന്നു. ആ സുവര്‍ണ യുഗം നഷ്ടപ്പെട്ടുപോയത് ഇസ്‌ലാമിക ആക്രമണകാരികളുടെ ഫലമായിട്ടാണ് എന്നൊക്കെ വരുത്തിത്തീര്‍ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ നാമകരണത്തിന്, പുതിയ പേരുമാറ്റത്തിനു യാതൊരു അര്‍ഥവുമില്ല, അതു ദുരുദ്ദേശ്യപരമാണ്.

-------------------------

ബ്രിട്ടിഷുകാരുടെ ചരിത്രനിര്‍മിതിയുടെ ശവമാണ് അല്ലെങ്കില്‍ പ്രേതബാധയാണ് ഇന്ന് ഇത്തരം നാമകരണ കര്‍മത്തിലൂടെ ആള്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഭൂരിപക്ഷം ജനങ്ങളും ഇന്ത്യയില്‍ മുസ്‌ലിംകളല്ല. ഹിന്ദുക്കളുമല്ല. ഹിന്ദുവായിരുന്നെങ്കില്‍ അംബേദ്കര്‍ 54ല്‍ മരിക്കുന്നതിനു മുമ്പ് ബുദ്ധമതം സ്വീകരിക്കുമായിരുന്നോ? ഇല്ലല്ലോ. അപ്പോള്‍ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളെ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യാനിയെന്നോ വിളിക്കാന്‍ പറ്റില്ല. ഒന്നിലും പെടാത്ത പാവപ്പെട്ടവരാണ്. ഇന്ത്യയിലെ ജാതി എന്നു പറയുന്നത്, നാലായിരത്തിലധികം ജാതികളാണ്, ഉപജാതികളുമായിട്ട്. എന്നാണ് ഇവര്‍ക്ക് ഹിന്ദു എന്ന പേര് വന്നത്? അത് സെന്‍സസ് തുടങ്ങുമ്പോഴാണ്. 1911ലെ സെന്‍സസ് തൊട്ടാണ് ബ്രിട്ടിഷുകാര്‍ ഈ പദപ്രയോഗം കൊണ്ടുവന്നത്. എല്ലാ ജാതികളെയും ഹിന്ദുവില്‍പ്പെടുത്തി.

ഉദ്ദേശ്യം ഭരണം നിലനിര്‍ത്തുക എന്നതുമാത്രമാണ്. രാഷ്ട്രീയമാണ് ഉദ്ദേശ്യം. ഇതു ചരിത്രത്തിന്റെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്‌കാരത്തിന്റെയോ സൂചനയൊന്നുമല്ല. ഇതു ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തു രാഷ്ട്രീയ അധികാരം രുചിക്കുന്നതിനുള്ള ഒരു എളുപ്പവഴി എന്ന നിലയ്ക്കാണ്. സംഗതി വര്‍ഗീയതയാണ്. ജാതി, മതം, സംസ്‌കാരം തുടങ്ങിയവ ഉപയോഗപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയാധികാരം പിടിക്കാന്‍ ശ്രമിക്കുന്നതിനെയാണ് വര്‍ഗീയത, കമ്മ്യൂണലിസം എന്നുപറയുന്നത്.

Next Story

RELATED STORIES

Share it