Articles

കൊവിഡ് ടെസ്റ്റുകളും ഭേദഗതികളും

അണുബാധയും (INFECTION) രോഗബാധയും (DISEASE) ഒന്നല്ല ; രണ്ടും വേര്‍തിരിച്ച് മനസ്സിലാക്കണം. കൊറോണ വൈറസിന്റെ മറ്റൊരു രൂപമായ കൊവിഡ് -19 വൈറസ് അണുബാധയും കൊവിഡ് - 19 രോഗബാധയും ഒന്നല്ല

കൊവിഡ് ടെസ്റ്റുകളും ഭേദഗതികളും
X

ഡോ.അലി അശ്‌റഫ്, തിരൂര്‍

ശാസ്ത്ര പ്രഖ്യാപനങ്ങള്‍ ഭേദഗതിക്ക് വിധേയമാണെന്ന പ്രത്യേകതയാണ് ശാസ്ത്ര പ്രഖ്യാപനങ്ങളെ വേദപ്രഖ്യാപനങ്ങളില്‍ നിന്ന് മുഖ്യമായും വ്യതിരിക്തമാക്കുന്നത്. ആരോഗ്യ ശാസ്ത്രവും മാറിക്കൊണ്ടേയിരിക്കുന്ന ശാസ്ത്രമാണ്. ''MEDICINE IS AN EVER CHANGING SCIENCE''ഏത് സമയത്തും എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും മാറാനിടയുള്ളതാണ് ആരോഗ്യ ശാസ്ത്ര പ്രഖ്യാപനങ്ങള്‍. ഭേദഗതിക്ക് സാധ്യതയുള്ള, സുസ്ഥിരത അവകാശപ്പെടാന്‍ കഴിയാത്ത ആരോഗ്യ ശാസ്ത്ര പ്രഖ്യാപനങ്ങള്‍ ലാത്തിയൊ തോക്കോ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ സമൂഹത്തില്‍ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ നീതീകരിക്കാന്‍ കഴിയാത്ത പൗരാവകാശ - മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തും.

അണുബാധയും (INFECTION) രോഗബാധയും (DISEASE) ഒന്നല്ല ; രണ്ടും വേര്‍തിരിച്ച് മനസ്സിലാക്കണം. കൊറോണ വൈറസിന്റെ മറ്റൊരു രൂപമായ കൊവിഡ് -19 വൈറസ് അണുബാധയും കൊവിഡ് - 19 രോഗബാധയും ഒന്നല്ല എന്ന വസ്തുത പലര്‍ക്കും അറിയില്ല. മറ്റു സാംക്രമിക അണുബാധകള്‍ പോലെ, വൈറസ് സമൂഹ വ്യാപന വേളയില്‍ സമൂഹ ടെസ്റ്റുകള്‍ (SOCIAL SCREENING TESTS) നല്‍കുന്ന പോസിറ്റീവ് റിസള്‍ട്ടുകള്‍ മിക്കതും രോഗബാധ അല്ല, മറിച്ച്, അണുബാധയാണ് സൂചിപ്പിക്കുന്നത്. കൊറോണ - കൊവിഡ് അണുബാധ മിക്കതും യാതൊരു ലക്ഷണവും പ്രകടിപ്പിക്കാതെ ''വന്നുപോവുന്ന'' അണുബാധയും രോഗബാധ മിക്കതും നിസ്സാരവും നിര്‍ദോഷവുമായിരിക്കും.

ലോകത്തെവിടെയോ ഒരിടത്ത് കൊവിഡ് സമൂഹപരിശോധന ടെസ്റ്റുകള്‍ ഒരു ലക്ഷത്തിലേക്ക് ഉയര്‍ത്തേണ്ട സമയത്ത് പതിനായിരത്തിലേക്ക് താഴ്ന്നു പോയി എന്നൊരു വാര്‍ത്ത കണ്ടിരുന്നു. ഇതേ പോലെ, രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് കൊവിഡ് ടെസ്റ്റുകള്‍ നടത്തേണ്ടതില്ല എന്നൊരു നിര്‍ദ്ദേശം US-CDC കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. രോഗനിയന്ത്രണ -പ്രതിരോധ രംഗത്ത് ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന അമേരിക്കയിലെ CENTRE FOR DISEASE CONTROL & PREVENTION - CDC യുടെ ഈ നിര്‍ദ്ദേശം അമേരിക്കയിലെ ഭരണ - പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ വന്‍പ്രതിഷേധമാണ് ഉയര്‍ത്തിയത് !.

കൊവിഡ് രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ കൊവിഡിന്റെയും ബഹളങ്ങള്‍ക്കിടയില്‍ US-CDC പുറത്തു വിട്ട വിദഗ്ദ നിര്‍ദ്ദേശത്തിലെ ശാസ്ത്രീയ വസ്തുതകള്‍ ആഴത്തില്‍ മറമാടപ്പെടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കൊവിഡ് രാഷ്ട്രീയവും, രാഷ്ട്രീയ കൊവിഡും അന്തരീക്ഷത്തിലൊ ചക്രവാളത്തിലൊ പ്രത്യക്ഷമല്ലാതിരുന്ന തെളിഞ്ഞ കാലത്ത് രചിക്കപ്പെട്ട് കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടുന്ന അനേകം പതിപ്പുകളിലൂടെ ഇന്നും നിലനിന്നു പോരുന്ന മെഡിക്കല്‍ ഗ്രന്ഥങ്ങളില്‍ കൊറോണ വൈറസ് രോഗത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമുക്കൊന്ന് കണ്ണോടിക്കാം.

''അസുഖത്തിന്റെ നിസ്സാര പ്രകൃതവും ഹൃസ്വമായ കാലയളവും മൂലം കൊറോണ വൈറസ് രോഗം പിടിപെട്ടാല്‍ ഡോക്ടറുടെ പരിശോധനയ്ക്ക് (CLINICAL EXAMINATION) പുറമെ കൊറോണ വൈറസ് അണുബാധ ഉറപ്പ് വരുത്താനുള്ള രോഗനിര്‍ണ്ണയ (DIAGNOSTIC) ടെസ്റ്റുകള്‍ സാധാരണ നിലയ്ക്ക് ആവശ്യമില്ല''. '' ശ്വസന വ്യവസ്ഥയിലെ തൊണ്ട, മൂക്ക്, ശ്വസനനാളി മുതലായ ഭാഗങ്ങളെ ബാധിക്കുന്ന വൈറസ് രോഗങ്ങള്‍ മിക്കതും വളരെ പെട്ടെന്ന് ഭേദമാകുന്നവയാണ്. ഇത്തരം രോഗങ്ങളില്‍ സവിശേഷ ടെസ്റ്റുകള്‍ (SPECIFIC INVESTIGATIONS) അതികഠിനമായ (MORE SEVERE) രോഗാവസ്ഥയില്‍ മാത്രമാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.'' അന്താരാഷ്ട്ര തലത്തില്‍, ഒട്ടുമിക്ക രാഷ്ട്രങ്ങളിലും റഫറന്‍സ് ഗ്രന്ഥങ്ങളായി ഉപയോഗിച്ചു വരുന്ന മെഡിക്കല്‍ ഗ്രന്ഥങ്ങളില്‍ കൊറോണ വൈറസ് രോഗത്തെക്കുറിച്ച് രേഖപ്പെടുത്തിയ കാര്യങ്ങളാണ് ഇവിടെ കുറിച്ചത്.

ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന മിക്ക വൈറസ് രോഗങ്ങളും പോലെ, കോറോണ വൈറസും അതിന്റെ വിവിധയിനങ്ങളും ഉണ്ടാക്കുന്ന അസുഖങ്ങള്‍ ഒ.പി. വിഭാഗം ചികിത്സയിലൂടെ സുഖപ്പെടുത്താനാവുമെങ്കിലും ജലദോഷമോ പനിയോ അനുബന്ധ ലക്ഷണങ്ങളുമായോ പ്രത്യക്ഷപ്പെടുന്ന ഈ നിസാര നിര്‍ദോഷ വൈറസ് രോഗങ്ങള്‍ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മറ്റു പല രോഗങ്ങളും പോലെ അതി കഠിനമായ അവസ്ഥയിലേക്ക് രൂപാന്തരപ്പെട്ട് തീവ്രപരിചരണം ആവശ്യമുള്ള രോഗങ്ങളായി മാറാനുള്ള ലക്ഷണങ്ങളും സാധ്യതകളും കൂടി മുന്‍കൂട്ടി കണക്കിലെടുത്ത് നിരീക്ഷണ വിധേയമാക്കിക്കൊണ്ടാണ് രോഗീപരിചരണവും ചികിത്സയും സാധ്യമാക്കുന്നത്.

ഡോ.അലി അശ്‌റഫ് :

ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വെലന്‍സ് പ്രോജക്റ്റ് (IDSP) ന് കീഴില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ ലേഖകന്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ (IC) വിഭാഗം മെഡിക്കല്‍ ഓഫീസറും കണ്‍വീനറുമായിരുന്നു

Next Story

RELATED STORIES

Share it