Videos

നവീകരിച്ച തേജസ് ന്യൂസ് വെബ് പോര്‍ട്ടലിന് സമാരംഭം

തേജസ് ദിനപത്രത്തെ പരസ്യനിഷേധത്തിലൂടെയും മറ്റും ഉപദ്രവിച്ച് പൂട്ടിക്കുന്നതുപോലെ തങ്ങളുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങാതെ സത്യം വിളിച്ചുപറയുന്ന മാധ്യമസ്ഥാപനങ്ങളെ നശിപ്പിക്കാന്‍ കേന്ദ്രതലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

X

കോഴിക്കോട്: തേജസ് ന്യൂസ് വെബ്‌പോര്‍ട്ടലിന് സമാരംഭം. കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ എന്‍ പി രാജേന്ദ്രനാണ് ലോഞ്ചിങ് കര്‍മം നിര്‍വഹിച്ചത്. സ്വതന്ത്ര മാധ്യമങ്ങളെ ഇല്ലാതാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തേജസ് ദിനപത്രത്തെ പരസ്യനിഷേധത്തിലൂടെയും മറ്റും ഉപദ്രവിച്ച് പൂട്ടിക്കുന്നതുപോലെ തങ്ങളുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങാതെ സത്യം വിളിച്ചുപറയുന്ന മാധ്യമസ്ഥാപനങ്ങളെ നശിപ്പിക്കാന്‍ കേന്ദ്രതലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

ഭരണകൂടത്തിന്റെ ഈ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്ക് അച്ചടിമാധ്യമങ്ങള്‍ മാത്രമല്ല വിധേയമാവുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു മേലും ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. തേജസ് ദിനപത്രത്തെ കേരള പോലിസ് തലപ്പത്തെ ഉന്നതനാണ് പൂട്ടിക്കാന്‍ പരിശ്രമിച്ചത്. പോലിസുകാര്‍ ഭരണകൂട താല്‍പര്യങ്ങള്‍ പോലും മറികടന്ന് സ്വന്തം അജണ്ടകള്‍ നടപ്പാക്കുന്നുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. തേജസ് ദിനപത്രത്തെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ പോലിസ് നടത്തിയ പ്രവൃത്തികള്‍ ഇവിടെ യഥാര്‍ഥത്തില്‍ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കളാണോ പോലിസ് ഉന്നത ഉദ്യോഗസ്ഥരാണോ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന സംശയം ഉയര്‍ത്തുന്നു.

വെബ്‌പോര്‍ട്ടല്‍ നടത്തിക്കൊണ്ടുപോകുന്നതും നല്ല സാമ്പത്തിക വെല്ലുവിളിയാണ്. ജനപിന്തുണയോടെയേ പോര്‍ട്ടല്‍ വിജയിപ്പിക്കാനാവൂ. തേജസ് ദിനപത്രത്തിന്റെ തുടക്കം മുതല്‍ അതിന്റെ ഓരോ ഘട്ടവും നന്നായി നിരീക്ഷിച്ചിരുന്നു. അതേ ഗ്രൂപ്പില്‍ നിന്നു പുതിയൊരു മാധ്യമസംരംഭം ഉണ്ടായിവരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും രാജേന്ദ്രന്‍ പറഞ്ഞു.

തേജസ് ദിനപത്രം മാനേജിങ് എഡിറ്റര്‍ പ്രഫ. പി കോയ അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, തേജസ് ദിനപത്രം ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ ഗോപാല്‍ മേനോന്‍, തേജസ് ദിനപത്രം എഡിറ്റര്‍ കെ എച്ച് നാസര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി എ എം ഹാരിസ്, തേജസ് ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗം ബി നൗഷാദ് സംസാരിച്ചു.




Next Story

RELATED STORIES

Share it