തെലങ്കാന: രാജ്ഭവന് മുന്നില്‍ ആത്മഹത്യാശ്രമം

ഹൈദരാബാദ്: യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിനു മുമ്പ് തെലങ്കാന സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് രാജ്ഭവന് മുമ്പില്‍ യുവാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. നല്‍ഗോണ്ട ജില്ലക്കാരനായ ഈശ്വര്‍ (28) എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. തനിക്ക് ജോലിയില്ലാത്തതു കൊണ്ടാണ് ആത്മഹത്യയ്ക്ക് മുതിര്‍ന്നതെന്ന് യുവാവ് പറഞ്ഞതായി പോലിസ് വ്യക്തമാക്കി.2019 മേയ് വരെ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി സര്‍ക്കാരിനു കാലാവധിയുണ്ട്. അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍, കാലാവധിക്കു മുമ്പ് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് ചില പ്രഖ്യാപനങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. ഈ അനുകൂല സാഹചര്യത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി നേരത്തേ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

RELATED STORIES

Share it
Top