Travel Expo

ബനാറസിലെ ധന്യമായ പുഞ്ചിരി

സ്‌നേഹപൂര്‍വം എന്നെ അകത്തേക്കു ക്ഷണിച്ചു. കേരളത്തില്‍ നിന്ന് വന്നതാണെന്നും വരാണസിയിലെത്തിയപ്പോള്‍ വെറുതെ ഒന്ന് ഇവിടേക്ക് വരാമെന്ന് കരുതിയെന്നും പറഞ്ഞു. മനുഷ്യര്‍ തമ്മില്‍ കാണുന്നതും പരിചയപ്പെടുന്നതും സന്തോഷമല്ലെയെന്നു പറഞ്ഞ് എന്നെ സ്വീകരിച്ചയാള്‍ താന്‍ ഉസ്താദിന്റെ ബന്ധുവണെന്നും പേര് അലിയെന്നും പരിചയപ്പെടുത്തി.

ബനാറസിലെ ധന്യമായ പുഞ്ചിരി
X

റാഷിദ് പനവൂർ

കണ്ടക്ടര്‍ തട്ടിവിളിച്ച് സ്റ്റാന്റെത്തി ഇറങ്ങിക്കോളൂ എന്നു പറഞ്ഞപ്പോഴാണ് കണ്ണു തുറന്നത്. ദീര്‍ഘനേരത്തെ യാത്രയുടെ ക്ഷീണത്തില്‍ എപ്പോഴോ ഉറക്കത്തിലേക്ക് വീണതാണ്. പെട്ടെന്നു ബാഗുമെടുത്തു ബസ്സിറങ്ങി. ആകെ ഒരു കിളിപോയ അവസ്ഥ. നല്ല തലവേദനയുമുണ്ട്. സ്റ്റാന്റില്‍ നിന്നു പുറത്തിറങ്ങി ഒരു ഓട്ടോറിക്ഷക്കാരനോട് കാശിവിശ്വനാഥ ക്ഷേത്രത്തിലേക്കു പോണമെന്നു പറഞ്ഞു. അയാളൊന്നും മിണ്ടാതെ കയറിക്കോളാന്‍ ആംഗ്യം കാണിച്ചു. ഇയാളെന്താ ഇങ്ങനെയെന്നു മനസ്സില്‍ കരുതി ഓട്ടോയില്‍ കയറി. മൂപ്പരെന്തെങ്കിലും സംസാരിച്ചു കിട്ടാന്‍ ഞാനിങ്ങനെ കാത്തിരുന്നു. സാധാരണ ഓട്ടോ ഡ്രൈവര്‍മാര്‍ എന്തെങ്കിലുമൊക്കെ ചോദിക്കലാണല്ലോ പതിവ്. ആളെന്തോ പിറുപിറുക്കുന്നുണ്ട്. ആരോടോ കലിപ്പിലാണെന്ന് മനസ്സിലായി. ഏതാണ്ട് രണ്ടു കിലോമീറ്റര്‍ കഴിഞ്ഞ് ഞാന്‍ ഇറങ്ങി. കാഷ് കൊടുത്തു നടക്കാനൊരുങ്ങിയപ്പോള്‍ ക്ഷേത്രം എത്തിയില്ലാന്നു പറഞ്ഞു. ഇതുവരെ മതി ഭയ്യാ സന്തോഷമെന്ന് പറഞ്ഞു മുന്നോട്ടു നടന്നു.

 ദാൽമണ്ടി ​ഗല്ലി


ദാൽമണ്ടി ​ഗല്ലി

വാരണാസി, തിരക്കുപിടിച്ച നഗരം. മാര്‍ച്ച് 17ന് രാത്രി എട്ടോടെയാണ് ഇവിടെ എത്തിയത്. നിയന്ത്രണമില്ലാതെ വാഹനങ്ങളുടെ പാച്ചിലാണ്. സൈക്കിള്‍ റിക്ഷകളും ഉന്തുവണ്ടി കച്ചവടക്കാരും അങ്ങനെ തിരക്കോട് തിരക്ക്. കുറച്ച് ശാന്തത ഇഷ്ടപെടുന്നവര്‍ക്ക് ആദ്യം അസ്വസ്ഥത തോന്നുമെങ്കിലും പതിയെ നമ്മളും ഈ നഗരത്തിന്റെ ഭാഗമായി മാറും. വാരണാസി ഹോളി ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. തെരുവ് നിറയെ കച്ചവടക്കാരാണ്. വർണപൊടികളും പഴങ്ങളും കുപ്പിവളകളും, റോഡിനിരുവശത്തെ കടകളിലും തിരക്കും ബഹളവും... ഇതിനിടയില്‍ കൂകിവിളിച്ച് കുട്ടിക്കച്ചവടക്കാരും. പതിയെ ഞാനും ആ നഗരത്തിന്റെ ഭാഗമായി.

വാരണാസിയില്‍ എത്തുമ്പോള്‍ തന്നെ ഉസ്താദ് ബിസ്മില്ലാ ഖാന്റെ വീട്ടിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഉസ്താദിന്റെ ജീവിതവും സംഗീതവും ചേര്‍ത്തു വായിക്കുമ്പോഴാണ് വാരണാസി കൂടുതല്‍ അനുഭവവേദ്യമാവുന്നത്. അദ്ദേഹത്തിൻ്റെ അമ്മാവനും ഗുരുവുമായ അലി ബക്ഷ് വിലായത്ത് മിയാനി കാലങ്ങളോളം കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഷഹ്നായ് വായിച്ചിരുന്നു. പിതാവ് ഷഹ്നായി വാദകനായിരുന്നെങ്കിലും അമ്മാവനൊപ്പം കൂടി ആറാം വയസ്സു മുതൽ തുടങ്ങിയ സംഗീത സപര്യ ജീവിതാവസാനം വരെ തുടർന്നു. ബനാറസിൻ്റെ പല സന്ധ്യകളും നേർത്തുവന്നിരുന്നത് ഉസ്താദിൻ്റെ നാദതരംഗങ്ങൾക്കൊപ്പമായിരുന്നു. 2006 ഒാഗസ്റ്റ് 21ന് വരണാസിയിലെ കർബല ജുമാമസ്ജിദിൻ്റെ ഖബർസ്ഥാനിലേക്ക് യാത്രയാവുന്നതുവരെ ബനാറസിൻ്റെ രാഗാർഥമായ സാനിധ്യമായിരുന്നു.

കുറച്ചു ദൂരം നടന്ന ഞാൻ മരച്ചുവട്ടില്‍ ഒരപ്പൂപ്പന്‍ ചായവില്‍ക്കുന്നത് കണ്ടു. അദ്ദേഹത്തിനരികെ പോയി ചായ കുടിക്കുന്നതിനിടെ വെറുതെ മിണ്ടാന്‍ ശ്രമിച്ചു. അപ്പൂപ്പനോട് ബിസ്മില്ലാ ഖാനെക്കുറിച്ച് ചോദിച്ചു. ഒന്നു രണ്ടു പല്ലുകള്‍ മാത്രം ശേഷിക്കുന്ന മോണകാട്ടി ചിരിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു തുടങ്ങി. പറയുന്നത് പൂര്‍ണമായും മനസ്സിലായില്ലെങ്കിലും അതങ്ങനെ കണ്ടും കേട്ടും നില്‍ക്കാനൊരു സുഖം തോന്നി. ദാല്‍ മണ്ടിക്കടുത്താണ് ഉസ്താദിന്റെ വീടെന്ന് അപ്പൂപ്പന്‍ പറഞ്ഞതില്‍ നിന്നു മനസ്സിലായി. ദാല്‍മണ്ടി നഗരത്തിലെ ഗല്ലികളിലൊന്നിലെ തിരക്കു പിടിച്ച മാര്‍ക്കറ്റാണ്. കുറച്ചൂടെ മുന്നിലേക്കു നടന്നാല്‍ ദാല്‍മണ്ടിയാവും. യാത്രയുടെ ക്ഷീണവും മണാലിയില്‍ വച്ച് ചെറുതായൊന്നു വീണതിന്റെ വേദന വിടാതെ പിന്തുടര്‍ന്നതും മുതുകത്ത് തൂങ്ങുന്ന ബാഗും എന്നെ അലട്ടിതുടങ്ങി. ദാല്‍മണ്ടിക്ക് സമീപം ഒരു റൂമെടുത്തു. ഫ്രഷ് ആയി ഒന്നു കിടന്നു. തൊട്ടടുത്ത മസ്ജിദില്‍ നിന്നുള്ള സുബ്ഹി ബാങ്ക് കേട്ടപ്പോഴാണ് കണ്ണു തുറന്നത്. പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞ് നേരെ ഗംഗാ തീരത്തേക്കു നടന്നു. റൂമില്‍ നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെയുള്ള ദശാശ്വമേധ ഘട്ടിലാണ് എത്തിയത്. ആറു കിലോമീറ്ററിലധികം ഗംഗയിലേക്ക് ഇറക്കി കെട്ടിയിരിക്കുന്ന കല്‍പടവുകളെയാണ് ഘട്ടുകളെന്ന് പറയുന്നത്.എന്‍പത്തി നാലോളം ഘട്ടുകളാണുള്ളത്. എല്ലാ ഘട്ടിലേക്കും നമുക്ക് നടന്നെത്താം.

ആരതി ഉഴിച്ചിൽ

ആരതി ഉഴിച്ചിൽ

ദശാശ്വമേധ ഘട്ടിലാണ് പ്രധാന ചടങ്ങായ ആരതി നടക്കുന്നത്. ഗംഗാ തീരത്തെ പുലര്‍കാല കാഴ്ചകള്‍ മനോഹരമാണ്. സ്‌നാനം ചെയ്യുന്നവര്‍, ദേഹത്ത് ഭസ്മം പൂശുന്ന സന്യാസിമാര്‍, ബോട്ടുകളില്‍ കാഴ്ചകള്‍ കണ്ട് ഗംഗയിലൂടെ നീങ്ങുന്നവര്‍, ബോട്ടുകളിലേക്ക് ആളുകളെ ക്ഷണിക്കുന്ന തൊഴിലാളികളും ഏജന്റുമാരും പൂക്കച്ചവടക്കാര്‍ പക്ഷികള്‍, നായ്ക്കള്‍....അങ്ങനെ അങ്ങനെ പലതരം കാഴ്ചകള്‍.

സന്യാസിമാരുടെ കൂടാരങ്ങളില്‍ നിന്നും ബ്ലൂ ടൂത്ത് സ്പീക്കറിലൂടെ പ്രാര്‍ത്ഥന ഗീതങ്ങള്‍ കേള്‍ക്കുന്നുണ്ട്. അവരില്‍ ചിലര്‍ ചായ ഉണ്ടാക്കുന്നുണ്ട്. മറ്റു ചിലർ മൊബൈലില്‍ നോക്കിയിരിക്കുന്നു. ദൂരെയൊരു കൂടാരത്തിൽനിന്നു മഹിഷാസുര മര്‍ദിനിയും ശിവതാണ്ഡവത്തിന്റെയും ട്രാന്‍സാണ് കേള്‍ക്കുന്നത്. മിക്ക കൂടാരങ്ങളിലും കഞ്ചാവിന്റെ ഗന്ധവും പുകയും. മണിക്കൂറുകളോളം ഘട്ടുകളിലൂടെ അലഞ്ഞു. ഉച്ചയോടടുത്തപ്പോള്‍ മണികര്‍ണിക ഘട്ടിലെത്തി. ഇവിടെയാണ് പ്രധാനമായും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. രാപകലെന്നില്ലാതെ സദാ ചിതയെരിഞ്ഞു കൊണ്ടിരിക്കും. പുകമൂടിയ ഈ ഘട്ട് സന്തോഷ- സങ്കടങ്ങടങ്ങളുടെ സംഗമഭൂമിയാണെന്ന് തോന്നി, പ്രിയപ്പെട്ടവരുടെ ചിതയെരിയുമ്പോള്‍ ദുഃഖാര്‍ഥരായി നില്‍ക്കുന്നവരും ഒരു ചിതകത്തിയണയുമ്പോള്‍ കിട്ടുന്ന തുകകൊണ്ട് കുടുംബം പുലര്‍ത്തുന്നവരും. അധികം സമയം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. തൊട്ടടുത്ത നേപ്പാളീ ക്ഷേത്രത്തിലേക്കു നടന്നു. ചെറിയ പടികൾ കയറി ക്ഷേത്രത്തിനു മുന്നിലെത്തി. തിരക്കൊഴിഞ്ഞ് ശാന്തമായ ഇരിപ്പിടമുണ്ട്, ഗംഗയും ഘട്ടുകളും നൂറ്റാണ്ടുകളുടെ കഥപറയുന്ന കെട്ടിടങ്ങളുമൊക്കെ നോക്കി അവിടെ ഏറെ നേരമിരുന്നു. രണ്ടു മൂന്നു ദിവസം ഇവിടെ ഇങ്ങനെ അലഞ്ഞു നടക്കാമെന്ന് മനസ്സിലുറപ്പിച്ചു. ഉച്ച കഴിഞ്ഞതോടെ റൂമില്‍ തിരിച്ചെത്തി. ഇനി ഉസ്താദിന്റെ വീട് കണ്ടെത്തണം.

നിരവധി ഗല്ലികളുള്ള തിരക്കുപിടിച്ച നഗരത്തില്‍ ഉസ്താദിന്റെ വീട് കണ്ടെത്തുകയെന്നത് പ്രയാസമാണ്. ഹോട്ടലിലെ റിസപ്ഷനിലുണ്ടായിരുന്ന അമ്മാവനോട് അന്വേഷിച്ചു. വായ നിറയെ പാന്‍ ചവച്ചുകൊണ്ട് അയാൾ വഴി പറഞ്ഞുതന്നു. ഹോട്ടലില്‍ നിന്ന് ഇറങ്ങി ദാല്‍മണ്ടിയിലേക്കു നടന്നു. നിന്നു തിരിയാന്‍ കഴിയാത്തത്ര തിരക്ക്. അവിടുന്ന് ഗല്ലികളിലൂടെ നടന്ന് ഒടുവില്‍ ബിസ്മില്ലാ ഖാന്‍ ഗല്ലിയിലെത്തി. ഉസ്താദിന്റെ വീട്ടിലേക്കുള്ള ഗല്ലിയാണത്. കുപ്പിവളകളും ഫാന്‍സി സാധനങ്ങളും ഹോല്‍സെയില്‍ വില്‍ക്കുന്ന ചെറുതും വലുതുമായ കടകളാണ് അധികവും. കെട്ടിടങ്ങള്‍ക്കിടയിലൂടെ ഇടുങ്ങിയ വഴിയിലൂടെ ചെന്നെത്തിയത് പഴയൊരു ഇരുനില വീടിനു മുന്നില്‍.

ഉസ്താദ് ബിസ്മില്ലാ ഖാന്റെ വീട്

ഉസ്താദ് ബിസ്മില്ലാ ഖാന്റെ വീട്

തൊട്ടടുത്ത കടക്കാരനോട് അന്വേഷിച്ച് ഉസ്താദിന്റെ വീടാണെന്നുറപ്പിച്ചു. തുറന്നിട്ട വാതിലിലൂടെ അകത്തിരിക്കുന്നവരെ കാണാമായിരുന്നു. വാതില്‍ക്കലെത്തി ഉസ്താദിന്റെ വീടല്ലെയെന്നു ചോദിച്ചു. അതേ, ഉസ്താദിന്റെ വീടാണ് വരൂ...സ്‌നേഹപൂര്‍വം എന്നെ അകത്തേക്കു ക്ഷണിച്ചു. കേരളത്തില്‍ നിന്ന് വന്നതാണെന്നും വരാണസിയിലെത്തിയപ്പോള്‍ വെറുതെ ഒന്ന് ഇവിടേക്ക് വരാമെന്ന് കരുതിയെന്നും പറഞ്ഞു. മനുഷ്യര്‍ തമ്മില്‍ കാണുന്നതും പരിചയപ്പെടുന്നതും സന്തോഷമല്ലെയെന്നു പറഞ്ഞ് എന്നെ സ്വീകരിച്ചയാള്‍ താന്‍ ഉസ്താദിന്റെ ബന്ധുവണെന്നും പേര് അലിയെന്നും പരിചയപ്പെടുത്തി.


വീട്ടിനുള്ളില്‍ കയറി കുറച്ചുനേരത്തെ മൗനം. ചുവരില്‍ നിറയെ ഉസ്താദിന്റെ ചിത്രങ്ങളാണ്. ലോകത്തെ നോക്കി ചിരിച്ചിരിക്കുന്ന ചിത്രം. ഉസ്താദിൻ്റെ പുഞ്ചിരിക്ക് വല്ലാത്തൊരു സൗന്ദര്യമാണ്. ചിത്രങ്ങളിലൂടെ കണ്ണോടിച്ചിരിക്കവെ സൗമ്യനായി സംസാരിച്ചുകൊണ്ട് മറ്റൊരാള്‍ എനിക്കു നേരെ കൈനീട്ടി. ഉസ്താദിന്റെ ചെറുമകന്‍ നാസിര്‍ അബ്ബാസായിരുന്നു അത്.

ലേഖകനും (ഇടത്) നാസിർ അബ്ബാസും

ഉസ്താദിന്റെ മകന്‍ നായിര്‍ ഖാൻ്റെ മകനാണ്. ഉസ്താദിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് അദ്ദേഹവും ഷഹ്നായ് വായിക്കുകയാണ്. 2017ല്‍ കോഴിക്കോടും കൊച്ചിയിലും താന്‍ ഷഹ്നായി വായിച്ചെന്നും കേരളത്തോട് വലിയ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഷഹ്നായ് അവതരിപ്പിക്കുന്ന ചിത്രം ചുവരില്‍ നിന്നെടുത്തു എന്റെ കൈയിലേക്കു തന്നു. തൊട്ടടുത്ത കട്ടിലില്‍ തൊട്ടു കൊണ്ട് പറഞ്ഞു ഇവിടെയാണ് ഉസ്താദ് അവസാന നാള്‍വരെയും കിടന്നത്.

ഉസ്താദ് ബിസ്മില്ലാ ഖാൻ അവസാന നാളുകളിൽ കഴിഞ്ഞ മുറിയും കിടക്കയും

ഉസ്താദ് ബിസ്മില്ലാ ഖാൻ അവസാന നാളുകളിൽ കഴിഞ്ഞ മുറിയും കിടക്കയും

പിന്നെ ചുവരിലെ ചിത്രങ്ങളെ ഓരോന്നും ബന്ധു വിശദീകരിക്കാന്‍ തുടങ്ങി. പത്രപ്രവര്‍ത്തകനായിരുന്നു എന്നു പറഞ്ഞതോടെ അവരുടെ സംസാരം സങ്കടങ്ങളുടെ കെട്ടഴിക്കലായി. സര്‍ക്കാരുകള്‍ വീട് സാംസ്‌കാരിക നിലയമാക്കാമെന്നും മറ്റും പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും ഇതുവരെയും ഒന്നും നടന്നിട്ടില്ല. ഷഹ്നായി എന്ന കലയെ വേണ്ട രീതിയില്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല... ഇഷ്ടമുള്ളവരിലേക്കു എത്തിക്കാനാവുന്നില്ല അങ്ങനെ കുറേ സങ്കടങ്ങള്‍. സംസാരം അങ്ങനെ നീണ്ടുപോയി. നമ്മളനുഭവിച്ച പ്രളയവും അതിജീവനവും ഒക്കെയായി. ഉസ്താദിന്റെ മക്കളില്‍ ഒരാളായ നാസിം ഹുസൈനെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. തബലവാദകനായ അദ്ദേഹം ഒരു പ്രോഗ്രമിന് കുറച്ചു ദൂരെപോയതിനാൽ കാണാനായില്ല. അടുത്ത വരവിന് കാണാമെന്ന് പറഞ്ഞിറങ്ങുമ്പോള്‍ മറ്റൊരു ചെറുമകനായ അസദ് അബ്ബാസവിടേക്കു കയറിവന്നു. പരിചയപ്പെട്ടു പടികളിറങ്ങുമ്പോള്‍ ചുവരിലേക്കു ഒന്നു കൂടി നോക്കി. ആ ഹൃദയം തൊടുന്ന ചിരി നൽകുന്ന ധന്യതയിൽ അലിഞ്ഞ് ഇറങ്ങി നടക്കുമ്പോള്‍ മനസ്സില്‍ ഉസ്താദിന്റെ ചിത്രമിങ്ങനെ തെളിഞ്ഞു വന്നു. ലോകത്തിന്റെ പ്രൗഢമായ വേദികളില്‍ നാദവിസ്മയം തീർത്ത ശേഷം തിരികെ ബനാറസിൻ്റെ ഗല്ലികളിലൂടെ മനോഹരമായ പുഞ്ചിരി നല്‍കി സരായ് ഹര്‍ഹയിലെ സികെ 46/62 വീട്ടിലേക്കു നടന്നു നീങ്ങുന്ന ചിത്രം.



Next Story

RELATED STORIES

Share it