On Road

നീലക്കൊടുവേലി തേടി നരകപ്പാലത്തില്‍...

ഇല്ലിക്കല്‍ കല്ല് & മര്‍മല വെള്ളച്ചാട്ടം ട്രെക്കിങ് വിശേഷങ്ങള്‍

നീലക്കൊടുവേലി തേടി നരകപ്പാലത്തില്‍...
X

മിത്തും വിശ്വാസങ്ങളും കഥകളും പച്ചപുതച്ച് കിടക്കുന്ന നിഗൂഢ മലയാണ് ഇല്ലിക്കല്‍ മല...! അല്‍ഭുത സിദ്ധിയുള്ള നീലക്കൊടുവേലി എന്ന സസ്യം ഇല്ലിക്കല്‍ മലയുടെ മുകളില്‍ നരകപ്പാലത്തില്‍ വളരുന്നു എന്നാണ് വിശ്വാസം. അനന്ത കാലം നില്‍ക്കുന്നതും അമരത്വം നല്‍കുന്നതുമായ ദിവ്യ സസ്യമാണത്രെ നീല കൊടുവേലി !. ചകോരത്തിന്റെ കൂടുകളില്‍ ആണ് നീല കൊടുവേലിയുടെ വേരു കാണുക. പണവും സമൃദ്ധിയും ആഗ്രഹിച്ചത് എന്തും നേടാനും നീല കൊടുവേലി കിട്ടുവാന്‍ വേണ്ടി ഒരുപാട് പേര്‍ ഇല്ലിക്കല്‍ മല കയറ്റത്തില്‍ വീണു പോയിട്ടുണ്ട് എന്നാണ് കഥകള്‍ !.


കോട്ടയം ജില്ലയിലെ ഏറ്റവും വലിയ മലയാണ് ഇല്ലിക്കല്‍ മല. സമുദ്ര നിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ ആണ്. ഇല്ലിക്കല്‍ കല്ലിലേക്കുള്ള യാത്ര മകന്റെ സെലക്ഷന്‍ ആയിരുന്നു. അവനും സുഹൃത്തുക്കളും കൂടെ. നേരത്തെ സൂര്യോദയത്തിന് എത്തണമെന്ന് ആഗ്രഹിച്ചതാണെങ്കിലും എത്താനായില്ല. തീക്കോയി എത്തിയാല്‍ ഇല്ലിക്കല്‍ കല്ലിന്റെ അടയാളങ്ങള്‍ കാണാം.

അടിവാരത്ത് വാഹനം പാര്‍ക്ക് ചെയ്തു. ഇനി 3 കിലോമീറ്റര്‍ ദൂരം മലമ്പാതയാണ്, മുകളിലേയ്ക്ക്. കൊറോണ കാരണം ജീപ് സര്‍വ്വീസ് ഇല്ല. നടക്കുക തന്നെ. ഹരിത ഭംഗിയില്‍ ഒരു വലിയ കോട്ടയുടെ നിഗൂഢതയുമായി ഇല്ലിക്കല്‍ മല.... ദുരൂഹമായ ഒരു ചിത്രം ! ഇരുവശത്തും പച്ചപ്പുല്ല് നിറഞ്ഞ മലയോര പാത ക്ഷണിക്കുന്നു മുകളിലേക്ക്... മുകളിലേയ്ക്ക്. ധാരാളം ബൈക്ക് റൈഡേഴ്‌സ് എത്തിയിട്ടുണ്ട്. പുല്ലിന്നിടയിലൂടെ മലകയറി കയറിപ്പോവുന്നത് കാണാന്‍ രസമായിരുന്നു... കയറുന്നത് അത്ര എളുപ്പമല്ല. എന്നാലും ലക്ഷ്യത്തിലെത്താം... അതാണല്ലോ ട്രെക്കിങ്ങിന്റെ രസം.


മലയുടെ മുകളിലേക്ക് കൈവരി പിടിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നുണ്ട്. ഇല്ലിക്കല്‍ മലയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറകളെയാണ് ഇല്ലിക്കല്‍ കല്ല് എന്നു വിളിക്കുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്നത് കൂടകല്ല്, പാമ്പിന്റെ പത്തി പോലുള്ളത് കൂനന്‍ കല്ല്. ഇതു രണ്ടിനുമിടയിലുള്ള വിടവില്‍ ഒരു കല്ല് അതിനെയാണത്രെ നരകപ്പാലം എന്നു വിളിക്കുന്നത്. ഈ കല്ലുകളിലേയ്ക്ക് ഇപ്പോള്‍ പ്രവേശിക്കാന്‍ കഴിയില്ല . അവിടെ ഗ്രില്‍ ഇട്ട് തടഞ്ഞിരിക്കുന്നു. ഒരുപാട് അപകടം ഉണ്ടായിട്ടുള്ളതിനാല്‍ സുരക്ഷയെ മുന്‍ നിര്‍ത്തിയായിരിക്കാം ഈ സംവിധാനം. എന്നാലും മുകളിലെത്തിയാല്‍ ഇല്ലിക്കല്‍ കല്ലുകള്‍ അടുത്ത് കാണാം. മഞ്ഞുകാലങ്ങളില്‍ കോട പുതച്ച് ദുരൂഹമായി നില്‍ക്കുന്ന ഇല്ലിക്കല്‍ കല്ല് കാണുന്നത് നല്ലൊരു അനുഭവമാണ് !. മുകളില്‍ നിന്ന് നോക്കുമ്പോള്‍ മനോഹര കാഴ്ചകള്‍ കാണാം. എല്ലാം മറന്ന് നമ്മള്‍ പ്രകൃതിയുടെ ഗരിമയില്‍ അലിയുന്ന ഈ ധന്യത നീല കൊടുവേലിയുടെ വരം തന്നെയാവാം.


പതുക്കെ പാറകളില്‍ ചവിട്ടി താഴേക്ക് ഇറങ്ങി. അഭിമുഖമായി നില്‍ക്കുന്ന മലയില്‍ അരുവികള്‍ ഒഴുകുന്ന നേര്‍ത്ത വെള്ളി വരകള്‍. വാഗമണ്‍ പോകുന്ന മൂട്ടില്‍ ചില വ്യൂ പോയിന്റുകള്‍ ഇല്ലിക്കല്‍ കല്ലിന്റെ വിദൂര ദൃശ്യം മനോഹര കാഴ്ചയാണ്. വെയില്‍ ചൂടാവും മുമ്പെ ഞങ്ങള്‍ അടിവാരത്ത് എത്തി. ഇവിടെ നിന്ന് വാഗമണ്‍ വഴിയില്‍ ഒരു 7 കിലോമീറ്റര്‍ പോകണം മര്‍മല വെള്ളച്ചാട്ടവും അരുവിയും എത്താന്‍. പോകുന്ന വഴിയില്‍ നാട്ടുകാരനായ വഴികാട്ടി പറഞ്ഞു: വെള്ളമുണ്ട്, നല്ല കാഴ്ചയാണ്. നല്ല അനുഭവം തന്നെ മീനച്ചിലാറിന്റെ തീരത്തു കൂടിയുള്ള യാത്ര. വണ്ടി നിര്‍ത്തി 2 കിലോമീറ്റര്‍ ട്രെക്കിങ് ആണ്. കല്ലും പാറയും നിറഞ്ഞ വഴിയിലൂടെ ശ്രദ്ധിച്ച് നടക്കണം. മഴക്കാലമായാല്‍ ഇത്രയും അടുത്തേക്ക് എത്താനാവില്ല.


മര്‍മല കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ്. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറ് ഏകദേശം 200 അടി ഉയരത്തില്‍ നിന്ന് ചാടുന്നു. വെള്ളം വീഴുന്ന ഇടം ഒരു ചെറിയ തടാകം പോലെ നിറഞ്ഞ് ശാന്തമായി കിടക്കുന്നു. അതില്‍ പളുങ്കു വെള്ളം നിറഞ്ഞ് താഴേക്ക് പാറകളില്‍ കൂടി മര്‍മല അരുവി ഒഴുകുന്നു. കുറച്ചു നേരം ഈ കാഴ്ച കണ്ടു പാറമേലിരുന്നു. ഇറങ്ങണോ നനയണോ എന്നു സംശയിച്ച കുട്ടികളെ തണുത്ത് തെളിഞ്ഞ ക്രിസ്റ്റല്‍ പോലുള്ള വെള്ളം മാടിവിളിച്ചു. ആ പ്രലോഭനം തടയാനാവാതെ അവരെല്ലാം വെള്ളത്തിലേയ്ക്ക് ചാടുകയായിരുന്നു. വെള്ളത്തില്‍ കാലുകള്‍ നനച്ച് ഞങ്ങള്‍ പാറയിലിരുന്നു. ശുദ്ധമായ തണുത്ത വെള്ളത്തില്‍ മുങ്ങി കുളിച്ചപ്പോള്‍ ട്രെക്കിങിന്റെ ക്ഷീണമെല്ലാം മാറി അവര്‍ ഫ്രഷ് ആയി.

വീണ്ടും തിരിച്ചു നടത്തം. കല്ലുകളും പാറയും നിറഞ്ഞ വഴികള്‍. പിന്നെ മണ്ണു വഴി. അരികില്‍ പൂത്തു നില്‍ക്കുന്ന വയലറ്റ് പൂക്കള്‍. പാതവക്കില്‍ ഏതോ കാട്ടുചെടി പുഞ്ചിരിച്ച് നില്‍ക്കുന്നു. സുകൃതം സിനിമയിലെ മോണിങ് വൈബ്‌സില്‍ മമ്മുക്കയുടെ ഒരു ഗാന രംഗമുണ്ട്, സൂപര്‍ ലിറിക്‌സ്....

'എന്റെ വഴികളില്‍ മൂക സാന്ത്വനമായ പൂവുകളേ

എന്റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളേ നന്ദി

മധുരമാം പാഥേയമായ് തേന്‍ കനികള്‍ തന്ന തരുക്കളേ

തളരുമീയുടല്‍ താങ്ങി നിര്‍ത്തിയ പരമമാം കാരുണ്യമേ

നന്ദി..നന്ദി...

എന്നോടൊത്തുണരുന്ന പുലരികളേ

എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ

യാത്ര തുടരുന്നു ശുഭയാത്ര നേര്‍ന്നു വരൂ'

നന്ദി..

കടപ്പാട്:

ദീപ പുഴക്കല്‍(സഞ്ചാരി ഫേസ്ബുക്ക് ഗ്രൂപ്പ്)

Illikkal Stone & Marmala Falls Trekking Highlights

Next Story

RELATED STORIES

Share it