ബസുകള്‍ വാടകയ്ക്ക് എടുത്തിട്ടില്ല, പിന്നെങ്ങനെ കമ്മിഷന്‍ വാങ്ങും? പന്ന്യന്റെ ആരോപണങ്ങള്‍ക്കെതിരെ തച്ചങ്കരിതിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്തുന്നത് കമ്മിഷന്‍ വാങ്ങാനാണെന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ ആരോപണത്തിനെതിരെ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി. താന്‍ വന്നതിനുശേഷം ബസുകള്‍ വാടകയ്ക്ക് എടുത്തിട്ടില്ലെന്നും പിന്നെങ്ങനെ കമ്മിഷന്‍ വാങ്ങുമെന്നും ചോദിച്ച് പന്ന്യന്‍ രവീന്ദ്രന് തച്ചങ്കരി കത്തയച്ചു. തന്റെ എല്ലാ തീരുമാനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് അനുസരിച്ചാണെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ വേദന ഉണ്ടാക്കുന്നുവെന്നും തച്ചങ്കരി കത്തില്‍ ചൂണ്ടിക്കാട്ടി.
കമ്മീഷന്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ള അഴിമതികള്‍ താന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള തെളിവുകള്‍ പുറത്തുകൊണ്ടുവരണം. തെളിവുകള്‍ കൊണ്ടുവരാന്‍ കഴിയാതിരുന്നാല്‍ ആരോപണം പരസ്യമായി പിന്‍വലിക്കണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നയമല്ല നടപ്പിലാക്കുന്നതെങ്കില്‍ അതു ചൂണ്ടിക്കാണിക്കേണ്ടത് പൊതുയോഗത്തിലല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തിലാണെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടി.
കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യവേയാണ് പന്ന്യന്‍ രവീന്ദ്രന്‍ തച്ചങ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്്.

RELATED STORIES

Share it
Top