ടിക് ടോക്കും ക്വായിയും ബാല ലൈംഗികാസക്തരുടെ താവളം

കുട്ടികളെ ലൈംഗികമായി ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ ചൈനീസ് വീഡിയോ ആപ്പുകള്‍ ഗുണം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ടിക് ടോക്കും ക്വായിയും ബാല ലൈംഗികാസക്തരുടെ താവളം

ഡല്‍ഹി: ആട്ടവും പാട്ടും ഡബ്‌സ്മാഷും അരങ്ങു തകര്‍ക്കുന്ന ടിക് ടോക്കും ക്വായിയും പോലുള്ള സോഷ്യല്‍ വീഡിയോ ആപ്പുകള്‍ ബാലം ലൈംഗികാസക്തരുടെ(പീഡോഫൈലുകള്‍) താവളമാകുന്നു. കുട്ടികളെ ലൈംഗികമായി ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ ചൈനീസ് വീഡിയോ ആപ്പുകള്‍ ഗുണം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

15 സെക്കന്‍ഡ് വീഡിയോ പോസ്റ്റ് ചെയ്യാവുന്ന ഇത്തരം ആപ്പുകളിലാണ് പീഡോഫൈലുകളുടെ ശ്രദ്ധ. കൂട്ടികളുടെ വീഡിയോയെ അഭിനന്ദിച്ച് കൊണ്ടാണ് ഇവര്‍ ആദ്യം പ്രത്യക്ഷപ്പെടുക. ഡബ്‌സ്മാഷുകളെയും ചുണ്ടനക്കങ്ങളെയും ഡാന്‍സുകളെയും വാനോളം പുകഴ്ത്തുകയും കൂടുതല്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

ആരെയും പിന്‍തുടരാനും സന്ദേശം കൈമാറാനും പ്രത്യേകിച്ച് വലിയ കടമ്പകളൊന്നുമില്ലെന്നതാണ് ടിക് ടോക്കും ക്വായിയും പീഡോഫൈലുകള്‍ വിളനിലമാക്കാനുള്ള പ്രധാന കാരണം. ഇത്തരം സോഷ്യല്‍ വീഡീയോ ആപ്പുകള്‍ പെണ്‍കുട്ടികളെ ചൈല്‍ഡ് പോണോഗ്രഫിയിലേക്ക് നയിക്കാന്‍ കാരണമാകുന്നുണ്ടെന്ന് സൈബര്‍ പീസ് ഫൗണ്ടേഷന്‍ പ്രോജക്ട് മാനേജര്‍ നിതീഷ് ചന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ബ്ലാക്ക് മെയിലിഗ് കേസുകള്‍ നിരവധിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ മിഡില്‍ ക്ലാസ്, ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലികളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആപ്പുകളിലൂടെ വ്യക്തി വിവരങ്ങള്‍ ആര്‍ക്കും അനായാസം സ്വന്തമാക്കാം. അത്ഭുതകരമായ വളര്‍ച്ച ടിക് ടോക്കിനും ക്വായിക്കും ഉണ്ടായി എന്നത് തന്നെ ഇവ എത്രത്തോളം സ്വീകാര്യമായെന്നതിന്റെ തെളിവാണ്.

6000 ഫോളോവേഴ്‌സ് ഉള്ള 13 കാരിയുടെ വീഡിയോയില്‍ ലൈംഗിക ചുവയോടുള്ള കമന്റുകള്‍ നിരവധിയാണ്. വസ്ത്രങ്ങള്‍ മാറ്റാന്‍ പറയുന്ന കമന്റുകളും ഒട്ടും കുറവല്ല.

പരാതികള്‍ ഉയര്‍ന്നതോടെ ഉള്ളടക്കം പരിശോധിക്കാനുള്ള സംവിധാനം എര്‍പ്പെടുത്തുകയാണെന്ന് ക്വായി ഇന്ത്യ തലവന്‍ ഗാന്ത മുരളി വ്യക്തമാക്കി. രക്ഷകര്‍ത്താക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനം ചൈനയില്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
RELATED STORIES

Share it
Top