Tech

ജെമിനിയിലൂടെ ഷോപ്പിംഗ്; വാള്‍മാര്‍ട്ട് ഉള്‍പ്പെടെ പ്രമുഖരുമായി ഗൂഗിള്‍ കൈകോര്‍ക്കുന്നു

ജെമിനിയിലൂടെ ഷോപ്പിംഗ്; വാള്‍മാര്‍ട്ട് ഉള്‍പ്പെടെ പ്രമുഖരുമായി ഗൂഗിള്‍ കൈകോര്‍ക്കുന്നു
X

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗത്ത് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഗൂഗിള്‍. തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ജെമിനി വഴി ഉപഭോക്താക്കള്‍ക്ക് നേരിട്ട് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന സംവിധാനം ഒരുക്കുന്നതിനായി വാള്‍മാര്‍ട്ട്, ഷോപ്പിഫൈ, വേഫെയര്‍ തുടങ്ങിയ പ്രമുഖ റീട്ടെയില്‍ സ്ഥാപനങ്ങളുമായി ഗൂഗിള്‍ പങ്കാളിത്തം പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന നാഷണല്‍ റീട്ടെയില്‍ ഫെഡറേഷന്‍ (എന്‍ആര്‍എഫ്) കണ്‍വെന്‍ഷനിലാണ് ഈ തീരുമാനം അറിയിച്ചത്. ജെമിനി ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുത്ത് ചാറ്റ് വിട്ടുപോകാതെ തന്നെ പേയ്‌മെന്റ് പൂര്‍ത്തിയാക്കി വാങ്ങല്‍ നടത്താനാകും.

ഉപഭോക്തൃ ആവശ്യങ്ങള്‍ മനസ്സിലാക്കി അനുയോജ്യമായ ഉല്‍പ്പന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന രീതിയിലാണ് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉദാഹരണമായി, ശൈത്യകാല യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് ജെമിനിയോട് ചോദിച്ചാല്‍, അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍ദേശിക്കുകയും വാങ്ങല്‍ നടപടികള്‍ ലളിതമാക്കുകയും ചെയ്യും. വാള്‍മാര്‍ട്ടുമായി അക്കൗണ്ട് ലിങ്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മുന്‍പ് നടത്തിയ വാങ്ങലുകളുടെ അടിസ്ഥാനത്തിലുള്ള വ്യക്തിഗത നിര്‍ദ്ദേശങ്ങളും ലഭ്യമാവും.

ആദ്യഘട്ടത്തില്‍ അമേരിക്കയിലെ ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാവുക. വരും മാസങ്ങളില്‍ ആഗോളതലത്തില്‍ സേവനം വ്യാപിപ്പിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് ഓപ്പണ്‍ എഐ, ആമസോണ്‍ തുടങ്ങിയ കമ്പനികളുമായുള്ള മല്‍സരം ശക്തമാകുന്നതിനിടയിലാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഇതിനിടെ, ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള 'വിങ്' വഴിയുള്ള ഡ്രോണ്‍ ഡെലിവറി സേവനം 150 സ്‌റ്റോറുകളിലേക്ക് കൂടി വ്യാപിപ്പിക്കാനായി വാള്‍മാര്‍ട്ട് തീരുമാനിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Next Story

RELATED STORIES

Share it