Apps & Gadgets

ആറ് മാസത്തിനിടെ ഇന്ത്യയില്‍ വാട്‌സ് ആപ്പ് നിരോധിച്ചത് 1.32 കോടി അക്കൗണ്ടുകള്‍; പുതിയ കണക്കുകള്‍ പുറത്ത്

ആറ് മാസത്തിനിടെ ഇന്ത്യയില്‍ വാട്‌സ് ആപ്പ് നിരോധിച്ചത് 1.32 കോടി അക്കൗണ്ടുകള്‍; പുതിയ കണക്കുകള്‍ പുറത്ത്
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും വാടസ് ആപ്പ് കൈകാര്യം ചെയ്യുന്നവരാണ്. ഏവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയ വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. വാട്‌സ് ആപ്പ് വഴി വ്യാജ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിക്കാറുണ്ട്. അതിനാല്‍, വ്യാജപ്രചാരണം തടയുന്നതിനും മറ്റും സ്വീകരിച്ച നടപടികളെക്കുറിച്ച് സമൂഹമാധ്യമങ്ങള്‍ മാസംതോറും അറിയിക്കണമെന്നാണ് 2021ലെ പുതിയ ഐടി നിയമത്തില്‍ പറയുന്നത്. ഇതുപ്രകാരം കേന്ദ്രസര്‍ക്കാരിന് പ്രതിമാസം നല്‍കുന്ന റിപോര്‍ട്ടില്‍ലാണ് ആറുമാസത്തിനിടെ 1.32 കോടി ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ആദ്യമായി ഇത്തരത്തില്‍ കണക്കുകള്‍ നല്‍കിത്തുടങ്ങിയത്. വ്യാജപ്രചാരണം തടയുന്നതിനും മറ്റും സ്വീകരിച്ച നടപടികളെക്കുറിച്ച് സമൂഹമാധ്യമങ്ങള്‍ മാസംതോറും അറിയിക്കണമെന്നാണ് പുതിയ ഐടി നിയമത്തില്‍ പറയുന്നത്. 2021 മെയ് 15 നും 2021 ജൂണ്‍ 15 നും ഇടയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ (20,11,000) നിരോധിച്ചതായി 2021 ജൂലൈയില്‍ വാട്‌സ് ആപ്പ് വെളിപ്പെടുത്തിയിരുന്നു. മാസംതോറും ശരാശരി 20 ലക്ഷം അക്കൗണ്ടുകള്‍ ഇത്തരത്തില്‍ നിരോധിക്കുന്നതായാണ് വാട്‌സ് ആപ്പ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.

സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിയാണ് വാട്‌സ് ആപ്പ് പിന്തുടരുന്നത്. ഇതുമൂലം വാട്‌സ് ആപ്പിന് നിങ്ങളുടെ സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയില്ല. കൂടാതെ നിങ്ങളുടെ കോളുകള്‍ കേള്‍ക്കാനോ സന്ദേശങ്ങള്‍ ഡീകോഡ് ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനോ കഴിയില്ല. അങ്ങനെയെങ്കില്‍ സന്ദേശങ്ങള്‍ കാണാതെ വാട്ട്‌സ്ആപ്പ് എങ്ങനെയാണ് അക്കൗണ്ടുകള്‍ നിരോധിക്കുന്നത് ? വാട്‌സ് ആപ്പില്‍ വ്യാജപ്രചാരണമോ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതോ നടക്കുന്നതായി കണ്ടെത്താന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വാട്‌സ് ആപ്പ് വ്യക്തമാക്കുന്നു.

അക്കൗണ്ടുകള്‍ സ്‌ക്രീന്‍ ചെയ്ത് അവയുടെ ദുരുപയോഗം കണ്ടെത്താന്‍ മൂന്ന് ഘട്ടങ്ങളുള്ള ഒരു സംവിധാനം തങ്ങള്‍ക്കുണ്ടെന്നാണ് ഇതെക്കുറിച്ച് വാട്‌സ് ആപ്പ് പറയുന്നത്. അക്കൗണ്ട് ഉണ്ടാക്കുന്ന സമയത്തും സന്ദേശങ്ങള്‍ അയക്കുന്ന രീതി അടിസ്ഥാനമാക്കിയും അക്കൗണ്ട് നിരവധി ഉപഭോക്താക്കള്‍ റിപോര്‍ട്ട് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ചുമാണ് ഈ സ്‌ക്രീനിങ് നടക്കുക. ഐപി അഡ്രസ്, ടെലികോം കമ്പനികളുടെ വിവരങ്ങള്‍ തുടങ്ങി അടിസ്ഥാനപരമായ അക്കൗണ്ട് വിവരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവഴിയാണ് വ്യാജപ്രചാരണം അടക്കം കണ്ടെത്തുന്നത്.

വ്യാജപ്രചാരണം നടത്താന്‍ വീണ്ടും ഒരേ നമ്പര്‍ തന്നെ ഉപയോഗിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ നിരോധിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ഇവ നിരോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 2021ലെ പുതിയ ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്ന ശേഷം 1.5 കോടി അക്കൗണ്ടുകളാണ് നിരോധിച്ചത്. വാട്‌സ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന +91 എന്ന നമ്പര്‍ വഴിയാണ് ഇന്ത്യന്‍ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നത്.

Next Story

RELATED STORIES

Share it