Apps & Gadgets

പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറങ്ങി; വില 64,900 മുതല്‍

ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ക്കു സമര്‍പ്പിച്ചത്.

പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറങ്ങി; വില 64,900 മുതല്‍
X

ഐഫോണിന്റെ ഏറ്റവും പുതിയ മൂന്ന് മോഡലുകള്‍ കൂപ്പര്‍റ്റിനോയിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ആപ്പിള്‍ പുറത്തിറക്കി. ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ക്കു സമര്‍പ്പിച്ചത്.

ഐഫോണ്‍ 11 സവിശേഷതകള്‍

6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ, ഡ്യുവല്‍ കാമറ സൗകര്യങ്ങളോടെയാണ് ഐഫോണ്‍ 11ന്റെ വരവ്. 64 ജിബി, 128 ജിബി, 256 ജിബി മോഡലുകളില്‍ പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ, ബ്ലാക്ക്, വൈറ്റ്, റെഡ് നിറങ്ങളില്‍ ലഭ്യമാവും. 64,900 രൂപ മുതലാണ് ഇന്ത്യയിലെ വില. സപ്തംബര്‍ 27 മുതല്‍ വിപണിയില്‍ ലഭ്യമാവും.

ഐഫോണ്‍ എക്‌സ്ആറുമായുള്ള ഏറ്റവും വലിയ വ്യത്യാസം 12 എംപി വൈഡ് ആംഗിള്‍, 12 എംപി അള്‍ട്രാ വൈഡ് ആംഗിളുകളോട് കൂടിയ ഡ്യുവല്‍ കാമറയാണ്. മുന്‍വശത്തുള്ള കാമറ 12 എംപിയാക്കി അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. 4കെ 60 എഫ്പിഎസ് വീഡിയോ റെക്കോഡ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.

ഐഫോണ്‍ 11 പ്രോ/11 പ്രോ മാക്‌സ്

ഐഫോണ്‍ എക്‌സ്എസിന്റെയും എക്എസ് മാക്‌സിന്റെയും പിന്‍ഗാമികളാണ് ഐഫോണ്‍ 11 പ്രോയും 11 പ്രോ മാക്‌സും. പുതിയ എ13 എസ്ഒസിയില്‍ മൂന്ന് റിയര്‍ കാമറകളുമായാണ് ഈ മോഡലിന്റെ വരവ്. 11 പ്രോയ്ക്ക് 5.8 ഇഞ്ചും 11 പ്രോ മാക്‌സിന് 6.5 ഇഞ്ചുമാണ് സ്‌ക്രീന്‍ വലുപ്പും. ഡിസ്‌പ്ലേയുടെ ഗുണനിലവാരവും വര്‍ധിപ്പിച്ചിട്ടുണ്ട്. പിറകിലുള്ള മൂന്ന് കാമറകളും 12 എംപി റസല്യൂഷനിലുള്ളതാണ്. അള്‍ട്രാ വൈഡ്, വൈഡ്, ടെലിഫോട്ടോ സെറ്റപ്പുകള്‍ കാമറയിലുണ്ട്. മൂന്ന് മോഡലുകളിലും നൈറ്റ് മോഡ് സംവിധാനവുമുണ്ട്.

64 ജിബി, 256 ജിബി, 512 ജിബി മോഡലുകള്‍ മിഡ്‌നൈറ്റ് ഗ്രീന്‍, സ്‌പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ് മോഡലുകളില്‍ ലഭ്യമാവും. യഥാക്രമം 99,900, 1,09,900 രൂപ മുതലാണ് ഇന്ത്യയിലെ വില.

മൂന്ന് മോഡലുകളിലും ഐപി68 വാട്ടര്‍, ഡസ്റ്റ് റസിസ്റ്റന്‍സ് സംവിധാനമുണ്ട്.

ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നിവ തങ്ങള്‍ ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും മികവാര്‍ന്നതും ശക്തമായതുമായ ഫോണുകളാണെന്ന് ആപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലര്‍ പറഞ്ഞു. ഐഫോണില്‍ ആദ്യമായി ട്രിപ്പിള്‍ കാമറ സംവിധാനം വരികയാണ്. ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച കാമറകളാണ് ഇത്. ഐഒഎസ് 13ലെ സവിശേഷമായ ഫോട്ടോ, വീഡിയോ എഡിറ്റിങ് ഫീച്ചറുകള്‍ ഏറ്റവും മികച്ച മിഴിവോടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it