നരേന്ദ്ര മോഡിക്ക് വഴി മാറാനുള്ള സൈറണ്‍ മുഴങ്ങിക്കഴിഞ്ഞു: ശശി തരൂര്‍കരിപ്പൂര്‍: ജനാധിപത്യവും, മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ സൈറണ്‍ ഈ രാജ്യത്ത് മുഴങ്ങിക്കഴിഞ്ഞുവെന്നും അത് കേട്ട് നരേന്ദ്ര മോഡിക്ക് വഴി മാറാന്‍ സമയമായെന്നും ശശി തരൂര്‍ എം.പി. 'മോഡിയൂടെ ഇന്ത്യയില്‍ നിന്ന് ഗാന്ധിയുടെ ഇന്ത്യയിലേക്ക് മടങ്ങാം എന്ന പ്രമേയത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി കരിപ്പൂരില്‍ നടത്തിയ ' യൂത്ത് സൈറണ്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നതാണ്, ആ ഉറപ്പ് ഭരണകൂടംകവര്‍ന്നെടുക്കുന്ന കാഴ്ചയാണ് ഇന്ന് രാജ്യത്ത് കാണാന്‍ സാധിക്കുന്നത്.
രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ പശുവിന്റെ പേരില്‍ ആളുകളെ കൊല്ലുന്ന ഒരു കാലഘട്ടം ഉണ്ടായിട്ടില്ല,
ഒരു അക്രമത്തെപോലും പ്രധാനമന്ത്രി ഇതുവരെ അപലപിച്ചിട്ടില്ല, അതുകൊണ്ട് തന്നെ സര്‍ക്കാര്‍ തങ്ങള്‍ക്ക് എതിരല്ലാ എന്ന വിശ്വാസം അക്രമികള്‍ക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. പശുസംരക്ഷണത്തെ കുറിച്ച് ബി ജെ പി നേതാക്കള്‍ വാതോരാതെ സംസാരിക്കുന്നു, മനുഷ്യന്റെ സംരക്ഷണത്തിന് വേണ്ടി ഇതുവരെ ആ പാര്‍ട്ടി ശബ്ദിച്ചിട്ടില്ല.
മോഡിയെ പരാജയപ്പെടുത്തുക എന്നത് കേവലം രാഷ്ട്രീയ പ്രസംഗം മാത്രമല്ല, അത് രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാണ്,
വരാനിരിക്കുന്ന പൊതു തെരഞെടുപ്പ് ഒരു വലിയ രാഷ്ട്രീയ പോരാട്ടമാണ്.
ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇന്ന് സംഘപരിവാറിനെ തോല്‍പ്പിക്കാനുള്ള ശക്തിയില്ല, കേരളത്തില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്ന ഓരോ വോട്ടിന്റെയും ഗുണഭോക്താക്കള്‍ ബിജെപിയാണ്.
വികസനത്തെ കുറിച്ചും, വാഗ്ദാനം നല്‍കിയ നല്ല ദിനങ്ങളെ കുറിച്ചും ഒന്നും പറയാനില്ലാത്ത ബി ജെ പി മതം പറഞ്ഞ് വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ്.
ബാങ്കുകള്‍ വഴി പാവങ്ങളെ പിഴിഞ് സ്വന്തക്കാര്‍ക്ക് നല്‍കി അവരെ കോടീശ്വരന്‍മാരാക്കി രാജ്യം വിടാനുള്ള സൗകര്യം ഒരുക്കി നല്‍കലാണ് ബിജെപിയുടെ വികസന കാഴ്ചപ്പാട്.
വികലമായ സാമ്പത്തിക നയം ഈ രാജത്തെ പുറകോട്ടടിച്ചു, രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നു. നോട്ട് നിരോധനം കൊണ്ട് രണ്ട് കോടി തൊഴിലവസരങ്ങളാണ് രാജ്യത്ത് നഷ്ടമായത്. അഴിമതിയില്‍ മോഡി എല്ലാവരെയും തോല്‍പ്പിച്ചു,
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി റഫേല്‍ ഇടപാട് മാറി, ചോദ്യങ്ങള്‍ വരുമ്പോള്‍ പ്രധാനമന്ത്രി മൗനത്തിലാണ്, അന്വേഷണത്തെ അദ്ദേഹം ഭയക്കുന്നു.തരൂര്‍ ആരോപിച്ചു
റിയാസ് മുക്കോളി അദ്ധ്യക്ഷത വഹിച്ചു, ഡി സി സി അദ്ധ്യക്ഷന്‍ വി.വി പ്രകാശ്, കെ പി സി സി സെക്രട്ടറി വി.എ. കരിം, പി.ഇഫ്ത്തിഖാറുദ്ദീന്‍,
സക്കീര്‍ പുല്ലാര, കെ.ടി അജ്മല്‍, അജീഷ് എടാലത്ത്, യാസര്‍ പൊട്ടച്ചോല, പി.കെ.നൗഫല്‍ ബാബു. ജൈയ് സല്‍ എളമരം, പി.നിധീഷ് സംസാരിച്ചു

RELATED STORIES

Share it
Top