സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനം സുപ്രീം കോടതി തടഞ്ഞു; സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവച്ചു


ന്യൂഡല്‍ഹി: കേരളത്തിലെ നാല് മെഡിക്കല്‍ കോളജുകളുടെ പ്രവേശനാനുമതി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് തൊടുപുഴ, ഡി.എം മെഡിക്കല്‍ കോളജ് വയനാട്, പി കെ ദാസ് മെഡിക്കല്‍ കോളജ് പാലക്കാട്, എസ്ആര്‍ മെഡിക്കല്‍ കോളജ് തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രവേശനമാണ് കോടതി സ്‌റ്റേ ചെയ്തത്. കോളജുകള്‍ പ്രവേശനം നടത്തുന്നതും കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലേക്കു പ്രവേശത്തിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി അംഗീകരിക്കാനാകില്ലെന്നു സുപ്രീം കോടതി അറിയിച്ചു. പ്രവേശനം നേടിയവര്‍ പുറത്ത് പോകേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശം പൂര്‍ത്തിയായ സാഹചര്യത്തിലുള്ള കോടതി നടപടി വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നാല് മെഡിക്കല്‍ കോളജുകളിലുമായി 550 സീറ്റുകളാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടത്തിയ മോപ് അപ് കൗണ്‍സിലിങ്ങില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശനം പൂര്‍ത്തിയായിരുന്നു. ഇത്തരത്തില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളെയും ബാധിക്കുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. നാല് മെഡിക്കല്‍ കോളജുകളിലേക്കുമായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടിവരുമെന്ന പരാമര്‍ശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
നാല് കോളജുകള്‍ക്കും ചട്ടപ്രകാരമുള്ള അടിസ്ഥാന സൗകര്യമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോളജുകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു. കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ച് കഴിഞ്ഞമാസം 30 ന് പ്രവേശനത്തിന് അനുകൂലമായ അനുമതി തേടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മോപ് അപ് കൗണ്‍സിലിങ്ങ് നടത്തി പ്രവേശന നടപടികള്‍ ആരംഭിച്ചത്. ഇതിനെതിരേ ചൊവ്വാഴ്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ബുധനാഴ്ച ഹര്‍ജി പരിഗണിച്ച് പ്രവേശനം സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച അടിയന്തിരമായി ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സുപ്രീംകോടതി ഇടപെടലോടെ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി തുടരുന്ന സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവച്ചു. ഇതുവരെ സ്‌പോട്ട് പ്രവേശനത്തിലൂടെ നികത്തിയ മുഴുവന്‍ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലെ പ്രവേശനവും ചോദ്യചിഹ്നമായി. സുപ്രീംകോടതി വിധിക്കുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് എന്‍ട്രന്‍സ് കമ്മിഷണര്‍ അറിയിച്ചത്. പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കിയശേഷമാകും അടുത്ത അഡ്മിഷന്‍. പത്താം തിയതിക്കകം അഡ്മിഷന്‍ നടപടി പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ അതനുസരിച്ച് തിയതി നിശ്ചയിക്കും. 1,100 ഓളം സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി ഇരുപതിനായിരത്തിലേറെ വിദ്യാര്‍ഥികളാണു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നത്.

RELATED STORIES

Share it
Top