Sub Lead

ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ പാറക്കല്ല് വീണ് യുവാവ് മരിച്ച സംഭവം; ദൃശ്യങ്ങള്‍ പുറത്ത്

ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ പാറക്കല്ല് വീണ് യുവാവ് മരിച്ച സംഭവം; ദൃശ്യങ്ങള്‍ പുറത്ത്
X

കല്‍പ്പറ്റ: താമശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ സഞ്ചരിച്ച രണ്ടുപേരുടെ മേല്‍ കല്ല് വീണുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മലയുടെ മുകളില്‍ നിന്നും ഉരുണ്ടുവന്ന വലിയ പാറക്കല്ല് ആറാം വളവില്‍വച്ച് ബൈക്കിനെ ഇടിപ്പിച്ചുതെറുപ്പിക്കുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നത്. ഈ മാസം 16നാണ് അപകടം നടന്നത്. വിനോദസഞ്ചാരത്തിനെത്തിയ മലപ്പുറം വണ്ടൂര്‍ സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇവരുടെ പിന്നിലുണ്ടായിരുന്ന മറ്റൊരു ബൈക്കിലെ യാത്രികന്റെ കാമറയിലാണ് അപകടദൃശ്യങ്ങള്‍ പതിഞ്ഞത്. മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്നാണ് 250 മീറ്റര്‍ ഉയരത്തില്‍ നിന്നും കല്ല് ഉരുണ്ടുവന്നത്. തുടര്‍ന്ന് കല്ല് ഇവരുടെ ബൈക്കില്‍ പതിച്ചു.

അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ അഭിനവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അഭിനവിനൊപ്പം ബൈക്കിലുണ്ടായിരുന്ന അനീഷിനും പരിക്കുണ്ട്. ചുരത്തില്‍ മണ്ണിടിച്ചിലും പാറയിടിച്ചിലുമുണ്ടാവാറുണ്ടെങ്കിലും അതെല്ലാം കനത്ത മഴയത്ത് മാത്രമാണ്. ചുരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പാറ യാത്രക്കാരുടെ ദേഹത്തേക്ക് വീഴുന്നത്. ചുരത്തില്‍ ആ സമയത്ത് മഴയോ കോടമഞ്ഞോ ഉണ്ടായിരുന്നുമില്ല. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ചുരം കയറുന്നത്.

നവീകരണങ്ങള്‍ മുറപോലെ നടക്കുന്നുണ്ടെങ്കിലും ചുരത്തിന്റെ സുരക്ഷിതത്വം ഇല്ലാതാവുന്നതിന്റെ തെളിവാണ് ശനിയാഴ്ചത്തെ അപകടം. ചുരത്തില്‍ നിരവധിയിടങ്ങളില്‍ പാറക്കല്ലുകള്‍ താഴേക്ക് പതിക്കാന്‍ പാകത്തില്‍ കിടപ്പുണ്ട്. ഇതാണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നത്. വയനാട്ടിലേക്കുള്ള വിനോദയാത്ര അഭിനവിന്റെ അപ്രതീക്ഷിത മരണത്തിന് കാരണമായതിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കള്‍. മലപ്പുറം വണ്ടൂരില്‍നിന്ന് മൂന്ന് ബൈക്കുകളിലായാണ് ആറ് സുഹൃത്തുക്കള്‍ വയനാട് കാണാന്‍ പുറപ്പെട്ടത്. ഈ അപകടം ഒറ്റപ്പെട്ട സംഭവമാണെന്നും ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാവില്ലെന്നുമാണ് വനംവകുപ്പും പൊതുമരാമത്ത് വകുപ്പും നല്‍കുന്ന വിശദീകരണം.

Next Story

RELATED STORIES

Share it