Sub Lead

നോവലിസ്റ്റും കവിയുമായ ടി പി രാജീവന്‍ അന്തരിച്ചു

നോവലിസ്റ്റും കവിയുമായ ടി പി രാജീവന്‍ അന്തരിച്ചു
X

കോഴിക്കോട്: പ്രശസ്ത നോവലിസ്റ്റും കവിയുമായ ടി പി രാജീവന്‍ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരുന്നു. മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനും നോവലിസ്റ്റും സാഹിത്യ നിരൂപകനുമാണ് തച്ചം പൊയിൽ രാജീവൻ എന്ന ടി.പി. രാജീവൻ.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻ മലയാളകാവ്യഭാഷക്ക് പുത്തൻ ഉണർവ്വ് നൽകി. ആധുനികതയുടെ വിച്ഛേദം സമർത്ഥമായി പ്രകടിപ്പിച്ച കവിയാണു രാജീവൻ. അതു പിന്നീട് വന്ന പുതുകവികൾക്ക് വലിയ പ്രചോദനമായി. മലയാളത്തിലെ ആഗോളകവിതയെ കണ്ടെത്തി അവതരിപ്പിക്കുന്നതിലും കവിയുടെ ശ്രദ്ധ എടുത്തു പറയേണ്ടതാണ്.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻ്റെ കൃതികൾ ഫ്രഞ്ച്, ഇറ്റാലിയൻ, പോളിഷ് അടക്കം 14 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരക്കാര്‍ എന്നിവയാണ് പ്രശസ്ത നോവലുകള്‍. കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ കവിതകളെഴുതിത്തുടങ്ങിയ രാജീവന് യുവകവികള്‍ക്കുള്ള വി.ടി.കുമാരന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2008-ലെ ലെടിംഗ് ഹൗസ് ഫെല്ലോഷിപ്പിനും തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലും ഇംഗ്ലീഷിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിട്ട.അധ്യാപകനായ തച്ചംപൊയില്‍ രാഘവന്‍ നായരുടേയും ദേവി അമ്മയുടേയും മകനായി 1959-ല്‍ പാലേരിയിലാണ് ജനനം. ഡല്‍ഹിയില്‍ പാട്രിയറ്റ് പത്രത്തില്‍ പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി. കെ.സി.ജോസഫ് സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാള്‍, ദീര്‍ഘകാലം, പ്രണയശതകം തുടങ്ങിയ കവിതകളും പുറപ്പെട്ടുപോകുന്ന വാക്ക് എന്ന യാത്രാവിവരണവും വാക്കും വിത്തും, അതേ ആകാശം അതേ ഭൂമി എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയും കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും സിനിമയായി ചിത്രീകരിച്ചിട്ടുണ്ട്. വടക്കുമ്പാട് ഹൈസ്‌കുള്‍, ഗുരുവായൂരപ്പന്‍ കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നടുവണ്ണൂരിനടുത്ത് കോട്ടൂരിലെ നരയംകുളത്താണ് ഇപ്പോള്‍ താമസം. ഭാര്യ: പി.ആര്‍.സാധന. മക്കള്‍: ശ്രീദേവി, പാര്‍വ്വതി.

Next Story

RELATED STORIES

Share it