Sub Lead

ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന് കളങ്കം: പി ടി ഉഷ; ഉഷയ്‌ക്കെതിരേ താരങ്ങള്‍

ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന് കളങ്കം: പി ടി ഉഷ; ഉഷയ്‌ക്കെതിരേ താരങ്ങള്‍
X


ഡല്‍ഹി: ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് പറഞ്ഞ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷക്കെതിരെ ഗുസ്തി താരങ്ങള്‍ രംഗത്ത്. വനിത താരമായിട്ടും തങ്ങളെ കേള്‍ക്കാന്‍ പി ടി ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് പ്രതികരിച്ചു. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ല,സമാധാനപരമായി പ്രതിഷേധിക്കുന്നു.സ്വന്തം അക്കാദമിയെ കുറിച്ച് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നിലിരുന്ന് കരഞ്ഞയാളാണ് പി ടി ഉഷ. മൂന്ന് മാസമായി നീതിക്കായി പോരാടുന്നു എന്ന് വിനേഷ് ഫോഗട്ട് വ്യക്തമാക്കി.

ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് പി.ടി ഉഷ പ്രതികരിച്ചിരുന്നു. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും പിടി ഉഷ പറഞ്ഞു.

എന്നാല്‍ പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നല്‍കി. അവരില്‍ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്ന് പുനിയ പറഞ്ഞു.

അതേസമയം ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തുന്ന രാപകല്‍ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ 7 വനിതാ കായികതാരങ്ങള്‍ ഡല്‍ഹി പൊലീസില്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നല്‍കിയിട്ട് ആറു ദിവസം ആയിട്ടും എഫ്‌ഐ ആര്‍ എടുത്തിട്ടില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇവര്‍ക്ക് പിന്തുണ അറിയിച്ചു.

ഇതിനിടെ തങ്ങളുടെ 'മന്‍ കീ ബാത്ത്' എന്തുകൊണ്ട് കേള്‍ക്കുന്നില്ലെന്ന് പ്രധാനമന്ത്രിയോട് ചോദ്യവുമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ രംഗത്തുവന്നിരുന്നു. ബിജെപി നേതാവും റസ്ലിങ് ഫെഡറേഷന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാന്‍ ചര്‍ച്ച വേണമെന്ന് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കണ്ട് പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.

ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മേല്‍നോട്ട സമിതി രൂപീകരിച്ചതിനെത്തുടര്‍ന്ന് താരങ്ങള്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച വീണ്ടും സമരമാരംഭിച്ചു. ഏപ്രില്‍ അഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ആറംഗ മേല്‍നോട്ട സമിതിയുടെ കണ്ടെത്തലുകള്‍ കായിക മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.


Next Story

RELATED STORIES

Share it