Sub Lead

സത്‌ലജ്-യമുന കനാല്‍ പദ്ധതി: കേന്ദ്രത്തിനു മുന്നറിയിപ്പുമായി ലോക സിഖ് പാര്‍ലമെന്റ്

സത്‌ലജ് നദിയെ യമുനാ നദിയുമായി കനാല്‍ വഴി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 700 കോടി രൂപ ചിലവ് പ്രതീക്ഷിയ്ക്കുന്ന പദ്ധതിയില്‍ കൂടുതലായി മുതല്‍മുടക്കുന്നത് ഹരിയാനയാണ്.

സത്‌ലജ്-യമുന കനാല്‍ പദ്ധതി: കേന്ദ്രത്തിനു മുന്നറിയിപ്പുമായി ലോക സിഖ് പാര്‍ലമെന്റ്
X

അമൃത് സര്‍: സത്ലജ്-യമുന(എസ്വൈഎല്‍) കനാല്‍ പദ്ധതിയെ എതിര്‍ത്ത് ലോക സിഖ് പാര്‍ലമെന്റ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ പ്രശ്‌നത്തെ അന്താരാഷ്ട്രവല്‍ക്കരിക്കുമെന്നും 26 രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളുള്ള ലോക സിഖ് പാര്‍ലമെന്റ് മുന്നറിയിപ്പ് നല്‍കി. സുപ്രധാനമായ നദീതീരത്തെ ജലത്തിന്റെ അവകാശികള്‍ക്കു മേല്‍ കനത്ത പ്രഹരം ഏല്‍പ്പിക്കുന്ന പദ്ധതിക്കാണ് ഇന്ത്യയിലെ സുപ്രിം കോടതിയുടെ അനുമതിയോടെ തയ്യാറെടുക്കുന്നതെന്നും ഇതിനെതിരേ സിഖ് പാര്‍ലമെന്റ് അതിലെ ലോകമെമ്പാടുമുള്ള പങ്കാളികളുമായി ചേര്‍ന്ന് അനന്താരാഷ്ട്ര തലത്തില്‍ നിയമപോരാട്ടം നടത്തുമെന്നും സംഘടന അറിയിച്ചു. എസ് വൈ എല്‍ കനാല്‍ പ്രശ്‌നം പഞ്ചാബില്‍ താമസിക്കുന്ന എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണെന്നും അവരുടെ ജീവിക്കാനുള്ള അവകാശമായതിനാല്‍, അന്താരാഷ്ട്ര കോടതികളിലൂടെ നേരിടാന്‍ സിവില്‍ സൊസൈറ്റി സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ലോക സിഖ് പാര്‍ലമെന്റ് പ്രമേയം പാസ്സാക്കി. സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, കോളജുകള്‍ എന്നിവയിലുടനീളം വിഷയത്തില്‍ അവബോധം സൃഷ്ടിക്കാനായി പ്രവര്‍ത്തിക്കുകയും സമാധാനപരമായി പ്രക്ഷോഭം നടത്തുകയും ചെയ്യും. ഇത്തരത്തില്‍ പ്രശ്‌നം ഒരു അന്താരാഷ്ട്ര പ്രചാരണമായി മുന്നോട്ടുകൊണ്ടുപോകും. ''എല്ലാ ജനങ്ങള്‍ക്കും സ്വയം നിര്‍ണയാവകാശമുണ്ട്. എല്ലാ ജനങ്ങള്‍ക്കും അവരുടെ സ്വത്തുക്കളും വിഭവങ്ങളും സ്വതന്ത്രമായി വിനിയോഗിക്കാം. യാതൊരു കാരണവശാലും ഒരു ജനതയ്ക്കും സ്വന്തം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെടരുതെന്നും പ്രമേയം ചൂണ്ടിക്കാട്ടി. നേരത്തേ, സത്ലജ്-യമുന കനാല്‍ പൂര്‍ത്തിയാക്കി ഹരിയാനയുമായി ജലം പങ്കുവെയ്ക്കേണ്ട സാഹചര്യമുണ്ടായാല്‍ പഞ്ചാബ് കത്തുമെന്നും ദേശസുരക്ഷയെ ബാധിക്കുമെന്നും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.

പഞ്ചാബ് നദിയെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ചരിത്രം വിഭജനത്തിനും മുമ്പുള്ളതാണെന്നും ലോക സിഖ് പാര്‍ലമെന്റ് കോ-ഓഡിനേറ്റര്‍ ഹിമ്മത് സിങ് പറഞ്ഞു. എസ്വൈഎല്‍ കനാലിനു വേണ്ടി കുഴിയെടുക്കുന്നത് തുടരാന്‍ ഇന്ത്യയിലെ സുപ്രിം കോടതി 2002 ജനുവരിയില്‍ പഞ്ചാബിനു നിര്‍ദേശം നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കനാല്‍ പ്രവര്‍ത്തനയോഗ്യമാക്കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാല്‍, പഞ്ചാബ് സംസ്ഥാനം ഉത്തരവ് ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും 2002 മാര്‍ച്ചില്‍ ഹരജി തള്ളിക്കളഞ്ഞു. 2020 ജൂലൈ 28ന് തര്‍ക്കം മൂന്നാഴ്ചയ്ക്കുള്ളില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രിംകോടതി ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കി. എന്നാല്‍, ഇതുവരെ ഒരു പരിഹാരവും കണ്ടിരുന്നില്ല. മാത്രമല്ല ഹരിയാനയിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടുപോവാനാണ് സുപ്രിം കോടതി ഏറ്റവുമൊടുവില്‍ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിനെ വരണ്ടതാക്കുകയും തരിശാക്കി മാറ്റുകയും ചെയ്യുന്ന പദ്ധതി പ്രാവര്‍ത്തികമായാല്‍ 30 ദശലക്ഷത്തിലേ പേരെ നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നദികളെ 'ദേശീയ സ്വത്തായി' പ്രഖ്യാപിക്കുന്ന കാവേരി ജല തര്‍ക്കത്തെക്കുറിച്ചുള്ള 2018ലെ സുപ്രിം കോടതിയുടെ സുപ്രധാന വിധിന്യായത്തെക്കുറിച്ചും സിഖ് പാര്‍ലമെന്റ് അംഗങ്ങള്‍ പരാമര്‍ശിച്ചു.

1980കളിലും 1990 കളിലും എസ്വൈഎല്‍ കനാലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഇന്തോ-സിഖ് സംഘര്‍ഷത്തില്‍ പഞ്ചാബികള്‍ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ ന്യായമായ ഫലം ലഭിച്ചില്ലെന്ന് സിഖ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള മതമൗലികവാദ സര്‍ക്കാര്‍ വീണ്ടും ഈ ദിശയിലേക്കാണ് നീങ്ങുന്നതെന്നും പഞ്ചാബിലെ ജനങ്ങള്‍ക്ക് പ്രക്ഷോഭം നടത്താനാവില്ലെന്നും പാര്‍ലിമെന്റ് ചൂണ്ടിക്കാട്ടി. 1982ലാണ് കനാല്‍ നിര്‍മാണ പദ്ധതിക്കു തുടക്കമിട്ടത്. ഹരിയാന അവരുടെ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ജലം പങ്കുവയ്ക്കാന്‍ പഞ്ചാബ് തയ്യാറായിരുന്നില്ല. പദ്ധതി പൂര്‍ത്തിയാക്കി തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട 3.5 എംഎഎഫ് ജലം കൊണ്ടുപോവാനാണ് ഹരിയാനയുടെ നീക്കം. സത്‌ലജ് നദിയെ യമുനാ നദിയുമായി കനാല്‍ വഴി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 700 കോടി രൂപ ചിലവ് പ്രതീക്ഷിയ്ക്കുന്ന പദ്ധതിയില്‍ കൂടുതലായി മുതല്‍മുടക്കുന്നത് ഹരിയാനയാണ്.

World Sikh Parliament threatens to internationalize SYL issue





Next Story

RELATED STORIES

Share it