പുറത്തിറങ്ങിയിട്ട് നാല് ദിവസം, സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കും: ആതിര -പോലിസില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള പരിപാടിയിലുണ്ടായ ചില പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ സാധിച്ചില്ല. അതിനാലാണ് സ്വമേധയാ വേദിയിലേക്ക് ചെന്നത്. ആതിര പറഞ്ഞു.

പുറത്തിറങ്ങിയിട്ട് നാല് ദിവസം, സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കും: ആതിര  -പോലിസില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

കൊച്ചി: പുറത്തിറങ്ങിയിട്ട് നാല് ദിവസമായെന്ന് എറണാകുളം പാവക്കുളത്ത് ബിജെപി സംഘടിപ്പിച്ച പൗരത്വ ഭേദഗതി അനുകൂല സെമിനാറിനിടെ എതിര്‍ത്ത് സംസാരിച്ച പെണ്‍കുട്ടി ആതിര. സംഭവത്തിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ കാരണം രണ്ട് മൂന്ന് ദിവസമായി പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. തനിക്ക് നേരെ സമൂഹമാധ്യമങ്ങളിലുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ് ആതിര മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷങ്ങളായി താന്‍ താമസിക്കുന്ന വനിതാ ഹോസ്റ്റലിന് സമീപത്ത് വച്ചാണ് ബുധനാഴ്ച പരിപാടി നടന്നത്.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള പരിപാടിയിലുണ്ടായ ചില പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ സാധിച്ചില്ല. അതിനാലാണ് സ്വമേധയാ വേദിയിലേക്ക് ചെന്നത്. ചേച്ചി എന്നു വിളിച്ച് വളരെ മാന്യമായാണ് അവരോട് സംസാരിച്ചതെങ്കിലും പ്രതികരണം രൂക്ഷമായിരുന്നു. അവിടെ നടന്ന സംഭവങ്ങളെല്ലാം മൊബൈല്‍ പകര്‍ത്തിയതും പിന്നിട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും താനല്ല അവിടെ ഉണ്ടായിരുന്നവര്‍ തന്നെയാണ്. തന്റെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതെന്നും ആതിര പറഞ്ഞു.

അതിനിടെ തിരുവനന്തപുരം പേയാട് സ്വദേശി എസ് ആതിരയെ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ കൊച്ചിയിലെ ഹോസ്റ്റലില്‍ എത്തി സന്ദര്‍ശിച്ചു. ആതിരയ്ക്ക് നേരെയുണ്ടായ കൈയ്യേറ്റം അപലപനീയമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വനിത കമ്മീഷന്‍ അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് പോലിസില്‍ നിന്നും റിപ്പോര്‍ട്ട് തേടും. പെണ്‍കുട്ടിക്ക് വനിത കമ്മീഷന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നതായും എംസി ജോസഫൈന്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്നും എംസി ജോസഫൈന്‍ വ്യക്തമാക്കി.
RELATED STORIES

Share it
Top