Sub Lead

നോട്ടടിച്ച് കൂട്ടാനുള്ള നീക്കം ശ്രീലങ്കയ്ക്ക് എട്ടിന്റെ പണിയാവുമോ?

പണം കൂടുതലായി അച്ചടിക്കുന്നത് രാജ്യത്തെ സാമ്പത്തിക ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നില്ല എന്നാല്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ഇറങ്ങുന്ന പണത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇതോടെ കൈവശം കൂടുതല്‍ പണം ഉള്ളതിനാല്‍ ജനം കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ താത്പര്യപ്പെടും. എന്നാല്‍ ഉദ്പാദനത്തില്‍ മാറ്റം ഉണ്ടാവാത്തതിനാല്‍ ക്ഷാമത്തിലേക്കും, വിലക്കയറ്റത്തിലേക്കും രാജ്യത്തെ കൊണ്ടു പോവുകയും പണപ്പെരുപ്പം രൂക്ഷമാക്കുകയും ചെയ്യും.

നോട്ടടിച്ച് കൂട്ടാനുള്ള നീക്കം ശ്രീലങ്കയ്ക്ക് എട്ടിന്റെ പണിയാവുമോ?
X

കൊളംബോ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി വന്‍തോതില്‍ കറന്‍സി അച്ചടിക്കാനുള്ള നീക്കത്തിലാണ് ശ്രീലങ്ക.നിലവിലെ സാഹചര്യം തരണം ചെയ്യാന്‍ പണം അച്ചടിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറയുന്നത്.കഴിഞ്ഞ വര്‍ഷം പ്രതിസന്ധി മുന്നില്‍ കണ്ട് മുന്‍ സര്‍ക്കാര്‍ വ്യാപകമായി പണം അച്ചടിച്ചിരുന്നു. ഇതായിരുന്നു രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചതില്‍ ഒരു പ്രധാന കാരണം. രാജ്യത്തെ തകര്‍ത്ത ഈ നയം തന്നെ തുടരാനാണ് പുതിയ പ്രധാനമന്ത്രിയുടേയും തീരുമാനം.

2021ല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ 1.2 ട്രില്യണ്‍ രൂപ അച്ചടിച്ചു. 2022ന്റെ ആദ്യ പാദത്തില്‍ തന്നെ 588 ബില്യണ്‍ രൂപ അച്ചടിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ശ്രീലങ്കയുടെ പണ വിതരണം 42%മായാണ് വര്‍ധിച്ചത്.

ഇത്തരം തെറ്റായ നയങ്ങളെ ആധുനിക നാണയ സിദ്ധാന്തം എന്ന് വിളിച്ചാണ് മുന്‍ സര്‍ക്കാര്‍ ന്യായീകരിച്ചിരുന്നത്. ഇതിനായി നോട്ടടിക്കുന്ന പ്രിന്റിങ് പ്രസ്സുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ ഇത് വലിയ അബദ്ധമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പണം കൂടുതലായി അച്ചടിക്കുന്നത് രാജ്യത്തെ സാമ്പത്തിക ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നില്ല എന്നാല്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ഇറങ്ങുന്ന പണത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇതോടെ കൈവശം കൂടുതല്‍ പണം ഉള്ളതിനാല്‍ ജനം കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ താത്പര്യപ്പെടും. എന്നാല്‍ ഉദ്പാദനത്തില്‍ മാറ്റം ഉണ്ടാവാത്തതിനാല്‍ ക്ഷാമത്തിലേക്കും, വിലക്കയറ്റത്തിലേക്കും രാജ്യത്തെ കൊണ്ടു പോവുകയും പണപ്പെരുപ്പം രൂക്ഷമാക്കുകയും ചെയ്യും.

അതേസമയം, രാജ്യത്ത് ഒറ്റ ദിവസത്തേക്കുള്ള പെട്രോള്‍ മാത്രമാണ് അവശേഷിക്കുന്നത്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.ഇപ്പോള്‍ തന്നെ പെട്രോള് പമ്പുകളില് വാഹനങ്ങളുടെ വലിയ നിരയാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പെട്രോള്‍ തീരുന്നതോടെ രാജ്യത്തെ ഗതാഗത സംവിധാനങ്ങളും ആകെ അവതാളത്തിലാകും. ഇത് പ്രതിസന്ധിയുടെ ആക്കം കൂട്ടുകയും ചെയ്യും.

രാജ്യത്ത് അടിയന്തരമായി 75 ദശലക്ഷം ഡോളര്‍ വിദേശനാണ്യം വേണം എന്നാണ് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുപറഞ്ഞത്. ഈ പണം ലഭിച്ചില്ലെങ്കില്‍ അവശ്യവസ്തുക്കളുടെ ഇറക്കുമതി തടസ്സപ്പെടുമെന്ന ആശങ്കയും വിക്രമസിംഗെ ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. ഇതിനായി കേന്ദ്ര ബാങ്കിന് പുതിയ നോട്ടുകള്‍ അച്ചടിക്കേണ്ടി വരുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

പ്രതിസന്ധി മറികടക്കുന്നതിനായി മറ്റ് മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ തേടുന്നുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ സ്വകാര്യവത്കരണം ആണ് അതില്‍ ഒന്ന്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് എത്രത്തോളം പ്രായോഗികമാകും എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 45 ബില്യണ്‍ ശ്രീലങ്കന്‍ രൂപയായിരുന്നു (129.5 ദശലക്ഷം ഡോളര്‍) എയര്‍ലൈന്‍സിന്റെ നഷ്ടം. രണ്ട് മാസം കൂടി പ്രതിസന്ധി തുടരുമെന്നാണ് പുതിയ സര്‍ക്കാര്‍ പറയുന്നത്. 'നമ്മുടെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാട് നിറഞ്ഞതായിരിക്കും വരാനിരിക്കുന്ന രണ്ട് മാസങ്ങള്‍' എന്നായിരുന്നു വിക്രമസിംഗെ ടെലിവിഷനിലൂടെ ജനങ്ങളോട് പറഞ്ഞത്.

Next Story

RELATED STORIES

Share it