Sub Lead

ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല: കുടുംബത്തിനും അഭിഭാഷകര്‍ക്കും ഭീഷണി; വിചാരണക്കോടതി മാറ്റിയേക്കും

കേസിന്റെ വിചാരണ നടപടികള്‍ പടിഞ്ഞാറന്‍ യുപി ജില്ലയില്‍നിന്ന് പുറത്തേക്ക് മാറ്റുന്ന കാര്യം പരിഗണിക്കണമെന്ന് ലഖ്‌നോ ബെഞ്ച് പറഞ്ഞു. ഹാഥ്‌റസ് പ്രത്യേക വിചാരണ കോടതിയില്‍ മാര്‍ച്ച് അഞ്ചിന് വാദം കേള്‍ക്കുന്നതിനിടെ കുടുംബത്തിനുണ്ടായ ഭീഷണി ചൂണ്ടിക്കാട്ടിയാണ് സഹോദരന്‍ സത്യവാങ്മൂലം നല്‍കിയത്.

ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല: കുടുംബത്തിനും അഭിഭാഷകര്‍ക്കും ഭീഷണി; വിചാരണക്കോടതി മാറ്റിയേക്കും
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് കൂട്ടബലാല്‍സംഗ കൊലക്കേസിന്റെ വിചാരണ നിലവിലെ കോടതിയില്‍നിന്ന് മാറ്റുന്നത് പരിഗണിക്കുന്നു. അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നോ ബെഞ്ചിന്റേതാണ് നിര്‍ദേശം. കുടുംബത്തിനും അഭിഭാഷകര്‍ക്കും നിരന്തരം ഭീഷണി നേരിടുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. കേസിന്റെ വിചാരണ നടപടികള്‍ പടിഞ്ഞാറന്‍ യുപി ജില്ലയില്‍നിന്ന് പുറത്തേക്ക് മാറ്റുന്ന കാര്യം പരിഗണിക്കണമെന്ന് ലഖ്‌നോ ബെഞ്ച് പറഞ്ഞു. ഹാഥ്‌റസ് പ്രത്യേക വിചാരണ കോടതിയില്‍ മാര്‍ച്ച് അഞ്ചിന് വാദം കേള്‍ക്കുന്നതിനിടെ കുടുംബത്തിനുണ്ടായ ഭീഷണി ചൂണ്ടിക്കാട്ടിയാണ് സഹോദരന്‍ സത്യവാങ്മൂലം നല്‍കിയത്.

മാര്‍ച്ച് അഞ്ചിന് വിചാരണക്കോടതിയില്‍ നടന്ന സംഭവത്തെക്കുറിച്ച് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ സ്റ്റേ ചെയ്യേണ്ടതുണ്ടോ മറ്റെവിടേയ്‌ക്കെങ്കിലും മാറ്റേണ്ടതുണ്ടോയെന്ന കാര്യങ്ങള്‍ പരിഗണിക്കുമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ സഹോദരനെ കൂടാതെ കേസ് അന്വേഷിക്കുന്ന സിബിഐയും വിചാരണക്കോടതി ഹാഥ്‌റസില്‍നിന്ന് സംസ്ഥാനത്തിന്റെ മറ്റേവിടേക്കെങ്കിലും മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കാര്യവും സഹോദരന്റെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി വാദിക്കുന്ന പ്രധാന അഭിഭാഷകയായ സീമ കുശ്വാഹയ്‌ക്കെതിരായ ഭീഷണികള്‍ ഉള്‍പ്പെടെ സത്യവാങ്മൂലത്തിലെ ഉള്ളടക്കങ്ങള്‍ കോടതി വിശദമായി പരിശോധിച്ചിട്ടുണ്ട്.

തരുണ്‍ ഹരി ശര്‍മ എന്ന അഭിഭാഷകന്‍ കോടതി മുറിയില്‍ അതിക്രമിച്ച് കയറി ഹരജിക്കാരനെയും അദ്ദേഹത്തിന്റെ അഭിഭാഷകരെയും കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് വിചാരണ നടപടികള്‍ നിര്‍ത്താന്‍ ഹാഥ്‌റസ് ജില്ലാ കോടതി പ്രിസൈഡിങ് ജഡ്ജി നിര്‍ബന്ധിതനായെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. അഭിഭാഷകരടക്കം ഒരു വലിയ ജനക്കൂട്ടം കോടതിമുറിയില്‍ പ്രവേശിച്ച് ഹരജിക്കാരനെയും അഭിഭാഷകരെയും വളയുകയും ഭീഷണിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോടതി മുറിയിലും കോടതി പരിസരത്തും ഹരജിക്കാരന് പോലിസ് സംരക്ഷണം നല്‍കാന്‍ ഹാഥ്‌റസ് കോടതി ഉത്തരവിട്ടിരുന്നു. ഈ സംഭവത്തിനുശേഷം അഭിഭാഷകയ്ക്ക് ഭീഷണിയുള്ളതിനാല്‍ അവര്‍ പ്രത്യേക കോടതിയില്‍ ഹാജരായിരുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. ഏപ്രില്‍ 7 നാണ് അലഹബാദ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ യാതൊരു തടസ്സവുമില്ലാതെ വിചാരണ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹാഥ്‌റസ് ജില്ലാ ജഡ്ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സപ്തംബര്‍ 14 നാണ് ഹാഥ്‌റസില്‍ സവര്‍ണജാതിയില്‍പ്പെട്ട നാലുപേര്‍ ചേര്‍ന്ന് ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്നത്.

Next Story

RELATED STORIES

Share it