Sub Lead

ജയിലില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി ഭാര്യയുടെ ആരോഗ്യസ്ഥിതി വഷളാക്കി: ഇമ്രാന്‍ ഖാന്‍

ജയിലില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി ഭാര്യയുടെ ആരോഗ്യസ്ഥിതി വഷളാക്കി: ഇമ്രാന്‍ ഖാന്‍
X

ഇസ്‌ലാമാബാദ്: പങ്കാളിയായ ബുഷ്‌റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം ജയിലില്‍ നല്‍കിയെന്ന ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഭക്ഷണത്തില്‍ കലര്‍ന്ന രാസവസ്തുക്കള്‍ ദിവസേനയുള്ള വയറുവേദനയ്ക്ക് കാരണമായെന്നും ഇത് ബുഷ്‌റയുടെ ആരോഗ്യത്തെ മോശമാക്കിയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് മുന്‍ പ്രധാനമന്ത്രിയുടെ ആരോപണം പുറത്തുവിട്ടിരിക്കുന്നത്. ബുഷ്‌റ ബീബിയുടെ പരിശോധന ഷിഫ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ നടത്തണമെന്ന് ഷൗക്കത്ത് ഖാനം ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസിം യൂസഫ് നിര്‍ദേശിച്ചതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

എന്നാല്‍ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ പരിശോധന നടത്തിയാല്‍ മതിയെന്ന നിലപാടില്‍ ജയില്‍ അധികൃതര്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഇമ്രാന്‍ ആരോപിച്ചു.തുടര്‍ന്ന് ഇമ്രാന്‍ ഖാന്റെയും ബുഷ്‌റ ബീബിയുടെയും വൈദ്യപരിശോധന നടത്തണമെന്ന് ഡോ. യൂസഫിനോട് കോടതി ഉത്തരവിട്ടു. പിന്നീട് വിചാരണ വേളയില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്ന് കോടതി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു.

2018ല്‍ ഇസ്‌ലാമിക നിയമം ലംഘിച്ച് വിവാഹം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ഖാനും ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിക്കെതിരെയുള്ള മൂന്നാമത്തെ പ്രതികൂല ശിക്ഷാ വിധി കൂടിയായിരുന്നു ഇത്.മുന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയതിന് ശേഷം 'ഇദ്ദത്ത്' എന്ന് വിളിക്കപ്പെടുന്ന ഇസ്‌ലാം നിര്‍ബന്ധമാക്കിയ കാത്തിരിപ്പ് കാലയളവ് പൂര്‍ത്തിയാകാതെയാണ് ബുഷ്‌റ ഖാന്‍ ഇമ്രാനെ വിവാഹം ചെയ്തതെന്ന് കോടതി പറഞ്ഞിരുന്നു.

കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇരുവരും വിവാഹം കഴിച്ചിരുന്നോ എന്നതിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ തങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഇരുവരും പ്രതികരിച്ചത്. അതേസമയം സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തി എന്ന കേസില്‍ ഇമ്രാന്‍ ഖാന് പത്ത് വര്‍ഷം കോടതി ശിക്ഷ വിധിച്ചിരുന്നു. സീക്രട്ട്‌സ് ആക്ട് പ്രകാരമാണ് ശിക്ഷാ വിധി വരുന്നത്. മുന്‍ വിദേശകാര്യ മന്ത്രിയും തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനുമായ ഷാ മഹ്മൂദ് ഖുറേഷിയെയും പ്രത്യേക കോടതി 10 വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു.

2022ല്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇമ്രാന്‍ ഖാന്‍ അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ രണ്ടു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്.




Next Story

RELATED STORIES

Share it