Sub Lead

ഫലസ്തീനിയെ ബലാല്‍സംഗം ചെയ്തതിന് ശിക്ഷിക്കരുതെന്ന് ഇസ്രായേലി സൈനികര്‍

ഫലസ്തീനിയെ ബലാല്‍സംഗം ചെയ്തതിന് ശിക്ഷിക്കരുതെന്ന് ഇസ്രായേലി സൈനികര്‍
X

തെല്‍അവീവ്: ഇസ്രായേലിലെ ദെ തെയ്മാന്‍ ജയിലില്‍ ഫലസ്തീനിയെ ബലാല്‍സംഗം ചെയ്തതിന് തങ്ങളെ ശിക്ഷിക്കരുതെന്ന് ഇസ്രായേലി സൈനികര്‍. ബലാല്‍സംഗത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഈ സൈനികര്‍ക്കെതിരേ കേസെടുക്കാന്‍ ഇസ്രായേലി പോലിസ് നിര്‍ബന്ധിതരായിരുന്നു. തുടര്‍ന്നാണ് ''നീതി'' തേടി സൈനികര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ''ഞങ്ങള്‍ ഫോഴ്‌സ് 100ലെ അംഗങ്ങളാണ്. ഞങ്ങള്‍ മൗനം പാലിക്കില്ല. ഞങ്ങള്‍ക്ക് നീതി കിട്ടാന്‍ പോരാടും.''-മുഖംമൂടി ധരിച്ച് എത്തിയ സൈനികര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ജയിലില്‍ നിന്നുള്ള വീഡിയോദൃശ്യങ്ങള്‍ ചോര്‍ന്നത്. ഫലസ്തീനിയെ ബലമായി ചുവരില്‍ ചേര്‍ത്തു നിര്‍ത്തി ബലാല്‍സംഗം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇരയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. വീഡിയോ പുറത്തുവന്നതോടെ പത്ത് ഇസ്രായേലി സൈനികരെ ജൂലൈ 29ന് അറസ്റ്റ് ചെയ്തു. പിന്നീട് പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങി. ഈ സൈനികര്‍ക്ക് പിന്തുണയുമായി ഇസ്രായേലി യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സും രംഗത്തെത്തി. ഇസ്രായേലിന്റെ സുരക്ഷക്കായി ബലാല്‍സംഗം ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് ഇസ്രായേല്‍ കാറ്റ്‌സിന്റെ നിലപാട്. ബലാല്‍സംഗം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടതിനാണ് ഇസ്രായേലി സൈന്യത്തിലെ മുതിര്‍ന്ന അഭിഭാഷക മേജര്‍ ജനറല്‍ യിഫാത് തോമര്‍ യെരുശല്‍മിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇസ്രായേലി സൈന്യത്തിനെതിരേ ഗൂഡാലോചന നടത്തിയെന്നാണ് യിഫാതിനെതിരായ ആരോപണം.

പീഡനത്തിന് ഇരയായ ഫലസ്തീനിയുടെ മൊഴി പോലും ഇസ്രായേലി പോലിസ് രേഖപ്പെടുത്തിയില്ല. ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തടവുകാരെ വിട്ടയച്ചപ്പോള്‍ ഇരയേയും വിട്ടയച്ചുവെന്നാണ് ഇസ്രായേലി റിപോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, ഇത് ഗസ ഭരണകൂടമോ ഹമാസോ സ്ഥിരീകരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it