Sub Lead

വഖ്ഫ് നിയമനം: സര്‍ക്കാര്‍ നീക്കം ദുരൂഹം; പിഎസ്‌സിക്കു വിട്ട നടപടി നിലനില്‍ക്കും

വഖ്ഫ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് നിയമനം പിഎസ്‌സിക്കു വിട്ടുകൊണ്ട് സര്‍ക്കാര്‍ നിയമം പാസാക്കിയത്. പുതിയ നിയമം പിന്‍വലിക്കുന്നതു വരെ വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിവഴി മാത്രമേ നടക്കൂ എന്നിരിക്കെ സര്‍ക്കാര്‍ ഇപ്പോള്‍ പയറ്റുന്നത് അടവു നയമാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

വഖ്ഫ് നിയമനം: സര്‍ക്കാര്‍ നീക്കം ദുരൂഹം; പിഎസ്‌സിക്കു വിട്ട നടപടി നിലനില്‍ക്കും
X

പി സി അബ്ദുല്ല

കോഴിക്കോട്: വഖ്ഫ് നിയമനം പിഎസ്‌സിക്കു വിട്ട നിയമം നിലനില്‍ക്കെ അത് നടപ്പാക്കില്ലെന്ന് സമസ്ത നേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ സംശയങ്ങള്‍ ബാക്കി. വഖ്ഫ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് നിയമനം പിഎസ്‌സിക്കു വിട്ടുകൊണ്ട് സര്‍ക്കാര്‍ നിയമം പാസാക്കിയത്. പുതിയ നിയമം പിന്‍വലിക്കുന്നതു വരെ വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിവഴി മാത്രമേ നടക്കൂ എന്നിരിക്കെ സര്‍ക്കാര്‍ ഇപ്പോള്‍ പയറ്റുന്നത് അടവു നയമാണെന്ന ആക്ഷേപമാണ് ഉയരുന്നത്. വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്നാണ് മുഖ്യമന്ത്രി സമസ്ത നേതാക്കളെ ഇന്ന് അറിയിച്ചത്. നിയമനം പിഎസ്‌സിക്കു വിടുന്നതിനെതിരേ സമസ്ത ഉള്‍പ്പെടെയുള്ള മുഴുവന്‍ മുസ്‌ലിം സംഘടനകളും ഉന്നയിച്ച വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. നിയമ നിര്‍മ്മാണത്തിന് മുമ്പ് നടക്കേണ്ട ചര്‍ച്ചകള്‍ നിയമം പ്രാബല്യത്തിലായ ശേഷം നടത്തുമെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ ദുരൂഹതകളുണ്ട്.

സമസ്ത നേതാക്കളുമായി ഇന്ന് മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു തയ്യാറായതില്‍ തന്നെ സര്‍ക്കാരിന്റെ അടവുനയം വ്യക്തമായിരുന്നു. കാന്തപുരം വിഭാഗം ഒഴികെയുള്ള സംഘടനകള്‍ സര്‍ക്കാരിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങിയ ഘട്ടത്തിലാണ് മുഖ്യമന്ത്രി സമസ്ത ഇ കെ വിഭാഗം നേതാക്കളെ മാത്രം ചര്‍ച്ചയ്ക്കു വിളിച്ചത്. ലീഗ് കഴിഞ്ഞ വെള്ളിയാഴ്ച പള്ളികള്‍ കേന്ദ്രീകരിച്ച് നടത്താനിരുന്ന പ്രതിഷേധം സമസ്തയുടെ പിന്‍മാറ്റത്തോടെ പൊളിഞ്ഞത് സര്‍ക്കാരിന് ആശ്വാസമാവുകമും ചെയ്തു. സമസ്ത പിന്‍മാറിയ ശേഷവും ലീഗ് പ്രതിഷേധം കനപ്പിച്ചു. വ്യാഴാഴ്ച കോഴിക്കോട് വന്‍ പ്രതിഷേധ റാലി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഇ കെ നേതാക്കളെ ചര്‍ച്ചയ്ക്കു ക്ഷണിച്ചത്. പ്രക്ഷോഭത്തില്‍ നിന്നും സമസ്തയെ അടര്‍ത്തിമാറ്റി ലീഗിനും സമര രംഗത്തുള്ള മറ്റ് മുസ്‌ലിം സംഘടനകള്‍ക്കും തിരിച്ചടി നല്‍കാനും പ്രക്ഷോഭം ക്ഷയിപ്പിക്കാനുമുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് ഒടുവിലത്തെ നീക്കങ്ങളില്‍ പ്രകടമാവുന്നത്.

വിശദമായ ചര്‍ച്ച നടത്തുമെന്നും തീരുമാനം ഉണ്ടാവുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് നിയമപരമായ സാധുതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ പേരില്‍ സമസ്ത പ്രക്ഷോഭത്തില്‍ നിന്ന് മാറി നിന്നാല്‍ സര്‍ക്കാര്‍ തന്ത്രം ലക്ഷ്യം കാണുകയും വഖ്ഫ് ലിഷയത്തില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം തണുക്കുകയും ചെയ്യും.

നിയമനം പിഎസ്‌സിക്ക് വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തില്‍പെടാത്തവര്‍ക്കും വഖ്ഫ് ബോര്‍ഡില്‍ ജോലി ലഭിക്കുമെന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി സമസ്ത നേതൃത്വത്തെ അറിയിച്ചെങ്കിലും അക്കാര്യത്തിലുള്ള നിയമപരമായ ഉറപ്പ് നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല എന്നതും ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it