Sub Lead

പിണറായിയുടെ നടപടി ജനവഞ്ചനയെന്ന് വി എം സുധീരന്‍

നരേന്ദ്ര മോദിയുടെ ഭരണം തികഞ്ഞ പരാജയമാണ്. സ്വകാര്യ കുത്തക മുതലാളിമാരുടെ താല്‍പര്യത്തിനു വേണ്ടി ഇന്ത്യയെ ചൂഷണം ചെയ്യുകയാണ്.

പിണറായിയുടെ നടപടി ജനവഞ്ചനയെന്ന് വി എം സുധീരന്‍
X

കണ്ണൂര്‍: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്ത പിണറായിയുടെയും കൂട്ടരുടെയും നടപടി ജനവഞ്ചനയാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം പാനൂര്‍ ബ്ലോക്കിലെ കരിയാട് പുതുശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള നിയമസഭയെയും കേരളത്തിലെ ജനങ്ങളെയും അപമാനിക്കുന്ന ഗവര്‍ണര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. മോദിയെയും അമിത്ഷായെയും എതിര്‍ക്കുന്നുവെന്ന് പറയുന്ന സിപിഎം ഇവര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന ഗവര്‍ണറോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഗവര്‍ണര്‍ കളിക്കുന്ന കളി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. പൊളിറ്റിക്കല്‍ പ്ലെയറായി ഗവര്‍ണര്‍ മാറിയിരിക്കുകയാണ്. ജനങ്ങളുടെ ഏറ്റവും വലിയ അവകാശം ജീവിക്കാനുള്ള അവകാശമാണ്. ആ അവകാശം ഹനിച്ച് കൊലപാതക രാഷ്ട്രീയവുമായി മുന്നോട്ടുപോകുന്ന പിണറായിയും കൂട്ടരും ഭരണഘടന സംരക്ഷിക്കണമെന്ന് പറയുമ്പോള്‍ ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ല. പിണറായിയും കൂട്ടരും തെറ്റ് തിരുത്തി ജനങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ പറയുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യത ഉണ്ടാവുകയുള്ളൂ. നരേന്ദ്ര മോദിയുടെ ഭരണം തികഞ്ഞ പരാജയമാണ്. സ്വകാര്യ കുത്തക മുതലാളിമാരുടെ താല്‍പര്യത്തിനു വേണ്ടി ഇന്ത്യയെ ചൂഷണം ചെയ്യുകയാണ്. സ്വകാര്യ കുത്തകകള്‍ക്കു വേണ്ടി രാജ്യത്തെ വിറ്റുതുലയ്ക്കുന്ന ഒരു നിലയിലേക്ക് നരേന്ദ്രമോദി തരം താണെന്നും അദ്ദേഹം പറഞ്ഞു.

കെ പി ഹാഷിം അധ്യക്ഷത വഹിച്ചു. പദയാത്ര നായകന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, വി സുരേന്ദ്രന്‍, ചന്ദ്രന്‍ തില്ലങ്കേരി, കെ പി സാജു, സി വി എ ജലീല്‍, സുരേഷ് ബാബു എളയാവൂര്‍, കെ സി മുഹമ്മദ് ഫൈസല്‍, ടി ജയകൃഷ്ണന്‍, രാജീവന്‍ എളയാവൂര്‍, രജിത്ത് നാറാത്ത്, എം പി വേലായുധന്‍, പൊന്നമ്പത്ത് ചന്ദ്രന്‍, പി കെ സതീശന്‍, സന്തോഷ് കണ്ണമ്പള്ളി സംസാരിച്ചു.




Next Story

RELATED STORIES

Share it