Sub Lead

കെ എം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം; ആധാരമാക്കിയത് ലീഗ് നേതാവിന്റെ പരാതി

ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നൗഷാദ് പൂതപ്പാറ

കെ എം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം; ആധാരമാക്കിയത് ലീഗ് നേതാവിന്റെ പരാതി
X

കണ്ണൂര്‍: മുസ് ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ആധാരമാക്കിയത് ലീഗ് നേതാവിന്റെ പരാതി. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്നു കാണിച്ച് അഴീക്കോട് മണ്ഡലം മുസ് ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റും ലീഗ് അനുകൂല അധ്യാപക സഘടനയുടെ നേതാവുമായ നൗഷാദ് പൂതപ്പാറ 2017ല്‍ മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്കു നല്‍കിയ പരാതിയാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിലേക്കെത്തിയത്. സിപിഎം നേതാവും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുടുവന്‍ പത്മനാഭന്റെ പരാതിയിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തേ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നൗഷാദ് പൂതപ്പാറയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നുവെങ്കിലും അധ്യാപക സംഘടനയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ക്രിമിനല്‍ ബുദ്ധിയില്ലാത്തതിനാല്‍ ഇതൊന്നും റെക്കോഡ് ചെയ്തു വച്ചിട്ടില്ലെന്നും നൗഷാദ് പൂതപ്പാറ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പുറത്താക്കിയ കാര്യം ചന്ദ്രികയിലൂടെയാണ് അറിഞ്ഞിരുന്നത്. ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. തനിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയതെന്നും നൗഷാദ് പൂതപ്പാറ ആവര്‍ത്തിച്ചു.



കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കോഴ ഇടപാട് നടന്നതെന്നാണ് ആരോപണം. അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കാന്‍ പൂതപ്പാറ ശാഖാ കമ്മിറ്റിയെ ഹൈസ്‌കൂള്‍ കമ്മിറ്റി സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പ്ലസ് ടു അനുവദിച്ചാല്‍ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫീസ് കെട്ടിടം നിര്‍മിക്കാന്‍ കെട്ടിട നിര്‍മാണ ചെലവിലേക്ക് ഒരു തസ്തികയ്ക്കു സമാനമായ തുക നല്‍കാമെന്ന് ഹൈസ്‌കൂള്‍ കമ്മിറ്റി ഉറപ്പുനല്‍കിയെന്നാണ് ആരോപണം. 2014ല്‍ സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചതിനെ തുടര്‍ന്ന് വാഗ്ദാനം ചെയ്ത തുക നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. എന്നാല്‍ കെ എം ഷാജി എംഎല്‍എ ഇടപെട്ട് തുക ഇപ്പോള്‍ നല്‍കേണ്ടെന്നും തന്നോട് ചര്‍ച്ച ചെയ്ത് കൊടുത്താല്‍ മതിയെന്നുമായിരുന്ന നിര്‍ദേശം. സ്‌കൂള്‍ മാനേജര്‍ ഇപ്രകാരം അറിയിച്ചെന്നായിരുന്നു ലീഗ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചത്. എന്നാല്‍ 2017 ജൂണില്‍ സ്‌കൂള്‍ കമ്മിറ്റി ജനറല്‍ ബോഡിയില്‍ സ്‌കൂള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചെലവാക്കിയ തുകയുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കെ എം ഷാജി തുക കൈപ്പറ്റിയതായി ബോധ്യപ്പെട്ടെന്നാണ് ആരോപണം.


തുടര്‍ന്നാണ് മുസ് ലിം ലീഗ് അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന നൗഷാദ് പൂതപ്പാറ 2017 ജൂലൈ 12നു പാര്‍ട്ടിയുടെ അഴീക്കോട് പഞ്ചായത്ത് കമ്മിറ്റിക്കു പരാതി നല്‍കിയത്. ഭീമമായ തുക കവര്‍ച്ച ചെയ്ത വ്യക്തിക്കെതിരേ മേല്‍ഘടകത്തെ സമീപിച്ച് പ്രസ്തുത തുക തിരിച്ചുപിടിച്ച് പാര്‍ട്ടി ഓഫിസ് യാഥാര്‍ത്ഥ്യമാക്കാന്‍ നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇദ്ദേഹത്തിന്റെ പരാതി അന്വേഷിച്ചതില്‍ കെ എം ഷാജിക്കെതിരായ പരാതി അന്വേഷിച്ചപ്പോള്‍ നിജസ്ഥിതി ബോധ്യപ്പെട്ടെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അഴീക്കോട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് ഹാരിസ് അന്നത്തെ മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ലെന്നു മാത്രമല്ല, ഷാജിക്കെതിരായ പരാതി മാധ്യമങ്ങളിലൂടെ പുറത്താവുകയും ചെയ്തു. പരാതി പുറത്താക്കിയത് താനല്ലെന്നാണ് നൗഷാദ് പൂതപ്പാറ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ഇതിനിടെ, വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് കെ എം ഷാജിക്കെതിരേ കേസെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2018 ഒക്ടോബര്‍ അഞ്ചിനു കത്ത് നല്‍കി. 2019 നവംബര്‍ 19ന് നിയമസഭാ സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. 2020 മാര്‍ച്ച് 16നാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ കേസെടുക്കാന്‍ അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദം.

ഏതായാലും കൊവിഡ് ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും കെ എം ഷാജിയും തമ്മില്‍ തുടങ്ങിയ പോരാണ് വിജിലന്‍സ് അന്വേഷണത്തിനു കാരണമെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്. ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച കെ എം ഷാജിയെ പിന്തുണച്ച് മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപിയും മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.


Next Story

RELATED STORIES

Share it