Sub Lead

പോലിസ് വാനില്‍ പിറന്നാള്‍ കേക്ക് മുറിച്ച് കൊലക്കേസ് പ്രതി; വൈറലായി വീഡിയോ

പോലിസ് വാനില്‍ പിറന്നാള്‍ കേക്ക് മുറിച്ച് കൊലക്കേസ് പ്രതി; വൈറലായി വീഡിയോ
X

മുംബൈ: മഹാരാഷ്ട്രയിലെ കോടതി വളപ്പില്‍ പോലിസ് വാനിലുള്ളില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് കൊലക്കേസ് പ്രതി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ്‌നഗറിലാണ് പോലിസുകാരുടെ അകമ്പടിയില്‍ ജന്‍മദിന കേക്ക് മുറിക്കുന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. കൊലക്കേസ് ഉള്‍പ്പെടെ നിരവധി വധശ്രമ, ക്രിമിനല്‍ കേസുകളിലെ പ്രതിയായ റോഷന്‍ ഝായെ വാദം കേള്‍ക്കാന്‍ വിചാരണക്കോടതിയില്‍ കൊണ്ടുപോവുമ്പോഴായിരുന്നു സംഭവം.

ഉല്ലാസ് നഗര്‍ നിവാസിയായ റോഷന്‍ ഝാ ഗുണ്ടാസംഘത്തിന്റെ ആളും ഉന്നത രാഷ്ട്രീയബന്ധവുമുള്ളയാളാണ്. കൂടാതെ ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. ഉല്ലാസ്‌നഗര്‍, ടിറ്റ്‌വാല, കല്യാണ്‍, ഡോംബിവ്‌ലി എന്നിവിടങ്ങളില്‍ മൂന്ന് വധശ്രമക്കേസുകള്‍ ഉള്‍പ്പെടെ ഏഴ് ഗുരുതരമായ ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടിറ്റ്‌വാല പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഇയാളെ അധര്‍വാഡി ജയിലില്‍ നിന്ന് കല്യാണിലെ കോടതിയിലേക്ക് കൊണ്ടുവരവേ പോലിസ് വാനിനുള്ളില്‍ ഇരുന്നുകൊണ്ട് ഇയാള്‍ ജന്‍മദിന കേക്ക് മുറിക്കുകയായിരുന്നു.

എസ്‌കോര്‍ട്ട് വാനിന്റെ ജനാല വഴി സുഹൃത്തുക്കള്‍ നല്‍കിയ കേക്കാണ് പോലിസുകാര്‍ നോക്കിനില്‍ക്കവെ പ്രതി മുറിച്ചത്. റോഷന്‍ ഝാ കേക്ക് മുറിക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ അനുയായികള്‍ പകര്‍ത്തുകയും പിന്നീട് ഇത് അവരുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഭായ് കാ ബര്‍ത്ത്‌ഡേ ഹേ എന്ന ഗാനവും ആലപിക്കുന്നുണ്ട്. ഝായുടെ അടുത്തായി മറ്റ് വിചാരണത്തടവുകാരെയും കാണാം. വാഹനത്തിനുള്ളില്‍ പോലിസുകാരെയും കാണാം. കസ്റ്റഡിയിലുള്ള ആര്‍ക്കും കോടതിയുടെ അനുമതിയില്ലാതെ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കാറില്ല.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് പോലിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 'താനെ റൂറല്‍ പോലിസിന്റേതാണ് ഇയാളെ കോടതിയിലെത്തിച്ച പോലിസ് എസ്‌കോര്‍ട്ട് ടീം. പ്രശ്‌നം ഞങ്ങള്‍ അന്വേഷിക്കുകയാണ്- പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി എസ്പി (താനെ റൂറല്‍) വിക്രം ദേശ്മാനെ സ്ഥിരീകരിച്ചു. ഇത്തരം കേസുകളില്‍, വിചാരണത്തടവുകാര്‍ക്ക് മുന്‍ഗണന നല്‍കുന്ന പോലിസുകാര്‍ കണ്ടെത്തിയാല്‍, വകുപ്പുതല അന്വേഷണത്തിന് ശേഷം അവരെ സ്ഥലം മാറ്റുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്യാമെന്ന് മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ പറഞ്ഞു. നിരവധി പേര്‍ പ്രതിക്ക് സൗകര്യം ചെയ്തുകൊടുത്ത പോലിസിന്റെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it