Big stories

പ്രവാചക നിന്ദ: റാഞ്ചിയില്‍ സംഘര്‍ഷം സൃഷ്ടിച്ചത് ഹിന്ദുത്വര്‍; ആദ്യം വെടിയുതിര്‍ത്തത് കാളി മന്ദിറിന് മുകളില്‍ നിന്ന് (വീഡിയോ)

പ്രവാചക നിന്ദ: റാഞ്ചിയില്‍ സംഘര്‍ഷം സൃഷ്ടിച്ചത് ഹിന്ദുത്വര്‍; ആദ്യം വെടിയുതിര്‍ത്തത് കാളി മന്ദിറിന് മുകളില്‍ നിന്ന് (വീഡിയോ)
X

റാഞ്ചി: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്ക് എതിരായ പ്രതിഷേധത്തിനിടെ റാഞ്ചിയില്‍ സംഘര്‍ഷം സൃഷ്ടിച്ചത് ഹിന്ദുത്വരെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. റാഞ്ചിയില്‍ ഹിന്ദുത്വരുടെ നിയന്ത്രണത്തിലുള്ള കാളി മന്ദിറിന് മുകളില്‍ നിന്നാണ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്ന് തെളിയിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. യാതൊരു പ്രകോപനവുമില്ലാതെയാണ് ഹിന്ദുത്വര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഈ വെടിവയ്പ്പില്‍ ഒരു മുസ് ലിം ബാലന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും ചെയ്തു.

പ്രവാചക നിന്ദക്കെതിരായ പ്രതിഷേധ റാലി റാഞ്ചി മെയിന്‍ റോഡിലെ കാളി മന്ദിറിന് മുന്നില്‍ എത്തിയപ്പോള്‍ സമാധാനപരമായി റാലി നടത്തിയ മുസ്‌ലിംകള്‍ക്ക് നേരെ പോലീസ് ആദ്യം ലാത്തിച്ചാര്‍ജ്ജ് നടത്തി. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതിനിടെ കാളി മന്ദിറില്‍ നിന്ന് ഹിന്ദുത്വ ആള്‍ക്കൂട്ടം വെടിയുതിര്‍ക്കുകയും ഒരു മുസ്‌ലിം ബാലന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്‌തെന്ന് മാധ്യമ പ്രവര്‍ത്തകന്‍ മീര്‍ ഫൈസല്‍ ട്വീറ്റ് ചെയ്തു.

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്ക് എതിരായ പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാഞ്ചിയില്‍ നടന്ന പ്രതിഷേധത്തിനെതിരേ പോലിസ് നിറയൊഴിക്കുകയായിരുന്നു. മുദസ്സിര്‍ (15), സഹില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ജുമുഅ കഴിഞ്ഞ് മടങ്ങുന്നതിനിടേയാണ് മുദസ്സിറിന് വെടിയേറ്റത്.

പ്രതിഷേധത്തിനിടയില്‍ ഏതാനും പോലിസുകാര്‍ക്ക് പരിക്കേറ്റതാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് പോലിസ് ഭാഷ്യം.

കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

റാഞ്ചിയിലെ മെയിന്‍ റോഡില്‍ മുദ്രാവാക്യവുമായി വലിയൊരു ജനക്കൂട്ടംതന്നെ പ്രതിഷേധവുമായി അണിനിരന്നിരുന്നു. അറസ്റ്റ് ആവശ്യപ്പെട്ട് റാഞ്ചിയില്‍ ആയിരക്കണക്കിന് കടകള്‍ അടഞ്ഞുകിടക്കുകയാണ്. സമാധാനപരമായി പ്രതിഷേധിക്കാന്‍ പോലിസ് അനുമതി നല്‍കിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

അതേ സമയം പ്രവാചക നിന്ദക്കെതിരെ നടപടിയെടുക്കാത്ത പോലിസ് അതിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. പ്രതിഷേധങ്ങളെ കുറിച്ച് പോലിസ് അന്വേഷണം ശക്തമാക്കി. സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പോലിസിന്റെ ആരോപണം. ഇന്നലെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും കനത്ത പോലിസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റാഞ്ചിയില്‍ സംഘര്‍ഷം നടന്ന പ്രദേശത്ത് കര്‍ഫ്യു ചുമത്തിയ ജില്ലാ ഭരണകൂടം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും ഭാഗികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. പ്രതിഷേധത്തിനിടെ നിരവധി വാഹനങ്ങള്‍ക്കും ഇവിടെ തീവെയ്പ്പ് നടന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നലെ സംഘര്‍ഷം ഉണ്ടായ 9 സംസ്ഥാനങ്ങളിലും കനത്ത പോലിസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it