ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണത്തിനു പിന്നിലെ മുഖ്യ ആസൂത്രകന്‍ വിസി; അദ്ദേഹത്തെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി

അക്രമത്തില്‍ വിസിയുടെ മൗനാനുവാദവും പങ്കാളിത്തവും വ്യക്തമാക്കുന്നതാണ് അക്രമ സംഭവത്തിനു ശേഷം വിസിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകള്‍. അക്രമികളുമായി ഗൂഢാലോചന നടത്തിയതിനും അക്രമം അഴിച്ചുവിട്ടതിനും വിസിക്കെതിരേ ക്രിമിനല്‍ അന്വേഷണം വേണമെന്നും അക്രമങ്ങളോട് അലംഭാവം പുലര്‍ത്തിയ ഡല്‍ഹി പോലിസ് മറുപടി പറയണമെന്നും സമിതി റിപോര്‍ട്ട് വ്യക്തമാക്കുന്നു.

ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണത്തിനു പിന്നിലെ മുഖ്യ ആസൂത്രകന്‍ വിസി; അദ്ദേഹത്തെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യിലെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ജനുവരി അഞ്ചിനുണ്ടായ ആക്രമണത്തിനു പിന്നിലെ 'മുഖ്യ ആസൂത്രകന്‍' വൈസ് ചാന്‍സ്‌ലര്‍ ജഗദീഷ് എം കുമാറാണെന്ന് കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി. വിസിയെ ഉടന്‍ പദവിയില്‍നിന്നു നീക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

അക്രമത്തില്‍ വിസിയുടെ മൗനാനുവാദവും പങ്കാളിത്തവും വ്യക്തമാക്കുന്നതാണ് അക്രമ സംഭവത്തിനു ശേഷം വിസിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകള്‍. അക്രമികളുമായി ഗൂഢാലോചന നടത്തിയതിനും അക്രമം അഴിച്ചുവിട്ടതിനും വിസിക്കെതിരേ ക്രിമിനല്‍ അന്വേഷണം വേണമെന്നും അക്രമങ്ങളോട് അലംഭാവം പുലര്‍ത്തിയ ഡല്‍ഹി പോലിസ് മറുപടി പറയണമെന്നും സമിതി റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഡല്‍ഹി പോലിസ് അക്രമികളെ കാംപസിനകത്ത് സൈ്വര്‌വിഹാരം നടത്താന്‍ അനുവദിച്ചു. കാംപസിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട്, ആയുധധാരികളായ മുഖംമൂടിസംഘത്തെ കാമ്പസിനകത്തേക്ക് കയറ്റിവിട്ടെന്നും അക്രമം നടത്താന്‍ അനുവദിച്ചെന്നും ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികളെയും അധ്യാപകരെയും ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് എല്ലാം നടന്നത്. വിസിയുടെ വലതുപക്ഷ ചായ്വിനെക്കുറിച്ചും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സര്‍വകലാശാലയുടെ ഔദ്യോഗിക വിശദീകരണവും പോലിസ് റിപോര്‍ട്ടും തമ്മിലുള്ള വൈരുധ്യവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വൈകീട്ട് 4.30ന് പോലിസിനെ വിളിച്ചെന്നാണ് ജെഎന്‍യു അധികൃതര്‍ അവകാശപ്പെട്ടത്. എന്നാല്‍ രാത്രി 7.45നാണ് തങ്ങളെ കാംപസിനകത്തേക്ക് കടത്തിയതെന്നാണ് പോലിസ് പറയുന്നത്. പോലിസ് ഉദ്യോഗസ്ഥര്‍ തമ്പടിച്ചിരുന്നിടത്തുനിന്നും ദൂരെ മാറിയാണ് അക്രമം ഉണ്ടായതെന്നും ഡല്‍ഹി പോലിസിന്റെ ആദ്യ പ്രസ്താവനയില്‍ പറയുന്നുണ്ട്. എന്നാല്‍ യൂണിയന്‍ അംഗമായ സാകേത് മൂണ്‍ എന്ന വിദ്യാര്‍ഥി ഒരു മാധ്യമത്തോട് പറഞ്ഞത് ഉച്ച മുതല്‍ പോലിസ് കാംപസിനകത്ത് ഉണ്ടായിരുന്നുവെന്നും അവര്‍ ഒന്നും ചെയ്തില്ലെന്നുമാണ്.

സംഭവത്തില്‍ ഡല്‍ഹി പോലിസ് നിരവധി എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തു. എന്നാല്‍ അതില്‍ ഒന്നുമാത്രമാണ് ജനുവരി അഞ്ചിന് വൈകീട്ടുണ്ടായ അക്രമവുമായി ബന്ധപ്പെട്ടുള്ളത്. ആ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല. സെര്‍വര്‍ റൂം ആക്രമിച്ചു എന്ന വാദത്തിലും വസ്തുതാന്വേഷണ സമിതി റിപോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നു. കാംപസില്‍ അതിക്രമിച്ച് കയറി ആക്രമണം അഴിച്ചുവിട്ടവരെ സിസിടിവിയില്‍ പതിയാതെ സംരക്ഷിക്കാന്‍ ഇതുമൂലം സാധിച്ചെന്നും സെര്‍വര്‍ റൂം തകര്‍ക്കപ്പെട്ടത് വിസി പ്രയോജനപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. വൈസ് ചാന്‍സ്‌ലര്‍ രാജിവയ്ക്കണമെന്ന് വിദ്യാര്‍ഥികളും ഫാക്കല്‍റ്റി അംഗങ്ങളും മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി ആവശ്യപ്പെട്ട് വരികയാണെങ്കിലും സര്‍ക്കാര്‍ ഇത് തള്ളിയിരിക്കുകയാണ്.

RELATED STORIES

Share it
Top