Sub Lead

അനുമതിയില്ലാതെ 'വെട്രിവേല്‍ യാത്ര'; തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍

അനുമതിയില്ലാതെ വെട്രിവേല്‍ യാത്ര; തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍
X

ചെന്നൈ: അനുമതിയില്ലാതെ വെട്രിവേല്‍ യാത്രയുമായി മുന്നോട്ടുപോയതിനു തമിഴ്നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകനെ പോലിസ് അറസ്റ്റ് ചെയ്തു. തിരുത്തണി മുരുകന്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് എല്‍ മുരുകനെയും എച്ച് രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ മുരുകന്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപി ആസൂത്രണം ചെയ്ത വെട്രിവേല്‍ യാത്രയ്ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ അനുമതിയില്ലെങ്കിലും മുരുകന്‍ ഭഗവാന്‍അനുമതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാണ് ബിജെപി യാത്ര തുടങ്ങിയത്. ഒരു ഭക്തന്‍ എന്ന നിലയില്‍ മരുകനെ കാണാനും തൊഴാനുമുളള അവകാശം ഹനിക്കാന്‍ ആര്‍ക്കുമാവില്ലെന്നും ക്ഷേത്രത്തിലേക്ക് പോവുന്നതിനിടെ എല്‍ മുരുകന്‍ പറഞ്ഞിരുന്നു.

വെള്ളിയാഴ്ച രാവിലെ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്റെ വീട്ടില്‍ നിന്നാണ് യാത്ര തുടങ്ങിയത്. തിരുത്തണിയിലേക്ക് അഞ്ചുവാഹനങ്ങള്‍ക്ക് മാത്രമാണ് പോലിസ് അനുമതി നല്‍കിയത്. എന്നാല്‍ ഇത് ലംഘിച്ചതോടെ, അനുമതിയില്ലാതെ മുന്നോട്ടുപോവാനാവില്ലെന്ന് പറഞ്ഞ് പോലിസ് യാത്ര തടഞ്ഞു. ഇതേച്ചൊല്ലി സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും എല്‍ മുരുകന്‍ ഉള്‍പ്പടെയുളളവരെ അറസ്റ്റ് ചെയ്തുനീക്കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ആറുജില്ലകളില്‍ നിന്നെത്തിയ 1200ഓളം പോലിസുകാരാണ് തിരുത്തണി മുരുകന്‍ ക്ഷേത്രത്തിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നത്.

ഇന്നുമുതല്‍ ഡിസംബര്‍ ആറുവരെയാണ് ബിജെപി സംസ്ഥാനത്ത് 'വെട്രിവേല്‍ യാത്ര' നടത്തുമെന്ന് അറിയിച്ചിരുന്നത്. മുരുകനെ പുകഴ്ത്തുന്ന കൃതിയെ പരിഹസിച്ച് കറുപ്പര്‍കൂട്ടം എന്ന പെരിയാറിസ്റ്റ് ഗ്രൂപ്പ് വീഡിയോ പുറത്തിറക്കിയത് മതനിന്ദയാണെന്ന് ആരോപിച്ചാണ് മുരുകനെ സംരക്ഷിക്കാന്‍ എന്ന പേരില്‍ ബിജെപി യാത്ര സംഘടിപ്പിക്കുന്നത്. എന്നാല്‍, യാത്രയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ ആള്‍ക്കൂട്ടം അനുവദിക്കാനാവില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്. മാത്രമല്ല, തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സാമുദായികവികാരം ഇളക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്രയെന്നും ക്രമസമാധാനം തകര്‍ക്കുമെന്നും ആക്ഷേപമുയര്‍ന്നിരുന്നു. വാദത്തെ ബിജെപി എതിര്‍ത്തെങ്കിലും നൂറില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ക്ക് 15 വരെ വിലക്കുണ്ടെന്നു പറഞ്ഞ് കോടതി തീരുമാനം സര്‍ക്കാരിന് വിട്ടിരുന്നു. ഇതെല്ലാം ലംഘിച്ചാണ് ബിജെപി ഇന്ന് വെട്രിവേല്‍ യാത്രയുമായി മുന്നോട്ടുവന്നത്.

Vetrivel Yatra: BJP leader L Murugan, others arrested at Tiruttani




Next Story

RELATED STORIES

Share it