Sub Lead

കൊവിഡ്: അമേരിക്കയില്‍ മരണസംഖ്യ അഞ്ചുലക്ഷം കടന്നു

കൊവിഡ്: അമേരിക്കയില്‍ മരണസംഖ്യ അഞ്ചുലക്ഷം കടന്നു
X

വാഷിങ്ടണ്‍: കൊവിഡ് മഹാമാരി കാരണം അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചുലക്ഷം കടന്നതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. കാലിഫോര്‍ണിയ സംസ്ഥാനത്ത് ആദ്യമരണം റിപോര്‍ട്ട് ചെയ്യപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് തിങ്കളാഴ്ച രാജ്യം വേദനാജനകമായ സംഖ്യ മറികടന്നത്. 'ഇന്ന്, ഞങ്ങള്‍ ഹൃദയത്തെ വേദനിപ്പിക്കുന്ന ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു. കൊവിഡ് കാരണം 500,071 പേര്‍ മരിച്ചു' യുഎസ് പ്രസിഡന്റ് ജോ ബിഡന്‍ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് വൈറ്റ് ഹൗസില്‍ ഒരു നിമിഷം മൗനം ആചരിച്ച ശേഷം മരണപ്പെട്ടവര്‍ക്കു വേണ്ടി നൂറുകണക്കിന് മെഴുകുതിരികള്‍ കത്തിച്ചു.

ഒന്നാം ലോക മഹായുദ്ധം, രണ്ടാം ലോക മഹായുദ്ധം, വിയറ്റ്‌നാം യുദ്ധം എന്നിവയേക്കാള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അമേരിക്കയില്‍ മരണമടഞ്ഞത് കൊവിഡ് കാരണമാണ്. ഈയിടെയായി ബൈഡന്‍ ഭരണകൂടം പ്രതിരോധ കുത്തിവയ്പ്പുകള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ പൊതുജനാരോഗ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ കൊവിഡ് 19 നിരക്ക് കുറയാന്‍ തുടങ്ങിയിട്ടുണ്ട്. കേസുകളുടെ എണ്ണം അടുത്തിടെ അതിവേഗം കുറയുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്ന് രാജ്യത്തെ മുന്‍നിര പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ആന്റണി ഫൗസി പറഞ്ഞു,

മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും സൈനിക സ്ഥാപനങ്ങളിലും ഫെബ്രുവരി 26 ന് സൂര്യാസ്തമയം വരെ യുഎസ് പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാന്‍ ബൈഡന്‍ ഉത്തരവിട്ടു. വൈറസിന്റെ ഭീഷണിയെക്കുറിച്ചും കര്‍ശനമായ പൊതുജനാരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അലംഭാവം കാണിച്ച തന്റെ മുന്‍ഗാമിയായ ഡോണാള്‍ഡ് ട്രംപിനേക്കാള്‍ കൂടുതല്‍ കര്‍ശന സമീപനം സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.

അധികാരത്തിലെത്തിയ ആദ്യ 100 ദിവസങ്ങളില്‍ 100 ദശലക്ഷം കൊറോണ വൈറസ് വാക്‌സിന്‍ ഡോസുകള്‍ നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. 1.9 ട്രില്യണ്‍ ഡോളര്‍ കൊവിഡ് ദുരിതാശ്വാസ ബില്‍ പാസാക്കാന്‍ നിര്‍ദേശിച്ച അദ്ദേഹം കൊവിഡ് രൂക്ഷമായി ബാധിച്ച കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും പറഞ്ഞു. 'ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ വിശ്വസനീയവും തുറന്നതും സുതാര്യവുമായ ഒരു അന്താരാഷ്ട്ര അന്വേഷണം' മഹാമാരിയെക്കുറിച്ച് നടത്തണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു. വൈറസിന്റെ ഉല്‍ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ലോകാരോഗ്യ സംഘടനയ്ക്ക് വിവരം നല്‍കാന്‍ ബീജിങ് വിസമ്മതിച്ചെന്ന റിപോര്‍ട്ടുകളെ തത്തുടര്‍ന്ന് ബൈഡെന്‍ ചൈനീസ് ഭരണകൂടത്തെ വിമര്‍ശിച്ചു. അതേസമയം, ഞായറാഴ്ച വരെ 75.2 ദശലക്ഷത്തിലധികം വാക്‌സിനുകള്‍ രാജ്യത്തുടനീളം വിതരണം ചെയ്തതായി യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) റിപോര്‍ട്ട് ചെയ്തു. 18.8 ദശലക്ഷത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചു. 43.6 ദശലക്ഷം പേര്‍ക്ക് ഒരു ഡോസ് ലഭിച്ചു.

US surpasses 500,000 COVID deaths

Next Story

RELATED STORIES

Share it