Sub Lead

ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ട് അമേരിക്ക

ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ട് അമേരിക്ക
X

വാഷിങ്ടണ്‍: അമേരിക്കയുടെ വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ടു. പ്രസിഡന്റ് ജോ ബൈഡന്റെ അനുമതിയോടെയാണ് സൈനിക നടപടി. സൗത്ത് കരോലിന തീരത്താാണ് ബലൂണ്‍ വെടിവച്ചിട്ടതെന്ന് അസോസിയേറ്റ് പ്രസ് റിപോര്‍ട്ട് ചെയ്തു. മൂന്ന് വിമാനത്താവളങ്ങള്‍ അടച്ച് നടത്തിയ സൈനിക നടപടിക്കൊടുവിലാണ് ബലൂണ്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിച്ചത്. യുദ്ധവിമാനത്തിലെ മിസൈല്‍ ഉപയോഗിച്ചാണ് ചാരബലൂണ്‍ വെടിവച്ച് വീഴ്ത്തിയത്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

വൈമാനികരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ബലൂണിന്റെ അവശിഷ്ടങ്ങള്‍ വിശകലനത്തിനായി വിര്‍ജീനിയയിലെ എഫ്ബിഐ ലാബിലെത്തിക്കും. യുഎസ് പ്രതിരോധ വകുപ്പിന്റെ തന്ത്രപ്രധാന കേന്ദ്രമായ മൊണ്ടാനയിലെ ബില്ലിങ്‌സ് നഗരത്തിന് മുകളിലായാണ് പടുകൂറ്റന്‍ ബലൂണ്‍ പ്രത്യക്ഷപ്പെട്ടത്. ഏകദേശം 60,000 അടി ഉയരത്തില്‍ പറക്കുന്ന ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ യുഎസ് ടെറിട്ടോറിയല്‍ ജലാശയത്തില്‍ പരിശോധന നടന്നിരുന്നു. ഏകദേശം 60,000 അടി ഉയരത്തിലാണ് ബലൂണ്‍ പറന്നത്. ഏകദേശം മൂന്ന് സ്‌കൂള്‍ ബസുകളുടെ വലുപ്പമാണ് ബലൂണിന് കണക്കാക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂണ്‍ ദിശതെറ്റി അമേരിക്കയുടെ വ്യോമ പരിധിയിലെത്തിയതാണെന്നായിരുന്നു ചൈനയുടെ വിശദീകരണം. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അടുത്തയാഴ്ച നടത്താനിരുന്ന ചൈനാ സന്ദര്‍ശനവും ഇതെത്തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ബലൂണ്‍ വെടിവച്ചിടുന്നത് യുഎസ് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും ജനങ്ങളുടെ ജീവന് ഭീഷണിയാവാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. വടക്കേ അമേരിക്കയിലുടനീളമുള്ള നിര്‍ണായക സൈനിക മേഖലകളില്‍ അതിക്രമിച്ച് കടക്കുന്നതിന്റെ പേരില്‍ അമേരിക്കയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ നടപടിയായാണ് ചാര ബലൂണിനെ അമേരിക്ക വിലയിരുത്തുന്നത്.

Next Story

RELATED STORIES

Share it