Sub Lead

കര്‍ഷക സമരത്തില്‍ ഇടപെടണം; ബൈഡന് അമേരിക്കന്‍ അഭിഭാഷകരുടെ കത്ത്

'ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടികള്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ലംഘിക്കുന്നത് മാത്രമല്ല, ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും, നിയമപരമായ സംഘാടനം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളുടെ ലംഘനം കൂടിയാണ്'. കത്തില്‍ ചൂണ്ടിക്കാട്ടി.

കര്‍ഷക സമരത്തില്‍ ഇടപെടണം;  ബൈഡന് അമേരിക്കന്‍ അഭിഭാഷകരുടെ കത്ത്
X

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അമേരിക്കന്‍ അഭിഭാഷകരുടെ കത്ത്. സമരത്തിനെതിരേ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധ നീക്കങ്ങളിലും, നിയമവിരുദ്ധ തടങ്കലിലും സെന്‍സര്‍ഷിപ്പിലും ആശങ്കയറിയിച്ചാണ് കത്ത്. ദക്ഷിണേഷ്യന്‍ വംശജരായ നാല്പതോളം അമേരിക്കന്‍ അഭിഭാഷകരാണ് കത്തെഴുതിയത്.

'ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടികള്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ലംഘിക്കുന്നത് മാത്രമല്ല, ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും, നിയമപരമായ സംഘാടനം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളുടെ ലംഘനം കൂടിയാണ്'. കത്തില്‍ ചൂണ്ടിക്കാട്ടി.

ഇത്തരം നടപടികളെ അമേരിക്ക അപലപിക്കണമെന്നാവശ്യപ്പെടുന്ന കത്ത് ഇന്ത്യയോട് പ്രതിഷേധക്കാരുടെ ഭരണഘടനാപരമായ അവകാശത്തെ മാനിക്കണമെന്ന് ആവശ്യപ്പെടാനും കര്‍ഷകരോടൊപ്പം ഐക്യദാര്‍ഢ്യപ്പെടുവാനും അഭ്യര്‍ത്ഥിക്കുന്നു. കൊവിഡ് കാലത്ത് മതിയായ ചര്‍ച്ചകളില്ലാതെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കായി ചുട്ടെടുത്തതാണ് കാര്‍ഷിക നിയമങ്ങളെന്ന് കത്തില്‍ പറയുന്നു. ഈ ജനാധിപത്യ വിരുദ്ധ നീക്കം സമീപകാലത്തു ഇന്ത്യ കണ്ട ഏറ്റവും പ്രതിഷേധത്തിന് കാരണമായെന്നും കത്തില്‍ പറയുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടുക, ഇന്റര്‍നെറ്റ് നിരോധനം, പോലിസ് അതിക്രമം, റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്, ആക്ടിവിസ്റ്റുകളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവങ്ങള്‍ തുടങ്ങിയവ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പൗരത്വ നിയമ വിരുദ്ധ സമരത്തെ നേരിട്ട രീതി ഇതിലും തുടരുകയാണെന്നും അവര്‍ പറഞ്ഞു. നിങ്ങള്‍ അധികാരത്തിലേറിയപ്പോള്‍ ഇന്ത്യയില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ അപകടത്തിലായെന്നും കത്തില്‍ പറയുന്നു

കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ അപലപിക്കാന്‍ ആവശ്യപ്പെടുന്ന കത്തില്‍ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും നിരീക്ഷിക്കാന്‍ ഒരു അന്താരാഷ്ട്ര വേദി നിര്‍മ്മിക്കാനും അഭ്യര്‍ത്ഥിക്കുന്നുണ്ട്. വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാനും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it