Sub Lead

ഗസയിലെ നെറ്റ്‌സാരിം ഇടനാഴിയില്‍ യുഎസ് സ്വകാര്യ സൈന്യം കാവല്‍ നില്‍ക്കും

ഗസയിലെ നെറ്റ്‌സാരിം ഇടനാഴിയില്‍ യുഎസ് സ്വകാര്യ സൈന്യം കാവല്‍ നില്‍ക്കും
X

വാഷിങ്ടണ്‍: തെക്കന്‍ ഗസയേയും വടക്കന്‍ ഗസയേയും വേര്‍തിരിക്കുന്ന നെറ്റ്‌സാരിം ഇടനാഴിയില്‍ യുഎസില്‍ നിന്നുള്ള സ്വകാര്യ കരാര്‍ സൈന്യം കാവല്‍ നില്‍ക്കുമെന്ന് റിപോര്‍ട്ട്. ഗസയില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ച യുഎസും ഖത്തറും ഈജിപ്തും ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതെന്ന് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അധിനിവേശ കാലത്ത് വടക്കന്‍ ഗസയിലെ ഫലസ്തീനികളെ ഇസ്രായേല്‍ ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന് നെറ്റ്‌സാരിം ഇടനാഴിയുടെ നിയന്ത്രണം ഇസ്രായേലി സൈന്യം പിടിച്ചു. തെക്കന്‍ ഗസയില്‍ നിന്നുള്ളവര്‍ വടക്കന്‍ ഗസയിലേക്ക് പ്രവേശിക്കാതിരിക്കാനായിരുന്നു ഇത്. വെടിനിര്‍ത്തല്‍ നടപ്പായി തുടങ്ങിയതോടെ തെക്കന്‍ ഗസയിലേക്ക് അഭയാര്‍ത്ഥികളായി പോയവര്‍ തിരിച്ചുവന്നു തുടങ്ങി. ഇവരെ പരിശോധിക്കാനാണ് യുഎസില്‍ നിന്നുള്ള സ്വകാര്യ സൈനികകമ്പനികളുടെ സായുധസംഘങ്ങള്‍ കാവല്‍ നില്‍ക്കുക. തെക്കന്‍ ഗസയില്‍ നിന്ന് വടക്കന്‍ ഗസയിലേക്ക് മിസൈലുകളും അത്യാധുനിക യുദ്ധ ഉപകരണങ്ങളും കടക്കുന്നത് തടയണമെന്ന ഇസ്രായേലിന്റെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം. ശനിയാഴ്ചയോടെ ഇവരെ വിന്യസിക്കുമെന്നാണ് വിവരം.

കാല്‍നടയായി വരുന്ന ഗസക്കാരെ വിദേശ സ്വകാര്യ സൈന്യം പരിശോധിക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, എല്ലാ വാഹനങ്ങളും കര്‍ശനമായ പരിശോധനക്ക് വിധേയമാക്കും. യുഎസ് കമ്പനികളെ അയക്കുന്ന സായുധസംഘങ്ങളെ ഈജിപ്ഷ്യന്‍ കമ്പനിയായിരിക്കും നിയന്ത്രിക്കുക.

കഴിഞ്ഞ 20 വര്‍ഷമായി യുഎസ് സൈനികരോ സ്വകാര്യ സൈനികരോ ഗസയില്‍ പ്രവേശിച്ചിട്ടില്ല. ഗസയില്‍ സഞ്ചരിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്നാണ് യുഎസ് വിശ്വസിക്കുന്നത്. 2003ല്‍ ഗസയില്‍ നടന്ന ഒരു ബോംബാക്രമണത്തില്‍ മൂന്നു യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസാണ് ആക്രമണത്തിന് പിന്നിലെന്ന് അന്ന് ഇസ്രായേല്‍ ആരോപിച്ചു. ഈ ആരോപണങ്ങള്‍ ഹമാസും ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദും തള്ളുകയും ചെയ്തു.

എന്തായാലും ലോകമെമ്പാടും സൈനികസംഘങ്ങളെ വാടയ്ക്ക് കൊടുക്കുന്ന യുജി സൊലുഷന്‍സ് എന്ന യുഎസ് കമ്പനിയും ഇത്തവണ ഗസയിലേക്ക് സായുധരെ അയക്കും. ഇതില്‍ യുഎസ് ഇതരപൗരന്‍മാരും ഉണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. യുഎസ് നേതൃത്വത്തില്‍ സ്വകാര്യസൈനികര്‍ എത്തുന്നതിനോട് ഇസ്രായേലിന് യോജിപ്പാണുള്ളത്. ഭാവിയില്‍ സൗദിയും യുഎഇയും ഉള്‍പ്പെടുന്ന സമാനമായ സംവിധാനം ഗസയില്‍ രൂപീകരിക്കണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം.

പരിശോധനയൊന്നും കൂടാതെ ഫലസ്തീനികളെ വടക്കന്‍ ഗസയില്‍ പ്രവേശിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. ''കരാറിന്റെ ഏഴാം ദിവസം, 2025 ജനുവരി 25ന്, അല്‍റാഷിദ് സ്ട്രീറ്റില്‍ നിന്ന് അധിനിവേശ സേനയെ പിന്‍വലിച്ച ശേഷം, കുടിയിറക്കപ്പെട്ടവര്‍ക്ക് ആയുധങ്ങളില്ലാതെയും പരിശോധന കൂടാതെയും കാല്‍നടയായി വടക്കന്‍ ഗസയിലേക്ക് മടങ്ങാം. തെക്കന്‍ ഗസയ്ക്കും വടക്കന്‍ ഗസയ്ക്കും ഇടയില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും. പരിശോധനയ്ക്ക് ശേഷം വാഹനങ്ങള്‍ക്ക് നെറ്റ്‌സാരിം ഇടനാഴി മുറിച്ചുകടക്കാന്‍ അനുവാദമുണ്ടാകും.-ഹമാസ് അറിയിച്ചു. എന്നാല്‍, ആരായിരിക്കും പരിശോധന നടത്തുന്നതെന്ന് പ്രസ്താവനയില്‍ പരാമര്‍ശമില്ല.

Next Story

RELATED STORIES

Share it