Sub Lead

യുപി പോലിസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് ബിജെപി എംഎല്‍എ

കൊവിഡ് ബാധിച്ച് മകന്‍ മരിച്ചിട്ട് ഒരുമാസം: സ്വകാര്യ ആശുപത്രിക്കെതിരേ പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ല

യുപി പോലിസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് ബിജെപി എംഎല്‍എ
X

ഹാര്‍ദോയി: കൊവിഡ് ബാധിതനായ മകന്റെ മരണത്തിന് ഉത്തരവാദികളായ സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ യുപി പോലിസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ. യുപിയിലെ ഹാര്‍ദോയി ജില്ലയിലെ സാന്‍ഡിലയില്‍ നിന്നുള്ള ബിജെപി നിയമസഭാംഗമായ രാജ്കുമാര്‍ അഗര്‍വാളാണ് യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിലെ പോലിസിനെതിരേ പരസ്യവിമര്‍ശനവുമായെത്തിയത്. തന്റെ മകന്‍ ആശിഷ്(35) ഏപ്രില്‍ 26ന് കക്കോരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചെന്നും അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നുമാണ് രാജ്കുമാര്‍ അഗര്‍വാള്‍ ആരോപിക്കുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ പരാതി നല്‍കി ഒരു മാസത്തിലേറെയായിട്ടും പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നാണ് ആരോപണം.

'ഏപ്രില്‍ 26നു രാവിലെ മകന്റെ ഓക്‌സിജന്റെ അളവ് 94 ആയിരുന്നു. അദ്ദേഹം ഭക്ഷണം കഴിക്കുകയും ഞങ്ങളുമായി പതിവുപോലെ സംസാരിക്കുകയും ചെയ്തു. പെട്ടെന്ന് വൈകീട്ട് ഡോക്ടര്‍മാര്‍ മകന്റെ ഓക്‌സിജന്റെ അളവ് കുറയുന്നതായി പറഞ്ഞു. ഞങ്ങള്‍ പുറത്തു നിന്ന് ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചു. പക്ഷേ ഈ ഓക്‌സിജന്‍ രോഗിക്കു നല്‍കാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ലെന്നും ബിജെപി എംഎല്‍എ രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. ആശുപത്രി ഭരണകൂടത്തിന്റെയും ഡോക്ടര്‍മാരുടെയും അശ്രദ്ധയും കാരണമാണ് മകന്‍ മരിച്ചത്. തന്റെ മകന് നീതി ലഭിക്കാന്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'അന്ന് ആ ആശുപത്രിയില്‍ ഏഴ് പേര്‍ മരിച്ചു. ഞാന്‍ ഇതേക്കുറിച്ച് മുഖ്യമന്ത്രി, ജില്ലാ മജിസ്‌ട്രേറ്റ്, പോലിസ് കമ്മീഷണര്‍, പോലിസ് മേധാവി എന്നിവരോട് പരാതിപ്പെട്ടിരുന്നു. എന്നിട്ടും എന്റെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആശുപത്രിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിക്കണമെന്നാണ് എന്റെ ആവശ്യം. എന്റെ മകന്റെ മരണത്തിന് ആരാണ് ഉത്തരവാദിയെന്ന് അതില്‍ കാണാം. ഉത്തരവാദിത്തപ്പെട്ട ഡോക്ടര്‍മാരെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

UP Police Not Filing Complaint: BJP MLA; 30 Days Since Son Died Of Covid


Next Story

RELATED STORIES

Share it