Sub Lead

'മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യും'; യുപിയില്‍ മുസ്‌ലിം പള്ളിക്ക് പുറത്ത് വിദ്വേഷ പ്രസംഗം നടത്തിയ സന്യാസി അറസ്റ്റില്‍

മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യും; യുപിയില്‍ മുസ്‌ലിം പള്ളിക്ക് പുറത്ത് വിദ്വേഷ പ്രസംഗം നടത്തിയ സന്യാസി അറസ്റ്റില്‍
X

ലഖ്‌നോ: മുസ്‌ലിം സമുദായത്തില്‍പ്പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുമെന്ന് ഉത്തര്‍പ്രദേശിലെ മുസ്‌ലിം പള്ളിക്ക് പുറത്ത് ഭീഷണി മുഴക്കിയ സന്യാസി അറസ്റ്റിലായി. പരസ്യമായി വിദ്വേഷ പ്രസംഗം നടത്തി 11 ദിവസത്തിനുശേഷമാണ് സന്യാസിയെ അറസ്റ്റുചെയ്യാന്‍ പോലിസ് തയ്യാറായത്. ഏപ്രില്‍ രണ്ടിന് നവരാത്രി, ഹിന്ദു പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ ഖൈരാബാദ് ടൗണിലെ മഹര്‍ഷി ശ്രീ ലക്ഷ്മണ്‍ ദാസ് ഉദസിന്‍ ആശ്രമത്തിലെ മഹന്ത് ബജ്‌റംഗ് മുനി ദാസ് എന്ന സന്യാസിയാണ് അറസ്റ്റിലായത്. തലസ്ഥാനമായ ലഖ്‌നോവില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സീതാപൂരില്‍ നിന്നാണ് ഇയാളെ പോലിസ് പിടികൂടിയത്.

ലഖ്‌നോവില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സീതാപൂര്‍ ജില്ലയില്‍ ഒരു മുസ്‌ലിം പള്ളിക്ക് പുറത്ത് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കാവിവസ്ത്രം ധരിച്ച സന്യാസി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുമെന്ന് ആക്രോശിച്ചത്. ഇതിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലിസ് അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ രണ്ടിന് നടന്ന സംഭവത്തില്‍ ആറുദിവസത്തിനുശേഷമാണ് പോലിസ് അന്വേഷണം നടത്താന്‍ പോലും തയ്യാറായത്. സന്യാസിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ രംഗത്തുവന്നിരുന്നു. ഇത്തരം പരാമര്‍ശങ്ങളില്‍ പോലിസിന് നിശബ്ദരായിരിക്കാനാവില്ലെന്നും സന്യാസിയെ അറസ്റ്റ് ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ പ്രഥമവിവര റിപോര്‍ട്ട് സമര്‍പ്പിച്ചത്. വിദ്വേഷ പ്രസംഗം, അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തല്‍, ലൈംഗികാതിക്രമം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ബജ്‌റംഗ് മുനി ദാസിനെതിരേ കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം ബജ്‌റംഗ് മുനി മാപ്പ് പറയുന്നതായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. 'എന്റെ പ്രസ്താവന തെറ്റായ രീതിയിലാണ് അവതരിപ്പിച്ചത്. ഇതിന് നിരുപാധികം മാപ്പ് പറയുകയാണ്,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പോലിസിന്റെ സാന്നിധ്യത്തിലാണ് കാവി വസ്ത്രം ധരിച്ച സന്യാസി ജീപ്പിനുള്ളില്‍നിന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു പോലിസുകാരനെയും വീഡിയോയില്‍ കാണാം.

മൈക്കില്‍ സംസാരിക്കുമ്പോള്‍, ആള്‍ക്കൂട്ടം 'ജയ് ശ്രീറാം' എന്ന് വിളിച്ച് ആക്രോശിക്കുമ്പോഴാണ് പ്രസംഗകന്‍ വര്‍ഗീയവും വിദ്വേഷജനകവുമായ കാര്യങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന്റെ ജാഥ ഒരു പള്ളിക്ക് സമീപമെത്തിയപ്പോഴാണ് ഉച്ചഭാഷിണിയില്‍ വിദ്വേഷ പ്രസംഗം നടത്താന്‍ തുടങ്ങിയതെന്നാണ് ആരോപണം. 'ഖൈരാബാദില്‍ ഒരൊറ്റ ഹിന്ദു പെണ്‍കുട്ടിയെ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ കളിയാക്കുകയാണെങ്കില്‍, നിങ്ങളുടെ മകളെയും മരുമകളെയും ഞാന്‍ നിങ്ങളുടെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന് പരസ്യമായി ബലാല്‍സംഗം ചെയ്യുമെന്ന് ഞാന്‍ എല്ലാ സ്‌നേഹത്തോടെയും നിങ്ങളോട് പറയുന്നു. ഇതുകേട്ട് ആള്‍ക്കൂട്ടം ആര്‍ത്തുവിളിക്കുന്നതും കാണാം. തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപ പിരിച്ചെടുത്തതായും ഇദ്ദേഹം പ്രസംഗത്തില്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ നാല് പോലിസുകാരെയും കാണുന്നുണ്ട്.

Next Story

RELATED STORIES

Share it