Sub Lead

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ സുപ്രിംകോടതിയില്‍ നുണക്കഥകള്‍ ആവര്‍ത്തിച്ച് യുപി സര്‍ക്കാര്‍

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ സുപ്രിംകോടതിയില്‍ നുണക്കഥകള്‍ ആവര്‍ത്തിച്ച് യുപി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: യുഎപിഎ ചുമത്തി ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ സുപ്രിംകോടതിയില്‍ വീണ്ടും നുണക്കഥകള്‍ നിരത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കാതിരിക്കാന്‍ കീഴ്‌ക്കോടതികളില്‍ യുപി സര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് സുപ്രിംകോടതിയിലും ചെയ്തിരിക്കുന്നത്. സിദ്ദിഖ് കാപ്പന് പോപുലര്‍ ഫ്രണ്ടുമായും കാംപസ് ഫ്രണ്ടുമായും അടുത്ത ബന്ധമുണ്ടെന്ന് യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. സിദ്ദിഖ് കാപ്പന്‍ തേജസ് ദിനപത്രത്തില്‍ പ്രവര്‍ത്തിച്ചതാണ് പോപുലര്‍ ഫ്രണ്ടുമായുള്ള ബന്ധത്തിന് തെളിവായി യുപി സര്‍ക്കാര്‍ വാദിക്കുന്നത്.

'പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നതെങ്കിലും 2009 മുതല്‍ കാപ്പന്‍ ജിദ്ദയിലെ ഗള്‍ഫ് തേജസ് ഡെയ്‌ലിയുടെ റിപോര്‍ട്ടറായിരുന്നു. അറസ്റ്റിലാവുമ്പോഴും കാപ്പനില്‍ നിന്ന് നാല് ഐഡികള്‍ പിടിച്ചെടുത്തിരുന്നു. അതില്‍ രണ്ട് എണ്ണം തേജസ് ഡെയ്‌ലിയുടെതാണ്. ഹാഥ്‌റസിലെ ഇരയുടെ കുടുംബത്തെ കാണാനും ഭിന്നതയുണ്ടാക്കാനും ഭീകരത പടര്‍ത്താനും പോപുലര്‍ ഫ്രണ്ട് പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് കാപ്പന്‍ പോയത്'- സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. കലാപങ്ങളില്‍ പ്രതികളാക്കപ്പെട്ടവരോടൊപ്പമാണ് കാപ്പന്‍ യാത്ര ചെയ്തത്. 2020 സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കാപ്പന്റെ അക്കൗണ്ടില്‍ 45,000 രൂപയെത്തിയെന്നതിന് വിശദീകരണം കിട്ടിയിട്ടില്ല.

കീഴ്‌ക്കോടതികള്‍ക്ക് മുമ്പാകെയുള്ള കാപ്പന്റെ ഹരജികള്‍ അസത്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞതാണെന്നും സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു. കാപ്പന്റെ ജാമ്യാപേക്ഷ നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് തള്ളിയിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഹാഥ്‌റസില്‍ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളിയത്. ഹാഥ്‌റസില്‍ ദലിത് യുവതി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടയിലായിരുന്നു യുപി പോലിസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തതത്.

സിദ്ദിഖ് കാപ്പനെതിരേ പിന്നീട് യുഎപിഎ ചുമത്തി. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം എന്നീ വകുപ്പുകള്‍ ചുമത്തപ്പെട്ട് കാപ്പന്‍ 22 മാസമായി ജയിലില്‍ കഴിയുകയാണ്. അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത് ചോദ്യം ചെയ്തുള്ള കാപ്പന്റെ ഹരജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി കഴിഞ്ഞ മാസം യുപി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് സപ്തംബര്‍ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it