Sub Lead

''മുസ്‌ലിംകളായതുകൊണ്ട് ആര്‍ക്കും പ്രശ്‌നമില്ല, നിശബ്ദരായിരിക്കുന്നവര്‍ എന്തൊരു നാണക്കേടാണ്!''; ഉത്തര്‍പ്രദേശിലെ പൊളിച്ചുനീക്കല്‍ നടപടിയില്‍ ഗുര്‍മെഹര്‍ കൗര്‍

മുസ്‌ലിംകളായതുകൊണ്ട് ആര്‍ക്കും പ്രശ്‌നമില്ല, നിശബ്ദരായിരിക്കുന്നവര്‍ എന്തൊരു നാണക്കേടാണ്!; ഉത്തര്‍പ്രദേശിലെ പൊളിച്ചുനീക്കല്‍ നടപടിയില്‍ ഗുര്‍മെഹര്‍ കൗര്‍
X

ലഖ്‌നോ: പ്രവാചക നിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മുസ്‌ലിം വീടുകള്‍ പൊളിച്ചുമാറ്റുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി വിദ്യാര്‍ഥി നേതാവ് ഗുര്‍മെഹര്‍ കൗര്‍ രംഗത്ത്. അവര്‍ മുസ് ലിമായതിനാല്‍ ആരും കണ്ണുതുറക്കുന്നില്ലെന്നും മിണ്ടാതിരിക്കുന്നത് എല്ലാവര്‍ക്കും എന്തൊരു നാണക്കേടാണെന്നും അവര്‍ കുറ്റപ്പെടുത്തി. 'ഇത് സ്വന്തം പൗരന്‍മാര്‍ക്ക് നേരേ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ആക്രമണമാണ്. പട്ടാപ്പകല്‍ ആക്രമിക്കപ്പെടുന്നത് നമ്മുടെ സ്വന്തം ആളുകളാണ്. എന്നാല്‍, അവര്‍ മുസ്‌ലിംകളായതിനാല്‍ ആരും കണ്ണുതുറക്കുന്നില്ല. മിണ്ടാതിരിക്കുന്നത് എല്ലാവര്‍ക്കും എന്തൊരു നാണക്കേടാണ്!'-ഗുര്‍മെഹര്‍ കൗര്‍ ട്വീറ്റ് ചെയ്തു.

കാര്‍ഗില്‍ രക്തസാക്ഷിയായ ജവാന്റെ മകള്‍ കൂടിയാണ് അവര്‍. നേരത്തെയും രാജ്യത്തെ ന്യൂനപക്ഷ വിരുദ്ധ വേട്ടയ്‌ക്കെതിരേ പ്രതികരിച്ച് വാര്‍ത്തകളില്‍ ശ്രദ്ധേയ ആയ ആളാണ് ഗുര്‍മെഹര്‍ കൗര്‍. പാകിസ്താനല്ല, യുദ്ധമാണ് തന്റെ അച്ഛനെ കൊന്നതെന്ന ഗുര്‍മെഹറിന്റെ തുറന്നുപറച്ചില്‍ മുമ്പ് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പാകിസ്താനുമായുള്ള സമാധാന ചര്‍ച്ചയെ പിന്തുണച്ചായിരുന്നു അഭിപ്രായപ്രകടനം. 'എന്റെ അച്ഛന്‍ ക്യാപ്റ്റന്‍ മന്‍ദീപ് സിങ് 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതാണ്. അച്ഛനെ കൊന്നത് പാകിസ്താനികളായതുകൊണ്ട് എല്ലാ പാകിസ്താനികളെയും ഞാന്‍ വെറുത്തിരുന്നു.

പാകിസ്താനിലുള്ള എല്ലാവര്‍ക്കും അച്ഛന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ഞാന്‍ കരുതി. പിന്നീട് എന്റെ അമ്മയാണ് എന്നെ തിരുത്തിയത്. പാകിസ്താനല്ല, യുദ്ധമാണ് അച്ഛനെ കൊന്നതെന്ന് അമ്മ എനിക്കു പറഞ്ഞുതന്നു'- ഗുര്‍മെഹറിന്റെ ഈ പരാമര്‍ശമാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. പ്രവാചക നിന്ദയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തെന്നാരോപിച്ചാണ് വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ കമ്മിറ്റി അംഗം മുഹമ്മദ് ജാവേദിന്റെ പ്രയാഗ്‌രാജിലെ വീട് യോഗി ഭരണകൂടം പൊളിച്ചുനീക്കിയത്. പ്രയാഗ് രാജ് ഡവലപ്‌മെന്റ് അതോറിറ്റിയാണ് വീട് പൊളിച്ചുനീക്കിയത്.

Next Story

RELATED STORIES

Share it