Sub Lead

അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ച് യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍

അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ച് യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍
X

ലഖ്‌നോ: വിവാദം നിലനില്‍ക്കെ അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിനു മുമ്പ് സന്ദര്‍ശിച്ച് യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായിയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മകരസംക്രാന്തി ദിനത്തില്‍ രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ അവിഷ് പാണ്ഡേ, ദീപേന്ദര്‍ ഹൂഡ, അഖിലേഷ് പ്രതാപ് സിങ്, യുപി കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അര്‍ഥന മിശ്ര, ധീരജ് ഗുര്‍ജാര്‍, സുപ്രിയ ശ്രീനേത് തുടങ്ങിയവരും സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു. സരയൂ നദിയില്‍ സ്‌നാനം ചെയ്തതശേഷം നേതാക്കള്‍ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നിരസിച്ചതിനു പിന്നാലെ തങ്ങള്‍ ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് യുപി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു.

മകരസംക്രാന്തി ദിനമായ ഇന്ന് ഭഗവാന്‍ രാമനെ ദര്‍ശനം നടത്താനും സരയൂ നദിയില്‍ പുണ്യസ്‌നാനം നിര്‍വഹിക്കാനും സാധിച്ചതായി അജയ് റായ് പറഞ്ഞു. രാമന്‍ വിശ്വാസത്തിന്റെ പ്രതീകമാണ്. എല്ലാവരിലും രാമനുണ്ട്. മകരസംക്രാന്തി ദിനത്തില്‍ രാമന്റെ അനുഗ്രഹം തേടിയാണ് തങ്ങള്‍ അയോധ്യയിലെത്തിയതെന്നും ദീപേന്ദര്‍ ഹൂഡയും പ്രതികരിച്ചു. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഭാരവാഹികളും അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it