Sub Lead

''ഐ ലവ് മുഹമ്മദ്'' മാര്‍ച്ച്: മൗലാന തൗക്കീര്‍ റസയെ കസ്റ്റഡിയിലെടുത്ത് പോലിസ്

ഐ ലവ് മുഹമ്മദ് മാര്‍ച്ച്: മൗലാന തൗക്കീര്‍ റസയെ കസ്റ്റഡിയിലെടുത്ത് പോലിസ്
X

ബറെയ്‌ലി: 'ഐ ലവ് മുഹമ്മദ്' ബാനറുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ കാണ്‍പൂര്‍ പോലിസ് കേസെടുത്തതില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത ഇത്തിഹാദ് ഇ മില്ലത്ത് കൗണ്‍സില്‍ നേതാവും പണ്ഡിതനുമായ മൗലാന തൗക്കീര്‍ റസയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ബറെയ്‌ലിയിലെ ഇസ്‌ലാമിയ മൈതാനത്ത് നിന്ന് തുടങ്ങിയ മാര്‍ച്ചിനെ പോലിസ് ലാത്തിചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ മൗലാനയെയും മറ്റുനിരവധി പേരെയും പോലിസ് അറസ്റ്റ് ചെയ്തത്. കേസുകളില്‍ മൗലാനയെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലിസ് അറിയിച്ചു. സംഭവത്തില്‍ എട്ടു പേരെ അറസ്റ്റ് ചെയ്‌തെന്നും 50 പേരെ കസ്റ്റഡയില്‍ എടുത്തെന്നും പോലിസ് വൃത്തങ്ങള്‍ പറയുന്നു.

നബിദിനാഘോഷത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഐ ലവ് മുഹമ്മദ് ബാനര്‍ സ്ഥാപിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തതാണ് പ്രതിഷേധങ്ങളുടെ തുടക്കം. കാണ്‍പൂരിലെ റാവത്ത്പൂരിലെ മൊഹല്ല സയ്യദ് നഗറിലെ ജാഫര്‍ വാലി ഗല്ലിയുടെ മുന്നില്‍ സെപ്റ്റംബര്‍ നാലിന് നബിദിന ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച 'ഐ ലവ് മുഹമ്മദ്' ബാനറിനെതിരേ ഹിന്ദുത്വര്‍ രംഗത്തെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. നബിദിന ആഘോഷത്തില്‍ പുതിയ രീതികള്‍ കൊണ്ടുവരുന്നുവെന്നാരോപിച്ചാണ് ഹിന്ദുത്വര്‍ ബാനറിനെ എതിര്‍ത്തത്. തുടര്‍ന്ന് സെപ്റ്റംബര്‍ ഒമ്പതിന് 24 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്നും നബിദിന റാലിയില്‍ പുതിയ രീതികള്‍ കൊണ്ടുവന്നെന്നുമായിരുന്നു ആരോപണം. മതഘോഷയാത്രകളില്‍ പുതിയ രീതികള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ചട്ടങ്ങള്‍ എതിരാണെന്ന് എസിപി ദിനേഷ് ത്രിപാഠിയും പറഞ്ഞു.

എന്തായാലും കാണ്‍പൂരിലെ കേസ് വിവരങ്ങള്‍ പുറത്തുവന്നതോടെ മുസ്ലിംകള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായി. ഉന്നാവിലെ മുസ്ലിം യുവാക്കള്‍ ഐ ലവ് മുഹമ്മദ് ബാനറുകളുമായി പ്രകടനങ്ങള്‍ നടത്തി. ഇതേ തുടര്‍ന്ന് എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ചുപേരെ അറസ്റ്റും ചെയ്തു. മഹാരാജ് ഗഞ്ചിലെ പ്രതിഷേധത്തെ പോലിസ് തടഞ്ഞു. 64 പേര്‍ക്കെതിരെ കേസെടുക്കുകയും നിരവധി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കൗസാമ്പിയിലെ മന്‍ജാന്‍പൂര്‍ പ്രദേശത്ത് അനുമതിയില്ലാതെ പ്രകടനം നടത്തിയെന്ന് ആരോപിച്ച് മൂന്നുപേരെയും അറസ്റ്റ് ചെയ്തു. ലഖ്നൗവില്‍ മുസ്ലിം സ്ത്രീകള്‍ നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. പിലിഭിത്തില്‍ ഒമ്പതുപേര്‍ക്കെതിരേ കേസെടുത്തതായി ജഹാനാബാദ് പോലിസ് അറിയിച്ചു. സമാധാന അന്തരീക്ഷം തകര്‍ത്തെന്ന് ആരോപിച്ചാണ് കേസ്. ബറെയ്ലി, ബധോഹി തുടങ്ങിയ ജില്ലകളിലും പ്രതിഷേധങ്ങള്‍ നടന്നു.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കോണ്‍ഗ്രസ് സിറ്റി ന്യൂനപക്ഷ വകുപ്പ് നേതാവ് വസീം ഖാന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രവാചകനെതിരായ വിദ്വേഷ പ്രചാരണങ്ങളെ എതിര്‍ത്തു. ഉത്തരാഖണ്ഡിലെ ഉദ്ധം സിങ് നഗര്‍ ജില്ലയിലെ അലി ഖാന്‍ പ്രദേശത്ത് വലിയ പ്രതിഷേധം നടന്നു. അതിനെ പോലിസ് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനും കാരണമായി. ഹൈദരാബാദിലും ശക്തമായ പ്രതിഷേധങ്ങള്‍ നടന്നു. പഞ്ചാബിലെ ലുധിയാനയിലെ സിഖുകാരും ഐ ലവ് മുഹമ്മദ് പോസ്റ്ററുമായി പ്രതിഷേധത്തിന്റെ ഭാഗമായി.

Next Story

RELATED STORIES

Share it