Sub Lead

പൗരത്വ പ്രക്ഷോഭം: യുപിയില്‍ 14 പേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്‌

ഫിറോസാബാദിലെ 35കാരന്‍ റാഷിദ് കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ പരിക്കു മൂലമാണ്. വാരണസിയില്‍ എട്ടു വയസ്സുകാരനായ മുഹമ്മദ് സഹീറാവട്ടെ തിരിക്കിലും തിരക്കിലും പെട്ടാണ് മരിച്ചതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

പൗരത്വ പ്രക്ഷോഭം: യുപിയില്‍ 14 പേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്‌
X

ലക്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിനിടെയുണ്ടായ പോലിസ് നടപടിയില്‍ കൊല്ലപ്പെട്ടവരില്‍ 14 പേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്. എട്ടു ജില്ലകളിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഫിറോസാബാദിലെ 35കാരന്‍ റാഷിദ് കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ പരിക്കു മൂലമാണ്. വാരണസിയില്‍ എട്ടു വയസ്സുകാരനായ മുഹമ്മദ് സഹീറാവട്ടെ തിരിക്കിലും തിരക്കിലും പെട്ടാണ് മരിച്ചതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

യുപി തലസ്ഥാനമായ ലക്‌നോവിലെ മുഹമ്മദ് വക്കീല്‍ (32), കാണ്‍പൂരിലെ അഫ്താബ് ആലം (22),മുഹമ്മദ് സെയ്ഫ് (25), ബിജ്‌നോറില്‍ നിന്നുള്ള അനസ് (21), സുലെമാന്‍ (35), സാംബാലില്‍ നിന്നുള്ള ബിലാല്‍ (24), മുഹമ്മദ് ഷെഹ്‌റോസ് (23), മീററ്റില്‍ നിന്നുള്ള ജഹീര്‍ (33), മൊഹ്‌സിന്‍ (28), ഫിറോസാബാദില്‍ നിന്നുള്ള ആസിഫ് (20), ആരിഫ് (20), ഫിറോസാബാദിലെ നബി ജഹാന്‍ (24), റാംപൂരിലെ ഫൈസ് ഖാന്‍ (24) എന്നിവരെ മരണത്തിലേക്ക് നയിച്ചത് ശരീരത്തിലേറ്റ ബുള്ളറ്റുകളാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കുന്നു. കാണ്‍പൂരില്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ 28കാരനായ എച്ച്‌ഐവി ബാധിതനും വെടിയേറ്റതിനെതുടര്‍ന്നുണ്ടായ പരിക്കിലാണ് കൊല്ലപ്പെട്ടത്.

15 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബങ്ങള്‍ക്ക് കൈമാറി. അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങളും പറയുന്നു.

ഉത്തര്‍പ്രദേശില്‍ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ഫായിസിന് അടിവയറ്റിലാണ് വെടിയേറ്റതെന്ന് സഹോദരന്‍ ഫറാസ് ഖാന്‍ പറയുന്നു. സംഭവത്തിന് ഒരു ഡസനിലധികം ദൃക്‌സാക്ഷികളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ പോലീസ് വെടിവയ്പിലാണോ സഹോദരന്‍ മരിച്ചതെന്ന് സ്ഥിരീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രതിഷേധക്കാരില്‍ നിന്നുള്ള വെടിയേറ്റാണ് ഇവര്‍ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി ഐജി പ്രവീണ്‍ കുമാര്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ടുകള്‍ ജില്ലകളില്‍ നിന്ന് തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it