ഉന്നാവോ: പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം; ബിജെപി എംഎല്‍എക്കെതിരേ കൊലപാതകക്കുറ്റം

പെണ്‍കുട്ടിയുടെ പിതാവിന് നേരെ എംഎല്‍എ അടക്കമുള്ളവര്‍ വന്‍ ഗൂഡാലോചന നടത്തിയെന്നു കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടതും ശരീരത്തില്‍ ഗുരുതര പരിക്കുകള്‍ കണ്ടതും വന്‍ ഗൂഢാലോചനയുടെ തെളിവാണെന്നു കോടതി വ്യക്തമാക്കി

ഉന്നാവോ: പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം; ബിജെപി എംഎല്‍എക്കെതിരേ കൊലപാതകക്കുറ്റം

ലഖ്‌നോ: ഉന്നാവോ കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്് സെന്‍ഗറിനും സഹോദരനുമെതിരേ കൊലപാതകക്കുറ്റം ചുമത്തി. എംഎല്‍എക്കെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതക കേസിലാണ് ഡല്‍ഹി കോടതി കുല്‍ദീപ് സിങ് സെന്‍ഗാറിനും സഹോദരനുമെതിരേ കൊലപാതകക്കുറ്റം ചുമത്തിയത്.

പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചതിനും ആയുധം കയ്യില്‍വച്ചുവെന്ന കേസില്‍ കുടുക്കിയതിനുമാണ് കോടതി ഇരുവര്‍ക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന് നേരെ എംഎല്‍എ അടക്കമുള്ളവര്‍ വന്‍ ഗൂഡാലോചന നടത്തിയെന്നു കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടതും ശരീരത്തില്‍ ഗുരുതര പരിക്കുകള്‍ കണ്ടതും വന്‍ ഗൂഢാലോചനയുടെ തെളിവാണെന്നു കോടതി വ്യക്തമാക്കി.

കഴിഞ്ഞ മാസം പീഡനത്തിനിരയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ സിബിഐ അന്വേഷണം നേരിടുകയാണ് ബിജെപി എംഎല്‍എ അടക്കമുള്ളവര്‍.

പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനത്തെ ഇടിച്ച ട്രക്കിന്റെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് മായിച്ച നിലയിലായിരുന്നു. അപകടം നടന്ന ഒമ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും പോലിസ് കേസെടുത്തിരുന്നില്ല. പിന്നീട് വിവാദമായതോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ലഖ്‌നോ എഡിജിപി പോലിസിന് നിര്‍ദേശം നല്‍കിയത്.

പെണ്‍കുട്ടിക്കും കുടുംബത്തിനും ജീവന് ഭീഷണി ഉണ്ടായിരുന്നതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സംഭവ സമയം സുരക്ഷാ ചുമതലയുള്ളവര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. ഈ പോലിസുകാര്‍ തന്നെയാണ് യാത്രാവിവരം, ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിങിനു ചോര്‍ത്തിനല്‍കിയതെന്ന് അപകടക്കേസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. എല്‍എല്‍എക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതിതേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്.

RELATED STORIES

Share it
Top