Sub Lead

രാജ്യത്ത് അണ്‍ലോക്ക് 3 പ്രഖ്യാപിച്ചു ; മൂന്നാം ഘട്ടത്തിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിലവിലെ സാഹചര്യം വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം.

രാജ്യത്ത് അണ്‍ലോക്ക് 3 പ്രഖ്യാപിച്ചു ;  മൂന്നാം ഘട്ടത്തിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ
X

ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുളള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായുളള എല്ലാ നടപടികളും ഇതിനായി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിലവിലെ സാഹചര്യം വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. അതേസമയം അന്തര്‍ സംസ്ഥാന യാത്രകള്‍ക്കോ, ചരക്ക് നീക്കത്തിനോ വിലക്കുകള്‍ ഏര്‍പ്പെടുത്തരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ആഗസ്ത് 31 വരെയാണ് നിലിവുളള രീതിയിലെ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്.

മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ:

1. രാത്രിയാത്രാ നിരോധനം അതായത് നൈറ്റ് കര്‍ഫ്യൂ പിന്‍വലിച്ചു

2. യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും ജിംനേഷ്യങ്ങള്‍ക്കും ആഗസ്ത് അഞ്ച് മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ അണുനശീകരണം ഉള്‍പ്പടെ നടത്തി എല്ലാ നിര്‍ദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ.

3. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്താം. എന്നാല്‍ മാസ്‌കുകള്‍ വയ്ക്കണം, എല്ലാ കൊവിഡ് ചട്ടങ്ങളും പാലിക്കണം. നിരവധിപ്പേര്‍ കൂട്ടം കൂടാന്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്നീട് പുറത്തിറക്കും.

4. സ്‌കൂളുകള്‍, കോളജുകള്‍, സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ അടക്കമുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഗസ്ത് 31 വരെ അടഞ്ഞുകിടക്കും.

5. മെട്രോ റെയില്‍, സിനിമാ തീയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍, എന്നിവ അടഞ്ഞുതന്നെ കിടക്കും. പൊതുപരിപാടികള്‍ പാടില്ല,

6. വലിയ രീതിയില്‍ ആളുകള്‍ കൂടുന്ന വിനോദപരവും കായികവും മതപരവുമായ എല്ലാ ചടങ്ങുകള്‍ക്കുമുളള വിലക്ക് തുടരും.

7. വന്ദേഭാരതിനെക്കൂടാതെ ചില അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും.

അതേസമയം ഈ ഇളവുകളൊന്നും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാധകമാകില്ല.


Next Story

RELATED STORIES

Share it