Sub Lead

ബാബരി മസ്ജിദ് പൊളിച്ചതിന്റെ അനന്തരഫലങ്ങള്‍ തുടരുന്നു: ജസ്റ്റിസ്(റിട്ട.) എസ് മുരളീധര്‍

ബാബരി മസ്ജിദ് പൊളിച്ചതിന്റെ അനന്തരഫലങ്ങള്‍ തുടരുന്നു: ജസ്റ്റിസ്(റിട്ട.) എസ് മുരളീധര്‍
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതിന് മുന്‍ ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന കല്യാണ്‍ സിങ്ങിനെതിരെ സ്വമേധയാ ഫയലില്‍ സ്വീകരിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിക്കാത്ത സുപ്രിംകോടതി നടപടിയെ ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ് മുരളീധര്‍ അപലപിച്ചു. സുപ്രിംകോടതി നടപടി സ്ഥാപനപരമായ ഓര്‍മക്കുറവാണെന്നും അത് ക്ഷമിക്കാന്‍ കഴിയില്ലെന്നും ഇന്ത്യ ഇസ്‌ലാമിക് ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന എ ജി നൂറാനി അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

''കഴിഞ്ഞ 22 വര്‍ഷമായി കോടതിയലക്ഷ്യ ഹരജി സുപ്രിംകോടതി പരിഗണിച്ചില്ല. ചത്ത കുതിരയെ എന്തിനാണ് ചാട്ടവാറു കൊണ്ട് അടിക്കുന്നുവെന്നാണ് ഹരജി ലിസ്റ്റ് ചെയ്തപ്പോള്‍ ജസ്റ്റിസ് സഞ്ജയ് കൗള്‍ ചോദിച്ചത്. ഗുരുതരമായ കുറ്റമായി സുപ്രിംകോടതി കണ്ടെത്തിയ ഒരു കാര്യത്തിലുള്ള സ്ഥാപനപരമായ ഓര്‍മക്കുറവാണിത്. എന്റെ കാഴ്ചപ്പാടില്‍ അത് ക്ഷമിക്കാന്‍ കഴിയാത്ത കാര്യമാണ്.''-ജസ്റ്റിസ് എസ് മുരളീധര്‍ പറഞ്ഞു.

ബാബരി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആരും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സുപ്രിംകോടതി ക്ഷേത്രനിര്‍മാണത്തിന് നിര്‍ദേശം നല്‍കി. ''ആരും ആവശ്യപ്പെടാതെ തന്നെ സുപ്രിംകോടതി ഭരണഘടനയുടെ 142ാം അനുഛേദം പ്രകാരമുള്ള നിര്‍ദേശങ്ങള്‍ ഇറക്കി. കേന്ദ്ര സര്‍ക്കാരോ ഹിന്ദു ഗ്രൂപ്പ് അഭിഭാഷകനോ അത് ആവശ്യപ്പെട്ടിരുന്നില്ല. അതിന് നിയമപരമായ അടിസ്ഥാനമില്ല. ആരും ക്ഷേത്രനിര്‍മാണം ആവശ്യപ്പെട്ടില്ല, അതിനാല്‍ ആരും വാദത്തിനിടെ എതിര്‍ത്തില്ല. ക്ഷേത്രം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ഒരു തര്‍ക്കവും കോടതിക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല. കോടതിയുടെ പരിഗണനയില്ലാത്ത വിഷയത്തിലാണ് വിധി വന്നത്.''- ജസ്റ്റിസ് മുരളീധര്‍ വിശദീകരിച്ചു.

ബാബരി മസ്ജിദ് പൊളിച്ചുമാറ്റലിന്റെ അനന്തരഫലങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. '' ആരാധനാലയ സംരക്ഷണ നിയമത്തെ കുറിച്ച് പരാമര്‍ശമുണ്ടായിട്ടും രാജ്യത്തുടനീളം കേസുകള്‍ വന്നു. നിലവില്‍ അത്തരം 17 കേസുകളുണ്ട്.''-അദ്ദേഹം ചൂണ്ടിക്കാട്ടി. ബാബരി മസ്ജിദ് കേസിലെ വിധി എഴുതിയത് ആരെന്ന് സുപ്രിംകോടതി പറഞ്ഞില്ല. പക്ഷേ, വിധി നല്‍കുന്നതിന് മുമ്പ് ദൈവവുമായി കൂടിയാലോചിച്ചു എന്ന് രചയിതാവ് പറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ണാടകയിലെ ഹിജാബ് നിരോധനത്തെ എതിര്‍ത്ത ജസ്റ്റിസ് സുധാന്‍ഷു ധൂലിയയുടെ അഭിപ്രായത്തോട് തനിക്ക് യോജിപ്പാണെന്നും എസ് മുരളീധര്‍ പറഞ്ഞു. ''ദൈവശാസ്ത്രപരമായ കാര്യങ്ങളില്‍ പ്രവേശിക്കുന്നതിനാല്‍ നിര്‍ബന്ധമായ മതപരമായ ആചാരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് പ്രശ്‌നകരമാണ്. ജഡ്ജിമാര്‍ക്ക് തെറ്റുപറ്റാവുന്നതിനാല്‍ അത് അപകടകരമാണ്.''-അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it