Sub Lead

യുക്രെയ്‌നികളുടെ പ്രതിരോധം വീരത്വം; ഫലസ്തീനികള്‍ പ്രതിരോധിച്ചാല്‍ 'ഭീകരത': പാശ്ചാത്യരുടെ ഇരട്ടത്താപ്പ് മറനീക്കി പുറത്ത്

ആദ്യത്തെ റഷ്യന്‍ സൈനികന്‍ യുക്രെയ്‌നില്‍ കാലുകുത്തിയതിനു പിന്നാലെ, ആയിരക്കണക്കിന് സാധാരക്കാരാണ് കിട്ടിയ ആയുധങ്ങളുമായി യുക്രെയ്ന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് ലോകത്തെ അനിഷേധ്യ സൈനിക ശക്തികളിലൊന്നിന്റെ ഉരുക്കുബൂട്ടുകള്‍ക്കടിയില്‍നിന്ന് തങ്ങളുടെ മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ തെരുവിലേക്കിറങ്ങിയത്.

യുക്രെയ്‌നികളുടെ പ്രതിരോധം വീരത്വം; ഫലസ്തീനികള്‍ പ്രതിരോധിച്ചാല്‍ ഭീകരത: പാശ്ചാത്യരുടെ ഇരട്ടത്താപ്പ് മറനീക്കി പുറത്ത്
X

സ്വന്തം പ്രതിനിധി

ബ്രസ്സല്‍സ്: റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24ന്റെ പുലര്‍ച്ചെ മുതല്‍ ലോകം മുഴുവന്‍ യുക്രേനിയന്‍ ജനതയുടെ ധീരതയെ വിസ്മയത്തോടെ വീക്ഷിക്കുകയും അവരുടെ പ്രതിരോധത്തേയും പോരാട്ട വീര്യത്തെയും പാടിപ്പുകഴ്ത്തുകയും ചെയ്തുവരികയുമാണ്.

ആദ്യത്തെ റഷ്യന്‍ സൈനികന്‍ യുക്രെയ്‌നില്‍ കാലുകുത്തിയതിനു പിന്നാലെ, ആയിരക്കണക്കിന് സാധാരക്കാരാണ് കിട്ടിയ ആയുധങ്ങളുമായി യുക്രെയ്ന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് ലോകത്തെ അനിഷേധ്യ സൈനിക ശക്തികളിലൊന്നിന്റെ ഉരുക്കുബൂട്ടുകള്‍ക്കടിയില്‍നിന്ന് തങ്ങളുടെ മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ തെരുവിലേക്കിറങ്ങിയത്.

യുക്രേനിയന്‍ നഗരങ്ങളില്‍ ഷെല്ലാക്രമണം നടത്തിയും സൈനിക ഇന്‍ഫ്രാസ്ട്രക്ചറും പാര്‍പ്പിട മേഖലകളും ഒരു പോലെ തകര്‍ത്തും റഷ്യ മുന്നേറുമ്പോള്‍, സൈനികരും അവരെ പിന്തുണയ്ക്കുന്ന സാധാരണക്കാരും തങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അവസാനം വരെ പോരാടുമെന്ന് വ്യക്തമാക്കി ധീരമായി നിലകൊണ്ടപ്പോള്‍ ലോകം അവരെ കൈയടികളോടെയാണ് വരവേറ്റത്.

അന്തസ്സിന്റെയും വീരത്വത്തിന്റെയും ഈ പ്രകടനത്തിന് മുന്നില്‍, ലോകമെമ്പാടുമുള്ള രാഷ്ട്രീയക്കാരും നയതന്ത്രജ്ഞരും റഷ്യയുടെ ആക്രമണത്തെ അപലപിക്കാനും യുക്രെയ്‌നിന്റെ 'പ്രതിരോധ ശക്തികള്‍ക്ക്' പിന്നിലെ എല്ലാവര്‍ക്കും പിന്തുണ നല്‍കാനും പരസ്പരം മത്സരിക്കുകയായിരുന്നു.

യുക്രെയ്‌നിനും അവിടുത്തെ ജനങ്ങള്‍ക്കുമായി പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയക്കാരില്‍ ഒരാള്‍ ദശാബ്ദങ്ങളായി ഫലസ്തീന്റെ മണ്ണില്‍ അധിനിവേശം നടത്തി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കൂട്ടക്കുരുതി നടത്തി മുന്നേറുന്ന ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രിയായത് മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ കളിയാക്കുന്നതിനു തുല്ല്യമായിരുന്നു.

യുക്രെയ്‌നെതിരായ റഷ്യന്‍ ആക്രമണത്തെ 'അന്താരാഷ്ട്ര ക്രമത്തിന്റെ ഗുരുതരമായ ലംഘനം' എന്നാണ് ഒരു ഹ്രസ്വ വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് നിര്‍വചിച്ചത്.

'ഇസ്രായേല്‍ ആ ആക്രമണത്തെ അപലപിക്കുന്നു, യുക്രേനിയന്‍ പൗരന്മാര്‍ക്ക് മാനുഷിക സഹായം നല്‍കാന്‍ തയ്യാറാണ്'- അദ്ദേഹം പറഞ്ഞു. 'യുദ്ധങ്ങള്‍ അനുഭവിച്ച രാജ്യമാണ് ഇസ്രായേല്‍, സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള വഴി യുദ്ധമല്ല'- എന്നിങ്ങനെ തുടര്‍ന്നു അദ്ദേഹത്തിന്റെ വാചക കസര്‍ത്ത്.

ദൂരെ നിന്ന് ഈ യുദ്ധം വീക്ഷിക്കുന്ന പലരും ലാപിഡ് പറഞ്ഞതില്‍ കാര്യമായ ശ്രദ്ധ ചെലുത്തിയില്ല,

അല്ലെങ്കില്‍ സമാധാനത്തിനും ഐക്യദാര്‍ഢ്യത്തിനും വേണ്ടിയുള്ള പൊള്ളയായ ആഹ്വാനങ്ങള്‍ നടത്തി ആളാവാന്‍ ശ്രമിക്കുന്ന മറ്റൊരു രാഷ്ട്രീയക്കാരനായി അദ്ദേഹത്തെ തള്ളിക്കളഞ്ഞു. എന്നാല്‍, ഇസ്രായേല്‍ അധിനിവേശത്തിനും വംശവിവേചനത്തിനും കീഴില്‍ ജീവിക്കുന്ന ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം, യുക്രേനിയന്‍ ജനതയുടെ പ്രതിരോധത്തിന് ലഭിക്കുന്ന പിന്തുണ അല്‍ഭുതപ്പെടുത്തുന്നതായിരുന്നു. അത് കാപട്യത്തിന്റെ നഗ്‌നമായ പ്രകടനമായിരുന്നു.

റഷ്യയുടെ അധിനിവേശത്തെ കപടമായി അപലപിക്കുകയും ഇസ്രായേലിന്റെ സ്വന്തം പ്രവര്‍ത്തനങ്ങളെ അവഗണിച്ച്് യുക്രേനിയന്‍ ചെറുത്തുനില്‍പ്പിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത് ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രി മാത്രമല്ല. ആയിരക്കണക്കിന് ഇസ്രായേലികളും ടെല്‍ അവീവില്‍ 'യുക്രെയ്‌ന്' വേണ്ടി തെരുവിലിറങ്ങി. കൈയില്‍ യുക്രേനിയന്‍ പതാകകളുമായി അവര്‍ മാര്‍ച്ച് ചെയ്യുകയും 'ഫ്രീ യുക്രെയ്ന്‍' എന്ന് ആക്രോശിക്കുകയും ചെയ്യുമ്പോള്‍, നഗരത്തിലെ ഫലസ്തീന്‍ നിവാസികള്‍ ഈ കാപട്യത്തെ നിശബ്ദമായി തിരിച്ചറിയുകയായിരുന്നു.

എല്ലാത്തിനുമുപരി, പല ഇസ്രായേലികളും തങ്ങളുടെ ഭരണകൂടത്തിന്റെ വംശീയ വിവേചന ഭരണത്തിന്‍ കീഴില്‍ ജീവിക്കുന്ന ഫലസ്തീനികള്‍ക്കായി ഒരു 'സ്വതന്ത്ര ഫലസ്തീന്‍' അല്ലെങ്കില്‍ കുറഞ്ഞത് തുല്യ അവകാശങ്ങള്‍ ആവശ്യപ്പെട്ട് ഇന്നേവരെ തെരുവിലിറങ്ങാന്‍ തയ്യാറായിട്ടില്ലെന്നതാണ് ഇതിലെ മറ്റൊരു വിരോധാഭാസം.

ഫലസ്തീനികള്‍ 'സ്വതന്ത്ര ഫലസ്തീന്‍' എന്ന് പറഞ്ഞ് ഇസ്രായേലില്‍ തെരുവിലിറങ്ങാനും സ്വന്തം പതാക ഉയര്‍ത്താനും ശ്രമിക്കുമ്പോഴെല്ലാം അവര്‍ ഉടനടി അറസ്‌റ്റോ പോലിസ് ക്രൂരതയോ മോശമായ പെരുമാറ്റമോ നേരിടേണ്ടിവരുമെന്ന് അവര്‍ക്ക് അറിയാം.

യുക്രെയ്‌നിലെ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഫലസ്തീന്‍ ജനത അനുഭവിച്ച ആ 'ഞെട്ടല്‍' ഇസ്രായേല്‍ ഉദ്യോഗസ്ഥരുടെയും പൗരന്മാരുടെയും കപട നടപടികളിലും വാക്കുകളിലും ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല. ഫെബ്രുവരി 24 മുതല്‍, ആഗോള സമൂഹത്തിന്റെ അന്തര്‍ലീനമായ കാപട്യവും അവര്‍ നേരിട്ടനുഭവിച്ചു.

യുക്രെയ്ന്‍ ഒരിക്കലും ഒരു യഥാര്‍ത്ഥ രാജ്യമല്ലെന്നും ഭൂമി എല്ലായ്‌പ്പോഴും റഷ്യന്‍ ആണെന്നും അവകാശപ്പെട്ട് റഷ്യക്കാര്‍ യുക്രേനിയന്‍ പ്രദേശത്ത് പ്രവേശിച്ചതിനുശേഷം, എല്ലാ പാശ്ചാത്യ നേതാക്കളും മാധ്യമങ്ങളും സ്ഥാപനങ്ങളും 'അധിനിവേശങ്ങളുടെ നിയമവിരുദ്ധത', 'അധിനിവേശ ജനങ്ങളുടെ സായുധ പ്രതിരോധത്തിനുള്ള അവകാശം' എന്നിവയെക്കുറിച്ച് ആവേശത്തോടെയാണ് സംസാരിക്കുന്നത്. എന്നാല്‍, പതിറ്റാണ്ടുകളായി സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഫലസ്തീന്‍ ജനതയെ ഇക്കാലമത്രയും ഭീകരവാദികളും തീവ്രവാദികളുമാക്കി ചിത്രീകരിക്കാനായിരുന്നു എല്ലാ കാലത്തും ഈ ശക്തികള്‍ ശ്രമിച്ചത്.

തങ്ങള്‍ പതിറ്റാണ്ടുകളായി ഭീകരമായ അടിച്ചമര്‍ത്തലുകളും അധിനിവേശവും കൂട്ടക്കൊലകളും നേരിടുമ്പോഴും നിശബ്ദമായി നോക്കി നില്‍ക്കുകയായിരുന്ന അന്താരാഷ്ട്ര സമൂഹം യുക്രെയ്ന്‍ വിഷയത്തില്‍ സടകുടഞ്ഞ് എഴുന്നേറ്റതും ഫലസ്തീനികളില്‍ ഞെട്ടലുവാക്കുന്നതാണ്. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തോടെയാണ് അന്താരാഷ്ട്ര നിയമം നിലവിലുണ്ടെന്നും അവ പ്രവര്‍ത്തന ക്ഷമമാണെന്നും ഫലസ്തീനികള്‍ തിരിച്ചറിഞ്ഞത്. ഒരു ജനത മറ്റൊരാളുടെ ഭൂമി കയ്യേറുമ്പോള്‍ നടപടിയെടുക്കാനുള്ള ശേഷിയും ഇച്ഛാശക്തിയും വിവിധ രാജ്യങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കുമുണ്ടെന്ന് അവര്‍ നിശബ്ദം തിരിച്ചറിയുകയായിരുന്നു.

സിവിലിയന്‍ മരണങ്ങള്‍ കേവലം സംഖ്യകളല്ല, മറിച്ച് യഥാര്‍ത്ഥ ജീവനുള്ള, ആത്മാര്‍ത്ഥമായി പ്രാധാന്യമുള്ള ആളുകളാണെന്ന് യുക്രെയ്‌നിലെ സാധാരണക്കാരുടെ മരണത്തിലൂടെയാണ് ഫലസ്തീനികള്‍ മനസ്സിലാക്കുന്നത്. രാഷ്ട്രീയക്കാരില്‍ നിന്നും പണ്ഡിതന്മാരില്‍ നിന്നും വിശകലന വിദഗ്ധരില്‍ നിന്നും നമ്മുടെ തന്നെ അടിച്ചമര്‍ത്തുന്നവരില്‍ നിന്നും അധിനിവേശകരില്‍ നിന്നും പോലും ഫലസ്തീനികള്‍ ഏറെ പഠിച്ചു. അധിനിവേശത്തിനെതിരായ സായുധ പ്രതിരോധം 'ഭീകരവാദം' അല്ലെന്നും മറിച്ച് അവകാശമാണെന്നും അവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി, പത്രങ്ങളിലും വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയകളിലും യുക്രേനിയന്‍ 'വീരത്വത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും' സാഹസിക കഥകള്‍ നിറഞ്ഞിരിക്കുകയാണ്.

റഷ്യന്‍ ടാങ്കുകളുടെ മുന്നേറ്റം വൈകിപ്പിക്കാന്‍ പാലം തകര്‍ക്കുന്നതും ഈ പ്രക്രിയയില്‍ സ്വയം ത്യാഗം ചെയ്യുകയും ചെയ്യുന്ന സൈനികരുടെ കഥകള്‍, സായുധ വാഹനങ്ങളെ ആക്രമിക്കുന്ന സാധാരണക്കാര്‍, കയ്യിലുള്ളത് കൊണ്ട് ആയുധപരിശീലനം നേടുകയും കിടങ്ങുകള്‍ കുഴിക്കുകയും ചെയ്യുന്ന സാധാരണക്കാര്‍.

ഈ കഥകളില്‍ ഏതെങ്കിലും ഫലസ്തീനിലാണ് നടന്നതെങ്കില്‍ അവ തീര്‍ച്ചയായും വീരകൃത്യങ്ങളായി കാണപ്പെടില്ല. മറിച്ച് 'ഭീകരത' എന്ന് തരംതിരിക്കുകയും അപലപിക്കുകയും ചെയ്യും.

റഷ്യന്‍ പട്ടാളക്കാരെ ആക്രമിക്കാന്‍ യുക്രേനിയക്കാര്‍ മൊളോടോവ് കോക്ക്‌ടെയിലുകള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ക്രിയാത്മകവും പ്രചോദനാത്മകമായ കഥകള്‍ പോലും വാര്‍ത്താ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍, അധിനിവേശത്തെ എതിര്‍ക്കുന്ന ഫലസ്തീനിയെ ഒരു കാലത്തും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുകഴ്ത്തിയിട്ടില്ല. റഷ്യന്‍ അധിനിവേശത്തിനെതിരെ ഉക്രേനിയക്കാര്‍ അത് ചെയ്യുമ്പോള്‍, അത് വീരത്വമാണ്. ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ഫലസ്തീനികള്‍ അത് ചെയ്യുമ്പോള്‍ അത് ഭീകരത മാത്രമാണ്.

കഴിഞ്ഞ ആഴ്ചയിലുടനീളം, യൂറോപ്പ് യുക്രേനിയന്‍ അഭയാര്‍ഥികളെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതിനും ലോകം സാക്ഷിയായി.

ഇസ്രായേലിന്റെ നിയമവിരുദ്ധമായ അധിനിവേശവും വംശീയ വിവേചനവും സൃഷ്ടിച്ച ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ ശല്യങ്ങളായും സമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നവരുമായി പരിഗണിച്ച അതേ രാഷ്ട്രീയ നേതൃത്വമാണ് ഇവരെ ഇരു കൈയും നീട്ടി സ്വീകരിച്ചത്.

ഈ തിരിച്ചറിവുകളെല്ലാം ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം മാത്രമായിരിക്കില്ല. അഫ്ഗാനികള്‍, യെമനികള്‍, എത്യോപ്യക്കാര്‍, ഇറാഖികള്‍, സിറിയക്കാര്‍, ലിബിയക്കാര്‍, സൊമാലിയക്കാര്‍ തുടങ്ങി കൊളോണിയല്‍, സാമ്രാജ്യത്വ അക്രമങ്ങളുടെയും അടിച്ചമര്‍ത്തലും നേരിട്ട മുഴുന്‍ ജനതകള്‍ക്കും ഉണ്ടായിട്ടുണ്ടാവും.

Next Story

RELATED STORIES

Share it