Sub Lead

യുഎഇ അറബ് ലോകത്തെ സയണിസ്റ്റ് ട്രോജന്‍ കുതിരയെന്ന് സൗദി ശൂറ കൗണ്‍സില്‍ മുന്‍ അംഗം

യുഎഇ അറബ് ലോകത്തെ സയണിസ്റ്റ് ട്രോജന്‍ കുതിരയെന്ന് സൗദി ശൂറ കൗണ്‍സില്‍ മുന്‍ അംഗം
X

റിയാദ്: യുഎഇ അറബ് ലോകത്തെ സയണിസ്റ്റ് ട്രോജന്‍ കുതിരയാണെന്ന് സൗദി അറേബ്യയിലെ ശൂറ കൗണ്‍സില്‍ മുന്‍ അംഗം ഡോ. അഹമ്മദ് ബിന്‍ ഉസ്മാന്‍ അല്‍ തുവാജിരി. സൗദിയിലെ പത്രമായ അല്‍ ജസീറയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ട്രോയ് നഗരത്തില്‍ നുഴഞ്ഞുകയറാന്‍ ഗ്രീക്കുകാര്‍ ഉപയോഗിച്ച ഭീമാകാരമായ, പൊള്ളയായ മരക്കുതിരയാണ് ട്രോജന്‍ കുതിര. അതിനകത്ത് സൈനികര്‍ ഒളിച്ചിരുന്നു. ഇസ്രായേലുമായുള്ള സഖ്യം ഉപയോഗിച്ച് യുഎഇ, സൗദി അടക്കമുള്ള അറബ് രാജ്യങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ലേഖനം ആരോപിക്കുന്നു. സൗദിയോട് ദീര്‍ഘകാലമായി യുഎഇക്ക് ശത്രുതയുണ്ട്. കൂടാതെ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാന്‍ യുഎഇ ആഗ്രഹിക്കുന്നു. യുഎഇ-ഇസ്രായേല്‍ സഖ്യം അറബ്-ഇസ്‌ലാമിക ഐക്യത്തിന് വെല്ലുവിളിയാണെന്നും ലേഖനം ആരോപിക്കുന്നു. ഗസയിലെ സൈനിക നടപടികള്‍ക്ക് യുഎഇ ഇസ്രായേലിന് പിന്തുണ നല്‍കുന്നു, ചെങ്കടലിലെയും ആഫ്രിക്കയിലെയും എമിറാത്തി സൈനികത്താവളങ്ങള്‍ ഗസയെ ആക്രമിക്കാന്‍ ഇസ്രായേല്‍ ഉപയോഗിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ഡോ. അഹമ്മദ് ബിന്‍ ഉസ്മാന്‍ അല്‍ തുവാജിരി ഉന്നയിക്കുന്നു.

യെമന്‍, ലിബിയ, സുഡാന്‍, ടുണീഷ്യ, ഈജിപ്ത്, സൊമാലിയ എന്നിവിടങ്ങളില്‍ യുഎഇ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ലിബിയയില്‍ യുഎഇ പിന്തുണയുള്ള സൈന്യം യുഎന്‍ പിന്തുണയുള്ള സര്‍ക്കാരിന്റെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. സുഡാനില്‍ വംശഹത്യ നടത്തുന്ന ആര്‍എസ്എഫ് സംഘടനക്ക് യുഎഇ സഹായം നല്‍കുന്നു. ഈജിപ്തിലെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് അവിടത്തെ തുറമുഖങ്ങളിലും തന്ത്രപ്രധാന മേഖലകളിലും യുഎഇ പിടിമുറുക്കി. ഈജിപ്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി നൈല്‍നദിയില്‍ ഡാം നിര്‍മിക്കാന്‍ എത്യോപ്യക്ക് സഹായം നല്‍കി.

സായുധസംഘങ്ങളെയും മറ്റും ഉപയോഗിച്ച് വിവിധ പ്രദേശങ്ങളില്‍ സ്വാധീനം ചെലുത്തുന്ന യുഎഇ ഒരു ഉപസാമ്രാജ്യത്വമാണെന്നാണ് ഡോ. അഹമ്മദ് ബിന്‍ ഉസ്മാന്‍ അല്‍ തുവാജിരി വാദിക്കുന്നത്. സൈനികവല്‍ക്കരിക്കപ്പെട്ട സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈജിപ്തിനെയും സൗദിയെയും ദുര്‍ബലമാക്കാനും വളയാനുമാണ് യുഎഇ ശ്രമിക്കുന്നത്. അത് ഇസ്രായേലിന്റെ ആഗോളരാഷ്ട്രീയ തന്ത്രത്തിന് ഒപ്പം നില്‍ക്കുന്നതാണ്. കൂടാതെ പാശ്ചാത്യരാജ്യങ്ങളിലെ മുസ്‌ലിംകളെയും സ്ഥാപനങ്ങളെയും മോശക്കാരായി ചിത്രീകരിക്കാന്‍ യുഎഇ കാംപയിന്‍ നടത്തുന്നു. ഇസ്രായേലി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എമിറാത്തി പിന്തുണയുള്ള സ്ഥാപനങ്ങള്‍ മുസ്‌ലിം വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കുന്നുവെന്ന് ന്യൂയോര്‍ക്കര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യുഎഇ ഭരണകൂടവും ജനങ്ങളും രണ്ടാണെന്നും ജനങ്ങള്‍ക്ക് സൗദിയിലെ ജനങ്ങളുമായി ഹൃദയബന്ധമുണ്ടെന്നും ഡോ. അഹമ്മദ് ബിന്‍ ഉസ്മാന്‍ അല്‍ തുവാജിരി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it