Sub Lead

'രാജ്യത്ത് ആരും വിശന്ന് ഉറങ്ങേണ്ടിവരില്ല'; കാരുണ്യത്തിന്റെ പുത്തന്‍ മാതൃക തീര്‍ക്കാന്‍ യുഎഇ

എടിഎം മാതൃകയിലുള്ള സ്മാര്‍ട്ട് മെഷീനുകള്‍ വഴി രാജ്യത്തെ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യമായി റൊട്ടി നല്‍കുന്ന പദ്ധതിയാണ് യുഎഇ ഭരണകൂടം പുതുതായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

രാജ്യത്ത് ആരും വിശന്ന് ഉറങ്ങേണ്ടിവരില്ല;   കാരുണ്യത്തിന്റെ പുത്തന്‍ മാതൃക തീര്‍ക്കാന്‍ യുഎഇ
X

അബുദബി: രാജ്യത്ത് ഇനി മുതല്‍ ആരും പട്ടിണി കിടന്ന് ഉറങ്ങേണ്ടിവരില്ലെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പ്രഖ്യാപനത്തിലൂടെ കാരുണ്യത്തിന്റെ പുത്തന്‍ മാതൃക തീര്‍ക്കാന്‍ ഒരുങ്ങുകയാണ് യുഎഇ.

എടിഎം മാതൃകയിലുള്ള സ്മാര്‍ട്ട് മെഷീനുകള്‍ വഴി രാജ്യത്തെ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യമായി റൊട്ടി നല്‍കുന്ന പദ്ധതിയാണ് യുഎഇ ഭരണകൂടം പുതുതായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഗള്‍ഫ് നാടുകളിലെ പ്രധാന ഭക്ഷണം എന്ന നിലയില്‍ ഖുബ്ബൂസ് എന്നറിയപ്പെടുന്ന റൊട്ടിയാണ് ആവശ്യക്കാര്‍ക്ക് സ്മാര്‍ട്ട് മെഷീനുകള്‍ വഴി സൗജന്യമായി നല്‍കുക. ബ്രഡ് ഫോര്‍ ഓള്‍ എല്ലാവര്‍ക്കും റൊട്ടി എന്നാണ് പദ്ധതിക്ക് അധികൃതര്‍ പേരിട്ടിരിക്കുന്നത്. ഔഖാഫ് ആന്‍ഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്റെ കീഴിലുള്ള മുഹമ്മദ് ബിന്‍ റാശിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയാണ് ബ്രെഡ് ഫോര്‍ ഓള്‍' സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്. ഓരോ ദിവസവും വിവിധ സമയങ്ങളില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യമായി റൊട്ടി ലഭ്യമാക്കുന്ന സംവിധാനമാണിത്.

ആവശ്യക്കാര്‍ക്ക് ആവശ്യാനുസരണം റൊട്ടി ലക്ഷ്യമാക്കുന്നതിനായി രാജ്യത്തെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഔട്ട്‌ലെറ്റുകളിലും എടിഎം മാതൃകയില്‍ സ്മാര്‍ട്ട് മെഷീനുകള്‍ സ്ഥാപിക്കാനാണ് അധികൃതരുടെ പദ്ധതി. അസ്വാഖ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് റൊട്ടി വിതരണത്തിനുള്ള ഡിജിറ്റല്‍ മെഷീന്‍ സജ്ജമാക്കുന്നത്. അല്‍ മിസ്ഹര്‍, അല്‍ വര്‍ഖ, മിര്‍ദിഫ്, നാദ് അല്‍ ഷെബ, നദ്ദ് അല്‍ ഹമര്‍, അല്‍ ഖൂസ്, അല്‍ ബദാ എന്നിവിടങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് സ്മാര്‍ട്ട് മെഷീനുകള്‍ സ്ഥാപിക്കുക. ഇതിന്റെ പ്രവൃത്തികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ആര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ലളിതമായ സംവിധാനങ്ങളോടെയാണ് മെഷീന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

എപ്പോഴെങ്കിലും ഉണ്ടാക്കി കൊണ്ടുവച്ച റൊട്ടിയല്ല ബ്രഡ് ഫോര്‍ ഓള്‍ പദ്ധതിയില്‍ ലഭിക്കുക. മറിച്ച് നല്ല ചൂടുള്ള ഫ്രഷ് ബ്രഡ്ഡായിരിക്കും ആവശ്യക്കാരുടെ കൈകളിലേക്കെത്തുക. ഇതിന് ആവശ്യക്കാര്‍ ആകെ ചെയ്യേണ്ടത് മെഷീനിലെ 'ഓര്‍ഡര്‍' ബട്ടന്‍ അമര്‍ത്തി അല്‍പ സമയം കാത്തു നില്‍ക്കുക എന്നതാണ്. മെഷീനില്‍ നേരത്തേ ലോഡ് ചെയ്തിരിക്കുന്ന മാവ് ഖുബ്ബൂസാക്കി പാകം ചെയ്ത് ചൂടോടെ ട്രേയില്‍ ആവശ്യക്കാരുടെ കൈകളിലെത്തും. അതിന് അനുസൃതമായി പ്രോഗ്രാം ചെയ്ത മെഷീനുകളാണ് പദ്ധതിക്കായി സ്ഥാപിച്ചിരിക്കുന്നത്.


സാമൂഹിക പങ്കാളിത്തത്തോടെയുള്ള ചാരിറ്റി പ്രവര്‍ത്തനം എന്ന രീതിയിലാണ് ബ്രഡ് ഫോര്‍ ഓള്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിയിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ആധുനികവും സുസ്ഥിരവുമായ മാതൃക അവതരിപ്പിക്കുകയാണ് യുഎഇ ഭരണകൂടമെന്ന് അധികൃതര്‍ പറഞ്ഞു. താല്‍പര്യമുള്ളവര്‍ക്ക് പദ്ധതിയിലേക്ക് സംഭാവന ചെയ്യാനുള്ള സംവിധാനവും മെഷീനില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ 'ദുബായ് നൗ' ആപ്പ് വഴിയും എസ്എംഎസ് വഴിയും സംഭാവന നല്‍കാം. 10 ദിര്‍ഹം സംഭാവന ചെയ്യാന്‍ 3656 എന്ന നമ്പറിലേക്കും 50 ദിര്‍ഹം 3658ലേക്കും 100 ദിര്‍ഹം 3659ലേക്കും 500 ദിര്‍ഹം 3679ലേക്കുമാണ് എസ്എംഎസ് ചെയ്യേണ്ടത്. ഇതില്‍ കൂടുതല്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.mbrgcec.ae എന്ന വെബ്‌സൈറ്റ് വഴിയും സംഭാവന നല്‍കാം.


കൊവിഡ് കാലത്ത് ആളുകള്‍ക്ക് ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന സമയത്ത് അവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബയ് ഭരണാധാകാരി ശെയ്ഖ് മുഹമ്മദ് യുഎഇയില്‍ ആരും പട്ടിണി കിടന്ന് ഉറങ്ങുകയില്ലെന്ന് പ്രഖ്യാപിച്ചത്. അന്ന് ആവശ്യക്കാര്‍ക്കെല്ലാം സൗജന്യമായി ഭക്ഷണമെത്തിക്കാന്‍ യുഎഇ ഭരണാധികാരികള്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. പ്രധാനമായും പ്രവാസികളായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇതിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് ബ്രഡ് ഫോര്‍ ഓള്‍ പദ്ധതി യുഎഇ അധികൃതര്‍ അവതരിപ്പിച്ചിരിക്കുന്നത്. കൊവിഡ് ഭീതി കുറയുകയും തൊഴിലുകള്‍ പുനരാരംഭിക്കുകയും ചെയ്‌തെങ്കിലും ഏതെങ്കിലും കാരണത്താല്‍ പ്രയാസം അനുഭവിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അന്നമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.




Next Story

RELATED STORIES

Share it