Sub Lead

നിക്ഷേപ സാധ്യത തേടി യുഎഇ പ്രതിനിധി സംഘം കശ്മീരില്‍

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച ശ്രീനഗറില്‍ എത്തിയ സംഘം പഹല്‍ഗാമും ഗുല്‍മാര്‍ഗും ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിക്ഷേപ സാധ്യത തേടി യുഎഇ പ്രതിനിധി സംഘം കശ്മീരില്‍
X

ന്യൂഡല്‍ഹി: യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാപാര കരാറില്‍ ഒപ്പുവെച്ച് ഒരു മാസത്തിന് ശേഷം, മേഖലയിലെ നിക്ഷേപ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി യുഎഇയുടെ നേതൃത്വത്തിലുള്ള ഉന്നതതല ബിസിനസ് പ്രതിനിധി സംഘം കശ്മീര്‍ സന്ദര്‍ശിക്കുന്നു.

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച ശ്രീനഗറില്‍ എത്തിയ സംഘം പഹല്‍ഗാമും ഗുല്‍മാര്‍ഗും ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയിലേയും ഇന്ത്യയിലേയും സംരഭകര്‍ ഉള്‍പ്പെടെ 30ലധികം കമ്പനികളുടെ സിഇഒമാരില്‍ എമിറാത്തി റോയല്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെയും ദുബയ് ആസ്ഥാനമായ അല്‍ തായര്‍ ഗ്രൂപ്പിന്റെയും സിഇഒമാരും ഉള്‍പ്പെടുന്നു.

യുഎഇ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പായ സെഞ്ച്വറി ഫിനാന്‍ഷ്യലിന്റെ സിഇഒ ബാല്‍ കൃഷന്റെ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ പ്രതിനിധി സംഘം പരിശോധിക്കും.

ജമ്മു കശ്മീരിലെ ഭരണകൂടം 'പ്രധാന അവസരങ്ങളും വളര്‍ച്ചാ മേഖലകളും ഉയര്‍ത്തിക്കാട്ടി വ്യവസായങ്ങളിലും ടൂറിസത്തിലും പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നു'വെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപബ്ലിക് വേള്‍ഡ് റിപോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യങ്ങളിലും മറ്റ് പദ്ധതികളിലും ദുബയ് നിക്ഷേപം നടത്തുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

2019ല്‍ കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കുകയും മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനം ന്യൂഡല്‍ഹി നേരിട്ട് ഭരിക്കുന്ന രണ്ട് പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം ഏതെങ്കിലും വിദേശ ഗവണ്‍മെന്റ് നടത്തുന്ന ആദ്യ പ്രഖ്യാപനമായിരുന്നു ഇത്.

ജനുവരിയില്‍, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ദുബായ് എക്‌സ്‌പോയില്‍ വച്ച് ലുലു ഗ്രൂപ്പ്, അല്‍ മായ ഗ്രൂപ്പ്, എംഎടിയു ഇന്‍വെസ്റ്റ്‌മെന്റ്‌സ് എല്‍എല്‍സി, ജിഎല്‍ എംപ്ലോയ്‌മെന്റ് ബ്രോക്കറേജ് എല്‍എല്‍സി ആന്റ് നൂണ്‍ ഗ്രൂപ്പ് എന്നിവയുള്‍പ്പെടെ നിരവധി യുഎഇ ആസ്ഥാനമായുള്ള കമ്പനികളുമായി പ്രധാന നിക്ഷേപ കരാറുകളില്‍ ഒപ്പുവച്ചിരുന്നു.

ദുബയ് ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ 100 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിനായി സെഞ്ച്വറി ഫിനാന്‍ഷ്യലുമായും ധാരണാപത്രത്തില്‍ സിന്‍ഹ ഒപ്പുവച്ചിരുന്നു.

യുഎഇയും ഇന്ത്യയും ഫെബ്രുവരിയില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറില്‍ ലോഹങ്ങള്‍, ധാതുക്കള്‍, പെട്രോകെമിക്കല്‍സ്, പെട്രോളിയം എന്നിവയുള്‍പ്പെടെ 90 ശതമാനം സാധനങ്ങളുടെയും തീരുവ വെട്ടിക്കുറച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം 100 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കുമെന്നും കരാര്‍ പ്രതീക്ഷിക്കുന്നു. യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.

Next Story

RELATED STORIES

Share it