Sub Lead

മൊസാദിന് വേണ്ടി ചാരപ്പണി; തുര്‍ക്കിയില്‍ 34 പേര്‍ അറസ്റ്റില്‍

മൊസാദിന് വേണ്ടി ചാരപ്പണി; തുര്‍ക്കിയില്‍ 34 പേര്‍ അറസ്റ്റില്‍
X

അങ്കാറ: ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിനു വേണ്ടി ചാരപ്പണി നടത്തുകയും തട്ടിക്കൊണ്ടുപോവല്‍ ആസൂത്രണം ചെയ്യുകയും ചെയ്‌തെന്ന് ആരോപിച്ച് തുടര്‍ക്കിയില്‍ 34 പേരെ കസ്റ്റഡിയിലെടുത്തു. ഇസ്താംബൂളിലും മറ്റിടങ്ങളിലുമായി 57 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായും 12 പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും തുര്‍ക്കി അറിയിച്ചു. മൊസാദ് ഏജന്റുമാരെ കസ്റ്റഡിയിലെടുത്ത വീഡിയോ ആഭ്യന്തര മന്ത്രി അലി യെര്‍ലികായ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി മൂന്നുമാസം പിന്നിട്ടിരിക്കെയാണ് തുര്‍ക്കിയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് സിറിയയിലും ലെബനാനിലും ഇസ്രായേല്‍ ആക്രമണം നടത്തുകയും കൊലപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണ് തുര്‍ക്കി നിരീക്ഷണം ശക്തമാക്കിയതെന്നാണു സൂചന. തുര്‍ക്കി മണ്ണില്‍ ഹമാസ് അംഗങ്ങളെ വധിക്കാന്‍ ശ്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ മാസം ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധം അതിശക്തമാക്കിയിരിക്കെയാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ലെബനാനിലെ ബെയ്‌റൂത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഹമാസ് പൊളിറ്റിക്കല്‍ ഡെപ്യൂട്ടി ചീഫ് സ്വാലിഹ് അല്‍ ആറൂരിയെ കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് തുര്‍ക്കിയില്‍ മൊസാദ് ഏജന്റുമാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തത്.



തുര്‍ക്കിയിലെ ദേശീയ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷനായ എംഐടിയും ഇസ്താംബുള്‍ പ്രോസിക്യൂട്ടറുടെ ഓഫിസിലെ തീവ്രവാദ വിരുദ്ധ ബ്യൂറോയും ചേര്‍ന്നാണ് 34പേരെ കസ്റ്റഡിയിലെടുത്ത.് വിദേശ പൗരന്മാരെ ലക്ഷ്യമിട്ടുള്ള മൊസാദിന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രി അലി യെര്‍ലികായ എക്‌സില്‍ കുറിച്ചു. ഓപ്പറേഷന്‍ മോള്‍ എന്ന് വിളിക്കുന്ന പരിശോധനയില്‍ രാജ്യതലസ്ഥാനമായ അങ്കാറ ഉള്‍പ്പെടെ എട്ട് പ്രവിശ്യകളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുര്‍ക്കി മണ്ണില്‍ വിദേശികളെ നിരീക്ഷിക്കാനും തട്ടിക്കൊണ്ടുപോവാനും മൊസാദ് പദ്ധതിയിട്ടതായും അദ്ദേഹം ആരോപിച്ചു. ഒന്നര ലക്ഷത്തോളം യൂറോ, കാല്‍ ലക്ഷത്തോളം ഡോളര്‍, ലൈസന്‍സില്ലാത്ത തോക്ക്, ഡിജിറ്റല്‍ ഫയലുകള്‍ എന്നിവ കണ്ടെത്തിയതായും അറിയിച്ചിട്ടുണ്ട്. അതേസമയം, അറസ്റ്റ് സംബന്ധിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം വിസമ്മതിച്ചു.



തുര്‍ക്കി ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ ഹമാസ് നേതാക്കളെ വധിക്കാന്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞ മാസം റിപോര്‍ട്ട് ചെയ്തിരുന്നു. ഖത്തര്‍, തുര്‍ക്കി, ലെബനന്‍ എന്നിവയുള്‍പ്പെടെ ലോകത്തെ എല്ലാ സ്ഥലങ്ങളിലും ഹമാസിന്റെ നേതാക്കളെ വധിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചതായുള്ള ഷിന്‍ ബെറ്റ് മേധാവി റോണന്‍ ബാറിന്റെ നിര്‍ദേശം ഇസ്രായേലി മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു. നവംബറില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുദ്ധ മന്ത്രി യോവ് ഗാലന്റും ഹമാസ് മേധാവികളെ എവിടെയായിരുന്നാലും ലക്ഷ്യമിടുമെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മൊസാദിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏഴ് അറബികളെ അറസ്റ്റ് ചെയ്തതായി തുര്‍ക്കി അറിയിച്ചിരുന്നു. വിവിധ അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി ഉദാരനയം തുടര്‍ന്നതിനു പിന്നാലെ തുര്‍ക്കിയും അനുകൂലമായി നീങ്ങിയിരുന്നു. ഇതിനിടെ, ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ തൂഫാനുല്‍ അഖ്‌സയോടെ അനുരഞ്ജനം കൈവെടിയുകയും ജൂത രാഷ്ട്രത്തിനെതിരേ ഉര്‍ദുഗാന്‍ കടുത്ത മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഹമാസിനെ സ്വാതന്ത്ര്യ സമര സേനാനികള്‍ എന്ന് വിശേഷിപ്പിച്ച ഉര്‍ദുഗാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഗസയിലെ കശാപ്പുകാരന്‍' എന്നും ഇസ്രായേലിനെ 'ഭീകരരാഷ്ട്രം' എന്നുമാണ് വിളിച്ചത്. യുദ്ധത്തിന്റെ തുടക്കം മുതല്‍ തന്നെ ഹമാസ് നേതൃത്വവുമായും ഉര്‍ദുഗാന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു





Next Story

RELATED STORIES

Share it