Sub Lead

പശ്ചിമേഷ്യന്‍ 'സമാധാന പദ്ധതി' പ്രഖ്യാപിച്ച് ട്രംപ്; ഫലസ്തീന്‍ തള്ളി

പശ്ചിമേഷ്യന്‍ സമാധാന പദ്ധതി പ്രഖ്യാപിച്ച് ട്രംപ്; ഫലസ്തീന്‍ തള്ളി
X

വാഷിങ്ടണ്‍: ഇസ്രായേല്‍ തലസ്ഥാനമായി ജെറുസലേമിനെ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പശ്ചിമേഷ്യന്‍ 'സമാധാന പദ്ധതി' അവതരിപ്പിച്ചു. വൈറ്റ് ഹൗസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പ്രായോഗികമായ ദ്വിരാഷ്ട്രമാണ് താന്‍ മുന്നോട്ടുവയ്ക്കുന്നതെന്നും ഇത് ഫലസ്തീനികള്‍ക്കുള്ള അവസാന അവസരമാണെന്നും ട്രംപ് സൂചിപ്പിച്ചു. ഏതെങ്കിലും ഇസ്രായേലിയെയോ ഫലസ്തീനിയെയോ അവരുടെ രാജ്യത്തുനിന്ന് പുറത്താക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ട്രംപിന്റെ നിര്‍ദേശങ്ങള്‍ പക്ഷപാതപരമെന്ന് ആരോപിച്ച് ഫലസ്തീന്‍ തള്ളി. ട്രംപിന്റെ പദ്ധതി അന്താരാഷ്ട്ര സമൂഹം തള്ളിക്കളയണമെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇശ്തയ്യ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സമാധാന പദ്ധതിയല്ല ഇതെന്നും ഫലസ്തീനുമേല്‍ ഇസ്രായേല്‍ പരമാധികാരം സ്ഥാപിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിര്‍ദേശം ഇസ്രായേല്‍ സ്വാഗതം ചെയ്തു. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള ഭരണകൂടത്തിന്റെ ദീര്‍ഘകാലത്തെ നിര്‍ദേശമായാണ് ട്രംപ് ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ പദ്ധതി അവതരിപ്പിച്ചത്. ഇന്ന് സമാധാനത്തിലേക്ക് ഇസ്രായേല്‍ ഒരു വലിയ ചുവട് വയ്ക്കുന്നു എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ജെറുസലേമില്‍ യുഎസ് എംബസി തുറക്കുമെന്നും അധിനിവേശ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്‌വരയുടെ സുരക്ഷാ നിയന്ത്രണം ഇസ്രയേലിന് നല്‍കുമെന്നും ട്രംപ് പറഞ്ഞു.


ട്രംപിന്റെ പ്രസ്താവന വെല്ലുവിളിയാണെന്നും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഹമാസ് വക്താവ് സമി അബു സൂരി പറഞ്ഞു. ജെറുസലേമിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവന വിഡ്ഢിത്തമാണ്, ജെറുസലേം എല്ലായ്‌പ്പോഴും ഫലസ്തീനികളുടെ നാടായിരിക്കും. ഫലസ്തീനികള്‍ ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനെ ഇംപീച്ച്മന്റില്‍നിന്നും നെതന്യാഹുവിനെ ജയിലില്‍നിന്നും രക്ഷിക്കാനുള്ള പദ്ധതിയാണിതെന്നു മന്ത്രിസഭ യോഗത്തില്‍ ഇശ്തയ്യ പറഞ്ഞു. പദ്ധതിക്കെതിരേ ഒന്നിച്ചുനീങ്ങാന്‍ ഫലസ്തീനിലെ പ്രധാന കക്ഷികളായ ഹമാസും ഫത്ഹും തീരുമാനിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നെതന്യാഹു ബുധനാഴ്ച മോസ്‌കോയിലേക്ക് തിരിക്കും. നെതന്യാഹുവിന്റെ പ്രധാന എതിരാളിയും ഇസ്രായേല്‍ പ്രതിപക്ഷ നേതാവുമായ ബെന്നി ഗാന്റ്‌സും പദ്ധതിയെ സ്വാഗതം ചെയ്തു. ഇംപീച്ച്‌മെന്റ് നടപടികള്‍ സെനറ്റില്‍ തുടരുന്നതിനിടെയാണ് ട്രംപും നെതന്യാഹുവും പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയെന്ന പേരില്‍ പുതിയ നീക്കം നടത്തുന്നത്. നെതന്യാഹുവിനെതിരേ അഴിമതിക്കേസ് വിചാരണ കോടതിയില്‍ തുടങ്ങാനിരിക്കുകയാണ്. മാത്രമല്ല, അടുത്തമാസമാണ് ഇസ്രായേല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് മാറ്റി ട്രംപ് നേരത്തേ ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി ട്രംപ് ഭരണകൂടം അംഗീകരിച്ചിരുന്നു.

ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറാണ് പദ്ധതി തയ്യാറാക്കിയത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കെട്ടിടങ്ങള്‍ക്കു മേലുള്ള ഇസ്രായേലി അധികാരത്തെ അംഗീകരിക്കുന്ന 50 പേജുള്ള രൂപരേഖയെ ഫലസ്തീനികള്‍ എതിര്‍ക്കുമെന്നുറപ്പാണ്. പദ്ധതി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഫലസ്തീനികള്‍ ഗാസ മുനമ്പ് ഉപരോധിച്ചു. അതേസമയം, ഇത് ചരിത്രപരമായ ദിവസമാണെന്നും ഫലസ്തീനികള്‍ പദ്ധതി അംഗീകരിക്കുകയാണെങ്കില്‍, ഉടന്‍ ചര്‍ച്ചയ്ക്ക് ഇസ്രായേല്‍ തയ്യാറാണെന്നും നെതന്യാഹു പറഞ്ഞു.



Next Story

RELATED STORIES

Share it