Sub Lead

മദ്യപാനികള്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ച് ആദിവാസി കോളനി

ഊരുവിലക്കു പ്രഖ്യാപിച്ചതോടെ 70 മദ്യപാനികളില്‍ 63 പേരും മദ്യപാനം നിര്‍ത്തിയതായും മറ്റുള്ളവരും ഉടന്‍ തന്നെ മദ്യപാനം നിര്‍ത്തുമെന്നു പ്രതീക്ഷിക്കുന്നതായും കന്തസ്വാമി പറഞ്ഞു.

മദ്യപാനികള്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ച് ആദിവാസി കോളനി
X

കൊച്ചി: മൂന്നാറിനു സമീപമുള്ള കുണ്ടള എസ്ടി ആദിവാസി കോളനിയില്‍ മദ്യപാനികള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി. മദ്യപന്‍മാരുടെ ശല്യം കൂടിവന്നതോടെയാണ് മദ്യപാനികളെ ഊരുവിലക്കാന്‍ ഊരുകൂട്ടം തീരുമാനിച്ചത്. നടപടി കര്‍ശനമാക്കിയതോടെ മദ്യപാനം ഉപേക്ഷിച്ചിരിക്കുകയാണ് കോളനിയിലെ മിക്ക ആദിവാസികളും.

മദ്യപാനവും അതേ തുടര്‍ന്നുള്ള പ്രശ്നങ്ങളും സ്ഥിരമായതോടെയാണ് ഒക്ടോബര്‍ ഒന്നിനു ചേര്‍ന്ന ഊരുകൂട്ടം ഇതിനു പരിഹാരം ആലോചിച്ചത്. ഇതേത്തുടര്‍ന്നാണ് മദ്യപാനികളെ പൂര്‍ണമായും സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള ഊരുവിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഊരുകൂട്ടം പ്രസിഡന്റ് കന്തസ്വാമി പറയുന്നു. സാധാരണയായി ആദിവാസി സമൂഹത്തിന്റെ ആചാരങ്ങളും ചിട്ടകളും ലംഘിക്കുന്ന കുടുംബങ്ങളെയാണ് ഊരുവിലക്കാറുള്ളത്.

ഊരുവിലക്കുന്ന വീടുകളിലെ വീടുകളിലെ മരണം, കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ മറ്റുള്ളവര്‍ പങ്കെടുക്കില്ല. ഊരുവിലക്കപ്പെട്ട ആളുകളുമായി ഒരുമിച്ച് ജോലിക്ക് പോകുകയോ ഇവരുടെ ഭാര്യമാര്‍, കുട്ടികള്‍ എന്നിവരുമായി മറ്റുള്ളവര്‍ യാതൊരു സമ്പര്‍ക്കവും പുലര്‍ത്താറില്ല. മദ്യപാനം മൂലം തകര്‍ന്ന കുടുംബങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് ഊരുവിലക്ക് ഏര്‍പ്പെടുത്തിയതെന്നും ഇതൊരു ശിക്ഷയല്ല മറിച്ച് മദ്യത്തിന് അടിമയായവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്നും കന്തസ്വാമി പറഞ്ഞു.

കോളനിയിലെ 119 കുടുംബങ്ങളില്‍ 70 എണ്ണത്തില്‍ നിന്നുള്ള പുരുഷന്മാരും മദ്യപാനികളും നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നവരുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കോളനിയിലെ രണ്ടു പേര്‍ മദ്യലഹരിയില്‍ ജീവനൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഊരുകൂട്ടം ചേര്‍ന്ന് ഊരുവിലക്കു പ്രഖ്യാപിച്ചത്.

ഊരുവിലക്കു പ്രഖ്യാപിച്ചതോടെ 70 മദ്യപാനികളില്‍ 63 പേരും മദ്യപാനം നിര്‍ത്തിയതായും മറ്റുള്ളവരും ഉടന്‍ തന്നെ മദ്യപാനം നിര്‍ത്തുമെന്നു പ്രതീക്ഷിക്കുന്നതായും കന്തസ്വാമി പറഞ്ഞു.





Next Story

RELATED STORIES

Share it